IndiaKeralaLatest

തനിക്കും നഷ്ടപരിഹാരം വേണം-ഫൗസിയ ഹസന്‍

“Manju”

”രാത്രി എന്നെ ഉറങ്ങാതെ നിര്‍ത്തി. എന്റെ മാറിലും ജനനേന്ദ്രിയത്തിലും പരുക്കേല്‍പ്പിച്ചു. ഷൂസിട്ട് എന്റെ കാലിലും മുഖത്തും ചവിട്ടി. വിരലുകള്‍ക്കിടിയില്‍ പേനകള്‍ വെച്ച്‌ ഞെരിച്ചു. മംഗലാപുരത്ത് പഠിക്കുകയായിരുന്ന മകളെ കസ്റ്റഡിയിലേക്ക് കൊണ്ടുവരുമെന്നും എന്റെ മുന്‍പില്‍ വെച്ച്‌ അവളെ ലൈംഗികമായി പീഡിപ്പിക്കുമെന്നും പറഞ്ഞു. അങ്ങനെ എനിക്ക് വ്യാജമൊഴി നല്‍കേണ്ടി വന്നു. ” വ്യാജ മൊഴി നല്‍കാന്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ വിവാദനായിക ഫൗസിയാ ഹസന്‍.

രമണ്‍ശ്രീവാസ്തവ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഫൗസിയാ ഹസന്‍ ആരോപണം ഉന്നയിച്ചത് ഏഷ്യാനെറ്റിന് നല്‍കിയ ടെലിഫോണ്‍ സംഭാഷണത്തിലാണ്. രണ്ടു പകലും രണ്ടു രാത്രിയും നീണ്ട കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് ശേഷമാണ് താന്‍ അത്തരത്തില്‍ മൊഴി നല്‍കിയതെന്നും ജീവന്‍ ഭയന്ന് പോലീസ് പറഞ്ഞത് അതേപടി ക്യാമറയ്ക്ക് മുന്‍പില്‍ പറയുകയായിരുന്നു എന്നും പറഞ്ഞു.
അന്ന് രമണ്‍ ശ്രീവാസ്തവ കാണാന്‍ വന്നിരുന്നു. അദ്ദേഹം പറയുന്നത് പോലെ പറയാന്‍ പറഞ്ഞു. നമ്ബി നാരായണനും ശശി കുമാറുമായി ബന്ധമുണ്ടെന്ന് പറയാന്‍ അവര്‍ ആവശ്യപ്പെട്ടു. താന്‍ ഡോളര്‍ നല്‍കിയപ്പോള്‍ ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥര്‍ രഹസ്യങ്ങള്‍ കൈമാറിയെന്ന് പറയാന്‍ ആവശ്യപ്പെട്ടു. ക്രൂരമായി അടിച്ചു.രാത്രി ഉറങ്ങാന്‍ അനുവദിച്ചില്ല. മാറിലും ജനനേന്ദ്രിയത്തിലും പരുക്കേല്‍പ്പിച്ചു. ഷൂസിട്ട് എന്റെ കാലിലും മുഖത്തും ചവിട്ടി. വിരലുകള്‍ക്കിടിയില്‍ പേനകള്‍ വെച്ച്‌ ഞെരിച്ചു. മകളെ കണ്‍മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്നും പറഞ്ഞതായി അവര്‍ പറഞ്ഞു.

തന്റെ കുറ്റസമ്മതമൊഴി വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ആ സമയത്ത് തനിക്ക് നമ്ബി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നു. ക്യാമറയ്ക്ക് പിന്നില്‍ നിന്ന് പേര് എഴുതിക്കാണിച്ചാണ് നമ്ബി നാരായണന്‍ എന്ന് പറയിച്ചത്. അത് നോക്കിയാണ് താന്‍ ആ പേര് വായിച്ചത്. അപ്പോഴൊക്കെ അത് നിരീക്ഷിച്ചുകൊണ്ട് രമണ്‍ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു. നമ്ബി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയില്‍ വെച്ചാണെന്നും ഫൗസിയ വെളിപ്പെടുത്തി. കേസ് വീണ്ടും അന്വേഷിക്കാന്‍ സിബിഐ വരുമ്ബോള്‍ തനിക്കും നഷ്ടപരിഹാരം കിട്ടണമെന്ന ആവശ്യവും ഫൗസിയ ഉന്നയിച്ചു.

നഷ്ടപരിഹാരം നല്‍കിയാല്‍ സ്വീകരിക്കുമെന്നും ചികിത്സകള്‍ക്കായി ഒരുപാട് പണം ചെലവാകുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ജയിന്‍ സമിതി റിപ്പോര്‍ട്ട് സി.ബി.ഐക്ക് കൈമാറുമെന്ന സുപ്രീം കോടതി നിര്‍ദേശം കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. റിപ്പോര്‍ട്ടില്‍ ഉചിതമായ നടപടി വേണ്ടിവരുമെന്നാണ് ജസ്റ്റിസ് എ. എം. ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചുകൊണ്ട് അറിയിച്ചത്.

Related Articles

Back to top button