IndiaInternationalLatest

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്

“Manju”

സിന്ധുമോള്‍ ആര്‍
കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് എത്തുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 90,633 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ രോഗബാധിതര്‍ 41.13 ലക്ഷമായി. ബ്രസീലില്‍ 41.23 ലക്ഷം പേരാണ് രോഗബാധിതര്‍. 64.31 ലക്ഷം രോഗികളുളള അമേരിക്കയാണ് ഒന്നാമത്. 1.92 ലക്ഷം പേരാണ് അമേരിക്കയില്‍ മരിച്ചത്. ബ്രസീലില്‍ 1.26 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. ഇതുവരെ 31.80 ലക്ഷം പേര്‍ രോഗമുക്തി നേടി. ഇന്നലെ 1,065 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 70,626 ആയി ഉയര്‍ന്നു. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 8.62 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. പ്രതിദിന രോഗബാധയിലും മരണനിരക്കിലും ലോകത്ത് ഇന്ത്യയാണ് ശനിയാഴ്ചയും മുന്നില്‍.
ഇന്നലെ മാത്രം 70,000ത്തിലേറെ പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെയുളളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗമുക്തി നിരക്കാണിത്. കൊവിഡ് രോഗികള്‍ കൂടുതലുളള സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുതല്‍. 10.92 ലക്ഷം പരിശോധനകളാണ് ഇന്നലെ മാത്രം രാജ്യത്ത് നടത്തിയത്. ഇതുവരെ 4.88 കോടി സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍ ഇതുവരെയുളളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് രോഗികളുടെ എണ്ണത്തില്‍ ഇന്നലെ ഉണ്ടായത്. 20,489 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 378 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ആകെ രോഗബാധിതര്‍ 8.83 ലക്ഷമായി. ഇതുവരെ 26,276 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. നിലവില്‍ 2.20 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. തമിഴ്‌നാട്ടില്‍ ഇന്നലെ 5,870 പേര്‍ക്കും കര്‍ണാടകയില്‍ 9,746 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ലോകത്ത് ഇതുവരെ 2.70 കോടി ജനങ്ങള്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 1.91 കോടി പേര്‍ രോഗമുക്തി നേടി. 8.83 ലക്ഷം ആളുകള്‍ മരിച്ചു. നിലവില്‍ 70.15 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ വിവിധ രാജ്യങ്ങളിലായി 2.69 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,822 പേര്‍ മരിച്ചു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ റഷ്യ (10.20 ലക്ഷം), പെറു (6.83 ലക്ഷം), കൊളംബിയ (6.58 ലക്ഷം), സൗത്ത് ആഫ്രിക്ക (6.36 ലക്ഷം) എന്നി രാജ്യങ്ങളിലാണ് രോഗബാധിതര്‍ കൂടുതല്‍.

Related Articles

Back to top button