IndiaLatest

മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ച്‌ രേവന്ത് റെഡ്ഡി

“Manju”

ഹൈദരാബാദ്: തെലങ്കാനയില്‍ രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ 11 മന്ത്രിമാരുടെയും വകുപ്പുകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നഗരവികസനം, ക്രമസമാധാനം, തുടങ്ങി അനുവദിക്കാൻ ബാക്കിയുള്ള വകുപ്പുകളുടെ അധികചുമതലയുമുണ്ട്. ഉപമുഖ്യമന്ത്രി മല്ലു ബട്ടി വിക്രമാര്‍ക്ക ധനകാര്യവുംഊര്‍ജ വകുപ്പും കൈകാര്യം ചെയ്യും. ജലസേചനം, ഭക്ഷ്യഭക്ഷ്യവിതരണ വകുപ്പുകളുടെ ചുമതല എൻ. ഉത്തംകുമാര്‍ റെഡ്ഡിക്കാണ്. ആരോഗ്യ, കുടുംബസംരക്ഷണ വകുപ്പുകളും ശാസ്ത്രസാങ്കേതികവിദ്യവകുപ്പും സി. ദാമോദര്‍ രാജനരസിംഹ മേല്‍നോട്ടം വഹിക്കും. പൊതുമരമാത്ത് വകുപ്പ് കോമട്ടി റെഡ്ഡി വെങ്കട്ട് റെഡ്ഡിക്കാണ് നല്‍കിയത്.

ദുഡ്ഡില്ല ശ്രീധര്‍ ബാബു ഐ.ടി.. ഇലക്‌ട്രോണിക്സ് വകുപ്പുകളുടെ ചുമതല വഹിക്കും. പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡിക്കാണ് റെവന്യു, പബ്ലിക് റിലേഷൻസ് വകുപ്പുകളുടെ ചുമതല. പൊന്നം പ്രഭാകറാകും ഗതാഗതവകുപ്പിന്റെ ചുമതല. വനംവകുപ്പ് കോണ്ട സുരേഖയ്ക്കാണ്. ജുപ്പള്ളി കൃഷ്ണറാവുവാണ് എക്സൈസ്, ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ മേല്‍നോട്ടം.

തെലങ്കാന സംസ്ഥാന രൂപവത്കരിച്ച ശേഷം കോണ്‍ഗ്രസിന്റെ ആദ്യ മുഖ്യമന്ത്രിയായാണ് രേവന്ത് റെഡ്ഡി ചുമതലയേല്‍ക്കുന്നത്. ഹൈദരാബാദിലെ എല്‍.ബി. സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രി മല്ലു ബട്ടി വിക്രമാര്‍ക്കയും 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. വികാരാബാദ് എം.എല്‍.എ ഗദ്ദം പ്രസാദ് കുമാറിനെ സംസ്ഥാനത്തെ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുത്തിരുന്നു.

ഇതിനിടെ രേവന്ത് റെഡ്ഡിയടക്കമുള്ള തെലങ്കാനയിലെ എംഎല്‍എമാര്‍ ഇന്ന് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. എഐഎംഐഎം നേതാവ് അക്ബറുദ്ദീൻ ഒവൈസിയായിരുന്നു പ്രോടേം സ്പീക്കര്‍. അക്ബറുദ്ദീൻ ഒവൈസിയെ പ്രോംടേം സ്പീക്കറാക്കിയതില്‍ പ്രതിഷേധിച്ച്‌ ബിജെപി സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു.

 

Related Articles

Back to top button