IndiaLatest

ലാപ്‌ടോപ് ഇറക്കുമതിക്ക് ലൈസന്‍സ്; തീരുമാനം നടപ്പാക്കുന്നത് 3 മാസത്തേക്ക് നീട്ടി

“Manju”

ന്യൂഡല്‍ഹി: ലാപ്‌ടോപ്പ്ടാബ്ലെറ്റ് ഇറക്കുമതിക്കും നിരോധനത്തില്‍ ഇലക്‌ട്രോണിക് കമ്പനികള്‍ക്ക് വലിയ ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍. ഇറക്കുമതിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനുള്ള തീരുമാനം നടപ്പാക്കുന്നത് നീട്ടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് മാസത്തേക്കാണ് തീരുമാനം നീട്ടിയത്. ഒക്ടോബര്‍ 31 നുള്ളില്‍ കമ്പനികള്‍ ഇറക്കുമതി ലൈസന്‍സ് സ്വന്തമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഒക്ടോബര്‍ 31 വരെ കമ്പനികള്‍ക്ക് ലാപ്പ്‌ടോപ്പും ടാബ്ലെറ്റുമെല്ലാം ഇറക്കുമതി ചെയ്യാം. എന്നാല്‍ അതിന് ശേഷം സര്‍ക്കാര്‍ പെര്‍മിറ്റ് ആവശ്യമാണ്. നവംബര്‍ ഒന്ന് മുതലാണ് ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രം ഇറക്കുമതിക്കുള്ള അനുമതിയുണ്ടാവുക. ലാപ്‌ടോപ്പുകളുടെയും, ടാബ്ലെറ്റുകളുടെയും ഇറക്കുമതിയുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി സാവകാശം നല്‍കുമെന്ന് കേന്ദ്ര ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പുതിയ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടാന്‍ കമ്പനികള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനായിട്ടാണ് തീരുമാനം പുനപ്പരിശോധിച്ചത്. വ്യാപാരവുമായി ബന്ധപ്പെട്ട വിവിധ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്ന പദ്ധതി അവതരിപ്പിച്ചത്. വ്യാഴാഴ്ച്ചയാണ് ഇറക്കുമതി ചെയ്യുന്ന ലാപ്പ്‌ടോപ്പുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും, പേഴ്‌സണല്‍ കംമ്പ്യൂട്ടറുകള്‍ക്കും ലൈസന്‍സ് വേണമെന്ന നിബന്ധന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

അതേസമയം സര്‍ക്കാരിന്റെ പെട്ടെന്നുള്ള നിരോധനം പലരെയും അമ്പരപ്പിച്ചിരുന്നു. ലൈസന്‍സ് എടുക്കുന്നവര്‍ക്ക് മാത്രമേ ഇറക്കുമതിക്ക് അനുമതിയുള്ളൂ എന്നും പിന്നാലെ സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ വിവിധ കോണുകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് തല്‍ക്കാലത്തേക്ക് ഇത് നടപ്പാക്കുന്നത് വൈകിപ്പിച്ചത്. സുരക്ഷാ കാരണങ്ങളാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആഭ്യന്തര നിര്‍മാണങ്ങള്‍ വര്‍ധിപ്പിക്കേണ്ടതും, അവയെ പ്രോത്സാഹിപ്പിക്കേണ്ടതും ആവശ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ചൈന, കൊറിയ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെ ഇത് നിയന്ത്രിക്കും. ഈ ഉല്‍പ്പന്നങ്ങള്‍ എവിടേക്ക് പോകുന്നതെന്ന കൃത്യമായി അറിയാന്‍ ലൈസന്‍സ് വരുന്നതിലൂടെ സാധിക്കും. ദീപാവലി മുന്നില്‍ കണ്ട് ലാപ്‌ടോപ് കമ്പനികള്‍ വലിയ ഓഫറുകള്‍ അടക്കം നല്‍കുന്ന തിരക്കിലായിരുന്നു. ഈ സീസണില് ലാപ്‌ടോപ്പുകളും, ടാബ്ലെറ്റുകളുമെല്ലാം വേഗത്തില്‍ വിറ്റുപോകാറുണ്ടായിരുന്നു.

അതേസമയം വേഗത്തില്‍ ലൈസന്‍സ് എങ്ങനെയാണ് നേടുകയെന്ന് കമ്പനികള്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത് ദീപാവലി സീസണില്‍ നിരോധനം ഒഴിവാക്കാന്‍ കൂടിയായിരുന്നു. തീരുമാനം ഇറക്കുമതി ഉല്‍പ്പന്നങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിക്കുന്നതിന് വേണ്ടിയാണ്. വിശ്വാസ യോഗ്യമായ ഹാര്‍ഡ്‌വെയര്‍ ഉറപ്പാക്കുന്നതിനും ഈ നിയമം സഹായിക്കുമെന്നും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 

Related Articles

Back to top button