LatestSports

സന്നാഹ മത്സരം; നിറഞ്ഞു കവിഞ്ഞു സ്റ്റേഡിയം

“Manju”

മസ്കത്ത്: കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങള്‍ പരിപൂര്‍ണമായി ഒഴിഞ്ഞ ശേഷമുള്ള ആദ്യത്തെ അന്തര്‍ദേശീയ സൗഹൃദ മത്സരത്തിന് ഒമാനിലെ സ്വദേശികളും വിദേശികളും ഒഴുകിയെത്തി.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായിത്തന്നെ മത്സരത്തെ കണ്ട സ്വദേശികള്‍ ദേശീയപതാകകളും ചെണ്ടമേളങ്ങളും മുഖാവരണവുമൊക്കെയായാണ് സ്റ്റേഡിയത്തിലെത്തിയത്. 27,000 ആളുകള്‍ക്ക് ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയത്തില്‍ 25654 ആളുകള്‍ കളികാണാന്‍ എത്തിയെന്നാണ് കണക്ക്. സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായാണ് അഞ്ചു മുതല്‍ പത്തു ശതമാനംവരെ ഇരിപ്പിടങ്ങള്‍ ഒഴിച്ചിട്ടത്. ആയിരക്കണക്കിനാളുകള്‍ സ്റ്റേഡിയത്തിനു അകത്തു കടക്കാന്‍ സാധിക്കാതെ പുറത്തു നില്‍ക്കേണ്ടിവന്നു.
ഗാലറിക്ക് അഞ്ചും വി.ഐ.പി ടിക്കറ്റിനു 25റിയാലും ആയിരുന്നു നിരക്ക്. സ്വദേശികളില്‍ നല്ലൊരു വിഭാഗം ആളുകള്‍ ജര്‍മന്‍ ആരാധകരാണ്. അതിനുപുറമെ ഒമാനിലെ ജര്‍മന്‍ പ്രവാസികളും മലയാളികള്‍ അടക്കമുള്ള വിദേശ ജര്‍മന്‍ ആരാധകരും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. അര്‍ഹിച്ച സമനിലപോലും നേടാനായില്ലെങ്കിലും ആരാധകര്‍ക്ക് നല്ലൊരു ദേശീയ ദിന സമ്മാനം നല്‍കിയാണ് ഒമാന്‍ കളിക്കാര്‍ സ്റ്റേഡിയം വിട്ടത്‌. മത്സര ശേഷം ജര്‍മന്‍ താരങ്ങള്‍ കൂട്ടത്തോടെ കാണികളെ അഭിവാദ്യം ചെയ്തു. 2009 ല്‍ ബ്രസീല്‍ ടീം സൗഹൃദ മത്സരത്തിന് എത്തിയതിനുശേഷം ഇതാദ്യമായാണ് ഒരു മുന്‍നിര ടീം ഒമാനുമായി മത്സരിക്കാനെത്തുന്നത് . ജര്‍മനിയില്‍നിന്നും വന്‍ മാധ്യമപ്പട തന്നെ ഒമാനിലെത്തിയിരുന്നു.

Related Articles

Back to top button