KeralaLatest

ആൻ ഫ്രാങ്ക്‌- നാസികൾ ചവിട്ടി മെതിച്ച പെൺകിടാവ്

“Manju”

 

ഫ്രാങ്ക് ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ 91 തികയുന്ന മുത്തശ്ശി ആയേനെ .പക്ഷെ ജൂതയായി ജനിച്ചുപോയി എന്ന കുറ്റത്തിന്, 16 ആം വയസ്സിൽ ഹിറ്റ്ലറുടെ കോൺ സെന്ട്രേഷൻ ക്യാംപിൽ നരകിച്ച് മരിക്കാനായിരുന്നു ആ പാവം പെൺകുട്ടിയുടെ വിധി. വിടരും മുൻപേ കൊഴിഞ്ഞു എങ്കിലും, അല്ലെങ്കിൽ ഹിറ്റ്ലർ തല്ലിക്കൊഴിച്ചു എങ്കിലും സ്വന്തം ഡയറിക്കുറിപ്പുകളിലൂടെ ആൻ ഇന്നും ജീവിക്കുന്നു . ഒരു പക്ഷെ ലോകമെമ്പാടും ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരി ആയിരിക്കും, കൗമാരം മാറും മുൻപേ കാലയവനികക്കുള്ളിൽ മറഞ്ഞ ആൻ ഫ്രാങ്ക് .ജൂൺ 12 ആനിന്റെ ജന്മവാർഷിക ദിനമാണ്. 1942നും 1944നും ഇടയില്‍ നാസികളില്‍ നിന്നും രക്ഷതേടി ആംസ്റ്റര്‍ഡാമില്‍ തന്റെ പിതാവിന്റെ വ്യവസായ രഹസ്യ കേന്ദ്രത്തില്‍
ഒളിവിലിരുന്നുകൊണ്ട് ആന്‍ഫ്രാങ്ക് എഴുതിയിട്ടുള്ള ഡയറിക്കുറുപ്പുകള്‍ നാസി അതിക്രമങ്ങളെക്കുറിച്ച് അറിയാന്‍ ഇന്ന് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഒരു രേഖയാണ് കേവലം ഒരു പതിന്നാലു വയസ്സുകാരിയുടെ വാക്കുകളുടെ ആഴവും പരപ്പുമല്ല ആനിന്റെ വാക്കുകൾക്ക്‌ ഉണ്ടായിരുന്നത്‌. ഉന്നതമായ ധിഷണാശക്തിയും ഉദാത്തമായ ജീവിത വീക്ഷണവും പുലർത്തിയിരുന്ന പെൺകുട്ടിയായിരുന്നു ആൻ..

1929 ജൂണ്‍ 12ന് ഫ്രാങ്ക്ഫര്‍ട്ടിലെ ഓണ്‍ മെയ്‌നിലായിരുന്നു ആന്‍ ഫ്രാങ്കിന്റെ ജനനം. അച്ഛൻ ഓട്ടോ ഹെയ്‌ന്റിച്ച്‌ ഫ്രാങ്ക്‌, അമ്മ എഡിത്ത്‌ ഫ്രാങ്ക്‌. ഏക സഹോദരി മാർഗരറ്… 1933-ല്‍ ആന്‍ ഫ്രാങ്കിന്റെ കുടുംബം ഹോളണ്ടിലേക്കു കുടിയേറിപ്പാര്‍ത്തു. ജര്‍മ്മന്‍ പട്ടാളം ഹോളണ്ടിനെ ആക്രമിച്ചപ്പോള്‍ യഹൂദരായിരുന്ന ആന്‍ഫ്രാങ്കും കുടുംബവും ഒരു ഒളിസങ്കേതത്തില്‍ അഭയം തേടി.

നാലാം വയസ്സില്‍ ജന്മനാടായ ജര്‍മ്മനി വിട്ടോടി,പതിമുന്നാം വയസ്സുമുതല്‍ ഒളിവില്‍ പോയി. പതിനാറു തികയും മുമ്പ് ഹിറ്റ്ലറുടെ തടങ്കല്‍പ്പാളയങ്ങളിലൊന്നില്‍ മരണപ്പെട്ട ആന്‍ ഫ്രാങ്കിന്റെ ജീവിതം ദുരിതപൂര്‍ണമായത് ഒരു സ്വേച്ഛാധിപതിയുടെ വര്‍ഗ്ഗീയ ഭ്രാന്തിന്റെ ഫലമായിരുന്നു. അറുപതു ലക്ഷം ജൂതന്മാരെ കൊന്നൊടുക്കിയ വംശഹത്യയില്‍ കലാശിച്ച വര്‍ഗ്ഗീയ ഭ്രാന്ത്.. 1944 ആഗസ്റ്റ് 4-ന് നാസി പോലീസ് ഒളിത്താവളത്തിൽ മിന്നൽ പരിശോധന നടത്തിയതോടെ ആനും കുടുംബവും കോൺസൻട്രേഷൻ ക്യാമ്പിൽ തടവിലായി.

ഒളിവിൽ കഴിയുമ്പോൾ ആൻ എഴുതിയ ഡയറിക്കുറിപ്പുകൾ പിൽക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. ഹിറ്റ്ലറുടെ ഭരണകാലത്ത് ജൂതവംശജർ അനുഭവിക്കേണ്ടിവന്ന കഷ്ടതകളെക്കുറിച്ചുള്ള ചിത്രം തരുന്നവയായിരുന്നു ആ കുറിപ്പുകൾ. 1947-ലാണ് ആൻ ഫ്രാങ്കിന്റെ ഡയറി പ്രസിദ്ധീകരിക്കുന്നത്. 1945 മാർച്ചിൽ, ഹോളണ്ടിന്റെ മോചനത്തിനു കേവലം രണ്ടുമാസം മുൻപ് ബെർഗൻ-ബെൽസൻ എന്ന കുപ്രസിദ്ധ നാസി തടവറയിൽ കിടന്ന് ടൈഫസ് പിടിപെട്ട് മരിച്ചു.

യുദ്ധത്തിനുശേഷം ആംസ്റ്റർ‍ാമിലേക്കു തിരികെ വന്നവരിൽ ഒരാളും, ആൻ ഫ്രാങ്കിന്റെ ബന്ധുവുമായ ഓട്ടോ ഫ്രാങ്കിനാണ് ഈ കുറിപ്പുകൾ കിട്ടിയത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് 1947 ൽ ഇവ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഡച്ചു ഭാഷയിലായിരുന്ന ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് 1952 ൽ ദ ഡയറി ഓഫ് എ യങ് ഗേൾ എന്ന പേരിൽ പുറത്തിറങ്ങി.

പിന്നീട് അറുപതോളം ഭാക്ഷകളിലേക്ക് അത് വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധം രണ്ട് ആത്മകഥകളിലൂടെ ഇന്നും ജീവിക്കുന്നു. ജർമനിയിലെ സ്വേച്ഛാപതിയായിരുന്ന ഹിറ്റ്ലറുടെ മെയ്ൻ കാംഫും (എന്റെ പോരാട്ടം) ആൻ ഫ്രാങ്ക് എന്ന കൗമാരക്കാരിയുടെ ഡയറി ഓഫ് ആൻ ഫ്രാങ്കും. ഹിറ്റ്ലറുടെ ആത്മകഥയിൽ ഇല്ലാത്തെതെല്ലാം ആനിന്റെ ഡയറിയിൽ ഉണ്ടായിരുന്നു.

Related Articles

Back to top button