KeralaLatest

ശക്തമായ മഴയ്ക്ക് സാധ്യത

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. മെയ് 16 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് .

ലക്ഷദ്വീപില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായിരിക്കും നാളെ വൈകുന്നേരത്തോടെ ന്യൂനമര്‍ദം രൂപംകൊള്ളുക. ഈ ന്യൂനമര്‍ദം ഞായറാഴ്ച രാവിലെയോടെ ചുഴലിയായി പരിണമിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ കേരള തീരത്ത് ചുഴലി തൊടില്ല എന്നാണ് നിഗമനം.
കേരള തീരത്ത് മല്‍സ്യ ബന്ധനം പൂര്‍ണ്ണമായി നിരോധിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് ലഭിക്കുന്നത് വരെ ആരും കടലില്‍ പോകരുത്. നിലവില്‍ ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന മല്‍സ്യ തൊഴിലാളികള്‍ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന നിര്‍ദേശം നല്‍കി.

ന്യൂനമര്‍ദം രൂപപ്പെടുന്ന ഘട്ടത്തില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. അപകടകരമായ അവസ്ഥയില്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ ആവശ്യമായ ഘട്ടത്തില്‍ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റും. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടും ചെറിയ വെള്ളപ്പൊക്കവും രൂപപ്പെടാന്‍ സാധ്യതയുണ്ട്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണോ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ മൂലമോ അപകടങ്ങള്‍ ഉണ്ടാവാനും സാധ്യത ഉള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം.

Related Articles

Back to top button