IndiaInternationalKeralaLatest

വിപ്ലവം സൃഷ്ടിച്ച മഹാറാണി മദ്യത്തിന് പിന്നിലെ ബുദ്ധികേന്ദ്രം മലയാളി യുവതി

“Manju”

നാവിലേക്ക് അരിച്ചിറങ്ങുമ്പോൾ മുതൽ വായിൽ നിറയുന്ന സുഗന്ധദ്രവ്യങ്ങളുടെ രുചി കൂട്ടിന് പേര് ‘മഹാറാണി’. മലയാളി തയാറാക്കിയ മദ്യത്തിനു പിന്നിലെ രഹസ്യക്കൂട്ട്. ഇൗ പുതുരുചി സൃഷ്ടിച്ച യുവതിയാരാണ് എന്നതായിരുന്നു കുറച്ചു ദിവസങ്ങളായി രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളികൾ തേടിക്കൊണ്ടിരുന്നത്. മലയാള രുചിയോടെ ‘മഹാറാണി’യെന്ന അയർലണ്ടിൽ പുറത്തിറങ്ങിയ മദ്യത്തിന്റെ ഉൽപാദത്തിന്റെ ബുദ്ധികേന്ദ്രമായ യുവതി. കിളികൊല്ലൂർ സമത്വമഠത്തിൽ രാജീവിന്റെയും വിമലയുടെയും മകൾ ഭാഗ്യലക്ഷ്മി. ഇപ്പോൾ അയർലണ്ടിൽ ഭർത്താവ് റോബർട്ട് ബാരെറ്റിനൊപ്പം പുതിയ പരീക്ഷണങ്ങൾ തുടരുന്നു.

ഡിസ്‌റ്റിലറി മേഖലയിലാണ് റോബർട്ട് പഠിച്ചതും ജോലി ചെയ്തതും. മറ്റു കമ്പനികൾക്കു വേണ്ടി ജോലി ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു സ്വന്തം ഡിസ്‌റ്റിലറി. 2017ൽ ഇരുവരും കൊല്ലത്തെത്തി വിവാഹിതരായി. നാലു കോടിയോളം രൂപ ചെലവഴിച്ചാണു ഡിസ്‌റ്റിലറി തുടങ്ങിയത്. 50 വർഷത്തിനിടെ പുതിയ ഡിസ്‌റ്റിലറികളൊന്നും തുറക്കാതിരുന്ന അയർലൻഡിലെ കോർക്ക് നഗരത്തിൽ ‘റിബൽ സിറ്റി ഡിസ്‌റ്റിലറി’ എന്ന പേരിൽ ആരംഭിച്ച സംരംഭത്തെ സർക്കാരും പിന്തുണച്ചു. കഴിഞ്ഞ ജൂൺ മുതൽ ഉൽപാദനവും തുടങ്ങി.

ഒട്ടേറെ ഡിസ്‌റ്റിലറികളുള്ള രാജ്യത്ത് പുറത്തിറക്കുന്ന ഉൽപന്നം വ്യത്യസ്തമാകണമെന്ന നിർബന്ധത്തെ തുടർന്നാണു കേരളത്തനിമയുള്ള രുചി തേടിയതെന്നു ഭാഗ്യ പറയുന്നു. ഇതിനായി ഒട്ടേറെ അന്വേഷണങ്ങൾ നടത്തി. ഒടുവിൽ വയനാട് ‘വനമൂലിക’ എന്ന വനിതാ സ്വയം സഹായ സംഘത്തെ ബന്ധപ്പെട്ടു. ജൈവ കർഷകരിൽ നിന്നു നേരിട്ടു സംഭരിക്കുന്ന ജാതിപത്രി, കമ്പളിനാരകത്തിന്റെ തൊലി, കറുവാപ്പട്ട, ഏലയ്ക്ക എന്നിവ ഇറക്കുമതി ചെയ്താണു ജിൻ ഉൽപാദനം തുടങ്ങിയത്. ആദ്യം ഇംഗ്ലിഷ് പേരു തന്നെ മദ്യത്തിനു നൽകാനാണു തീരുമാനിച്ചതെങ്കിലും കേരളത്തിലെ സ്ത്രീകൾ സംഭരിക്കുന്ന സുഗന്ധദ്രവ്യങ്ങൾ ചേർത്തുണ്ടാക്കുന്ന ഉൽപന്നമെന്ന നിലയ്ക്കാണ് ‘മഹാറാണി’ എന്ന പേരിട്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഐറിഷ് വിപ്ലവങ്ങളുടെയും സമരങ്ങളുടെയും ഭൂമിയായ കോർക്കിൽ ആരംഭിച്ച ഡിസ്‌റ്റിലറിക്ക് നൽകിയ പേരിലും വിപ്ലവം ചേരുവയായി. അങ്ങനെ കുപ്പിയുടെ താഴ്‌ഭാഗത്ത് ‘വിപ്ലവ സ്പിരിറ്റ്’ എന്ന പേര് മലയാളത്തിൽ തന്നെ രേഖപ്പെടുത്തി. കുപ്പിയുടെ കഴുത്തിൽ നോക്കിയാൽ ‘മോക്ഷം’, പിന്നിൽ ‘സർഗാത്മഗത’ എന്നും കാണാം. പ്രതിമാസം 50000 ബോട്ടിൽ വരെ ഉൽപാദിപ്പിക്കാൻ പ്ലാന്റിനു ശേഷിയുണ്ട്. 49 യൂറോയാണ് ഒരു കുപ്പിയുടെ വില. ഏതാണ്ട് നാലായിരത്തിലേറെ ഇന്ത്യൻ രൂപ.
മദ്യപാനം ആരോഗ്യത്തിനു ഹാനികരം

Related Articles

Back to top button