IndiaLatest

വിവേകിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ സിനിമാ ലോകം

“Manju”

ചെന്നൈ: തമിഴ് അഭിനേതാവ് വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ദുഃഖമറിയിച്ച്‌ സിനിമ ലോകം. തമിഴ്-മലയാളം സിനിമ മേഖലയിലെ വിവിധ താരങ്ങളാണ് വിവേകിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. വിവേക് തങ്കപ്പെട്ട ഒരു മനുഷ്യനാണെന്നും അദ്ദേഹം രക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും തമിഴ് താരം വിജയ് സേതുപതി പറഞ്ഞു. തമിഴ് താരങ്ങളായ സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ നേരിട്ടെത്തി വിവേകിന് യാത്രാമൊഴിയേകി.

വിവേകിന്റെ മരണത്തില്‍ താന്‍ തകര്‍ന്നു പോയി എന്നാണ് നടി സുഹാസിനി പറഞ്ഞത്. തനിക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനേയും അടുത്ത സുഹൃത്തിനേയുമാണെന്ന് സുഹാസിനി പറഞ്ഞു. ഹൃദയം നുറുങ്ങുന്ന വേദനയാല്‍ കൈകള്‍ വിറയ്ക്കുകയും കണ്ണ് നിറയുകയും ചെയ്യുന്നുവെന്ന് നടി രംഭ കുറിച്ചു. വിവേകിനെ ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം ഒരു ഇതിഹാസമാണെന്നും രംഭ കൂട്ടിച്ചേര്‍ത്തു.

വിവേകിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് മലയാള സിനിമ ലോകത്തു നിന്നുള്ളവരും എത്തി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൈകുന്നേരം അഞ്ച് മണിക്ക് മരണാനന്തര ചടങ്ങുകള്‍ നടക്കും. തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ വിവേക് 2009 ല്‍ പത്മശ്രീയും നേടി.

ഇതിഹാസ ചലച്ചിത്ര നിര്‍മ്മാതാവ് ബാലചന്ദര്‍ 1980 കളുടെ അവസാനത്തിലാണ് വിവേക് എന്ന നടനെ സിനിമ ലോകത്തിന് സമ്മാനിച്ചത്. 1990 കളില്‍ തമിഴ് സിനിമയിലെ ഏറ്റവും കൂടുതല്‍ തിരക്കുള്ള ഹാസ്യനടന്മാരില്‍ ഒരാളായി അദ്ദേഹം മാറി. സാമൂഹിക ഉത്തരവാദിത്തമുള്ള ഹാസ്യനടന്‍ എന്ന നിലയില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.

Related Articles

Back to top button