കോവിഡ് വ്യാപനം ഇനിയും കൂടുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇനിയും കൂടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഉണ്ടാകുന്ന വര്‍ധന കാണിക്കുന്നത് രോഗം ഉച്ചസ്ഥായിയില്‍ എത്താന്‍ ഇനിയും സമയമെടുക്കുമെന്നാണ്. ഇതു മുന്നില്‍കണ്ട് ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. എങ്കിലും ഈ രീതിയില്‍ രോഗവ്യാപനം വളരുകയാണെങ്കില്‍ അതൊന്നും മതിയാകാത്ത ഒരു സാഹചര്യം സംജാതമായേക്കാമെന്നു മുഖ്യമന്ത്രി മുന്നറിയിപ്പു നല്കി.
രാജ്യത്തെമ്പാടുമെന്നതു പോലെ കേരളത്തിലും രണ്ടാമത്തെ തരംഗത്തില്‍ ഗ്രാമീണ മേഖലകളില്‍ മുന്‍പുള്ളതിനേക്കാള്‍ കേസുകള്‍ കൂടുന്ന പ്രവണത കാണുന്നുണ്ട്. അതുകൊണ്ട് വിട്ടുവീഴ്ചയില്ലാതെ ഗ്രാമപ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ നടപ്പിലാക്കണം. 56 ശതമാനം ആളുകളിലേക്കു രോഗം പകര്‍ന്നത് വീടുകളില്വച്ചാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് നടത്തിയ പഠനം കണ്ടെത്തിയത്.
തുമ്മല്‍, ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ വീട്ടിലാണെങ്കിലും മാസ്ക് ധരിക്കണം. വീട്ടിലെ മറ്റംഗങ്ങളും മാസ്ക് ധരിക്കണം. ഉടനടി ടെസ്റ്റിനു വിധേയമാവുകയും കോവിഡ് രോഗബാധയുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
കോവിഡ് വന്നേക്കാമെന്നു ഭയപ്പെട്ട് വീട്ടിലെ ജനലുകള്‍ പലരും അടച്ചിടാറുണ്ട്. അതു തെറ്റായ രീതിയാണ്. ജനലുകള്‍ എല്ലാം തുറന്ന് വീടിനകത്ത് കഴിയാവുന്നത്ര വായുസഞ്ചാരം ഉറപ്പു വരുത്താനാണ് ശ്രമിക്കേണ്ടത്. വായുസഞ്ചാരമുണ്ടാകുന്പോള് രോഗം പകരാനുള്ള സാധ്യത കുറയുകയാണ് ചെയ്യുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.