InternationalLatest

വാറം പേഴ്സി എന്ന ഗ്രാമത്തെക്കുറിച്ചറിയാം.

“Manju”

ഇംഗ്ലണ്ടിലെ യോർക്ക്ഷെയറിനടുത്ത് വാറം പേഴ്സി എന്ന ഗ്രാമം. വർഷങ്ങളായി ആരും താമസമില്ല അവിടെ. ചിരപുരാതന കാലത്തിന്റെ ശേഷിപ്പുകളായി ഏതാനും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമുണ്ട്. മധ്യകാല(മെഡീവൽ)ഘട്ടത്തിൽ പക്ഷേ കൃഷിയും മറ്റുമായി ഏറെ സജീവമായ പ്രദേശമായിരുന്നു.

പിന്നെ കൃഷി മാറി, കൃഷിരീതികൾ മാറി, ഭൂഉടമകളും കാലവും മാറി വാറം പേഴ്സി ഉപേക്ഷിക്കപ്പെട്ട നിലയിലായി. പുരാവസ്തു വകുപ്പിന്റെ കീഴിൽ പക്ഷേ ഇപ്പോഴും സംരക്ഷിക്കപ്പെട്ടിട്ടുണ്ട് ഈ പ്രദേശം. ടൂറിസ്റ്റ് കേന്ദ്രം എന്നതിനൊപ്പം തന്നെ പുരാവസ്തുഗവേഷണങ്ങളും കൊണ്ടുപിടിച്ചു നടക്കുന്നു.

ബ്രിട്ടിഷ് സാംസ്കാരിക വകുപ്പിനു കീഴിൽ ചരിത്രസ്മാരകങ്ങളുടെ ഉൾപ്പെടെ മേൽനോട്ട ചുമതലയുള്ള ഹിസ്റ്റോറിക് ഇംഗ്ലണ്ട് വിഭാഗവും സതാംപ്ടൺ സർവകലാശാലയും സംയുക്തമായി ഇവിടെ പര്യവേക്ഷണം നടത്തുന്നുണ്ട്. അങ്ങനെയിരിക്കെ ഒരു നാൾ പ്രദേശത്തെ ഒരു കുഴിമാടം പരിശോധിച്ച അവർ ഞെട്ടിപ്പോയി. അവിടെ നിന്നു ലഭിച്ച 137 എല്ലിൻകഷ്ണങ്ങളിലും മാരകമായ മുറിവുകൾ.

അതും ആയുധങ്ങളാൽ സംഭവിച്ച മുറിവുകൾ. ഏകദേശം 10 പേരുടെയെങ്കിലും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളായിരുന്നു അവ. അവർ ജീവിച്ചിരുന്നതാകട്ടെ 11 –14–ാം നൂറ്റാണ്ടിനിടയിലും. ശരീരം കത്തിയും കോടാലിയുമെല്ലാം കൊണ്ട് കീറിമുറിച്ച് പല കഷ്ണങ്ങളാക്കിയതാണെന്ന ഉറപ്പും ആ എല്ലുകളുടെ വിദഗ്ധ പരിശോധനയിൽ നിന്നു ലഭിച്ചു.

നരഭോജികളായ ജനങ്ങളായിരുന്നു അവിടെ താമസിച്ചിരുന്നതെന്നായിരുന്നു ആദ്യനിഗമനം. അതുമല്ലെങ്കിൽ പുറത്തുനിന്ന് ഗ്രാമത്തിലേക്ക് അതിക്രമിച്ചു കയറിയവർക്കു നൽകിയ ശിക്ഷ. അല്ലാതെ പിന്നെന്തിനാണ് മനുഷ്യശരീരം ഇങ്ങനെ കീറിമുറിക്കുന്നത്? പക്ഷേ തുടർ പരിശോധനയിൽ വ്യക്തമായി. നരഭോജികളെയല്ല, അവിടത്തെ ജനങ്ങൾ പേടിച്ചിരുന്നത് ദുരാത്മാക്കളെയായിരുന്നു.

അതും മരിച്ചതിനു ശേഷം ഉയിർത്തെഴുന്നേറ്റു വരുന്ന തരം പ്രേതങ്ങള്‍. അത്തരം വിശ്വാസങ്ങളെ
മുറുകെപ്പിടിച്ചായിരുന്നിരിക്കണം വാറം പേഴ്സി നിവാസികളുടെ ജീവിതം. മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റു വരുന്നവരെപ്പറ്റിയുള്ള കഥകളും പണ്ടുതൊട്ടേ കേട്ടുതുടങ്ങിയതാണല്ലോ! അത്തരമൊരു വിശ്വാസമായിരുന്നിരിക്കണം പ്രദേശവാസികളെയും നയിച്ചിരുന്നത്. ഈ പ്രേതസിദ്ധാന്തത്തിന് കരുത്തുപകരാൻ ആവശ്യത്തിന് തെളിവുകളും ഒരുക്കിയിരുന്നു പുരാവസ്തു ഗവേഷകർ.

1) ജീവിച്ചിരുന്ന കാലത്ത് ആഭിചാരവും മറ്റ് കൂടോത്രങ്ങളും നടത്തിയിരുന്നവരും അതിക്രൂരന്മാരുമെല്ലാം മരിച്ചതിനു ശേഷവും ദുരാത്മാക്കളായി വരുമെന്നായിരുന്നു വിശ്വാസം. ജീവിച്ചു കൊതി തീരാതെ ദുരൂഹമായി മരിക്കുന്നവരും അത്തരത്തിൽ പുറത്തുവരാറുണ്ട്.

പക്ഷേ മൃതശരീരം വെട്ടി തുണ്ടംതുണ്ടമാക്കി കത്തിച്ചാൽ പിന്നെ കുഴിമാടം വിട്ട് പുറത്തുവരാനാകില്ലെന്ന വിശ്വാസവും പണ്ടുമുതൽക്കേയുള്ളതാണ്. സമാനമായ അവസ്ഥയാണ് വാറം പേഴ്സിയിലും ഉണ്ടായിരിക്കുന്നത്. മരിക്കുന്നതിനു മുൻപല്ല, ശേഷമാണ് ഇത്തരത്തിൽ കീറിമുറിക്കുന്നത്. എല്ലുകളും ഒടിച്ചുകളയും!

2) കുഴിമാടത്തിൽ നിന്നുള്ള മൃതാവശിഷ്ടങ്ങളിലെ പല്ലുകളും ഗവേഷകർ പരിശോധിച്ചു. കുഴിമാടത്തിന്റെ പരിസരത്തു തന്നെ കൂട്ടമായി താമസിച്ചിരുന്നവരുടേതായിരുന്നു അതെന്നും കണ്ടെത്തി. അതോടെ പുറത്തുനിന്ന് അതിക്രമിച്ചു കടന്നവർക്കുള്ള ശിക്ഷ എന്ന ‘സിദ്ധാന്തവും’ തെറ്റി

3) മനുഷ്യശരീരത്തിലെ പ്രധാന പേശികളെയാണ് നരഭോജികൾ ലക്ഷ്യം വയ്ക്കുക. അവിടെ നിന്നുള്ള ഇറച്ചിക്കു വേണ്ടി അത്തരം പേശികളോടു ചേർന്നുള്ള എല്ലുകളിൽ വെട്ടുകയാണു പതിവ്. പക്ഷേ വാറം പേഴ്സിയിൽ നിന്നുള്ള എല്ലുകളിൽ പ്രധാന പേശികളോട് ചേർന്നുള്ളവയിൽ കാര്യമായ വെട്ടുകളൊന്നുമുണ്ടായിരുന്നില്ല.

4) പ്രദേശത്തെ മൃഗങ്ങളുടെ അസ്ഥികളും പരിശോധിച്ചു. അവയെ തീയിൽ ചുട്ടു തിന്നാറുണ്ടെന്നും കണ്ടെത്തി. പക്ഷേ അവയുടെ എല്ലുകൾ വെട്ടിമുറിക്കുന്നതു പോലെയായിരുന്നില്ല മനുഷ്യശരീരത്തിലെ എല്ലുകൾ മുറിച്ചത്. ഭക്ഷണത്തിനു വേണ്ടി അവർക്ക് തനതായ കശാപ്പുരീതിയുണ്ടെന്ന് അതോടെ വ്യക്തമായി.

കടപ്പാട്: ഓൺലൈൻ

Related Articles

Back to top button