KeralaLatest

ജലമെട്രോ യാത്രക്കാര്‍ പേടിക്കേണ്ട! ; കൊച്ചി കായലിലുണ്ട് ‘ഗരുഡ”

“Manju”

കൊച്ചി ജലമെട്രോയിലെ യാത്രക്കാര്‍ പേടിക്കേണ്ട, അത്യാഹിതമുണ്ടായാല്‍ രക്ഷയ്ക്കായി ‘ഗരുഡ” പാഞ്ഞെത്തും. ജലമെട്രോയുടെ രക്ഷാ ബോട്ടാണ് 20 നോട്ടിക്കല്‍ മൈല്‍ വേഗതയുള്ള ഗരുഡ. അപകടവിവരം ലഭിച്ചാല്‍ ഒരുമിനിട്ട് മതി ഗരുഡയ്ക്ക് സ്ഥലത്തെത്താന്‍. 20 പേരെ വഹിക്കാന്‍ ശേഷിയുള്ള ഗരുഡ ഒരു മിനി ആംബുലന്‍സ് കൂടിയാണ്. അതിവേഗം ആളുകളെ തീരത്ത് എത്തിക്കാനാകുമെന്നതാണ് ഗരുഡയുടെ സവിശേഷതകളില്‍ ഒന്ന്. എറണാകുളം ബോട്ട് ജെട്ടിയിലാണിപ്പോള്‍ ഗരുഡയുള്ളത്.

ചില്ലറക്കാരനല്ല ഗരുഡ. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ഈ പായുംപുലിയുടെ വില അഞ്ച് കോടിയാണ്. നാല് രക്ഷാ ബോട്ടുകളാണ് ജലമെട്രോയ്ക്കായി വാങ്ങുന്നത്. മൂന്നെണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. വൈകാതെ ഇവയും കൊച്ചിയിലെത്തും. പോണ്ടിച്ചേരി സ്റ്റാര്‍ മറൈന്‍ കമ്പനിയാണ് ഗരുഡ നിര്‍മ്മിച്ചത്.
“ജലമെട്രോയുടേതു മാത്രമല്ല, കൊച്ചി കായലില്‍ സര്‍വീസ് നടത്തുന്ന ഉല്ലാസബോട്ടുകളിലെയും യാത്രക്കാരെ രക്ഷിക്കാന്‍ ഗരുഡ സജ്ജമാണ്”.
താനൂര്‍ ബോട്ട് ദുരന്തം ജലഗതാഗതം ആശ്രയിക്കുന്നവരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെങ്കിലും ജലമെട്രോ നൂറ് ശതമാനം സുരക്ഷിതമെന്ന് കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.

യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ ഉള്‍പ്പടെയുള്ള എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും വാട്ടര്‍ മെട്രോ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി പ്രത്യേക ജാക്കറ്റുമുണ്ട്. ആളുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയുമുണ്ടാകില്ല. ബോട്ടിന് ഏതെങ്കിലും വിധത്തിലുള്ള സാങ്കേതിക തകരാറുണ്ടായാല്‍ അത് പരിഹരിക്കുന്നതിനായി കൊച്ചിന്‍ ഷിപ് യാര്‍ഡിലെ എന്‍ജീയര്‍മാരുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button