KeralaLatestThiruvananthapuram

ധാര്‍മികതയുണ്ടെങ്കില്‍ കെ ടി ജലീൽ രാജിവയ്ക്കണം:രമേശ്‌ ചെന്നിത്തല

“Manju”

തിരുവനന്തപുരം• മന്ത്രി കെ.ടി ജലീൽ തലയിൽ മുണ്ടിട്ടാണ് ഇഡി ഓഫിസിൽ എത്തിയതെന്ന് പ്രതിപക്ഷ നേതാക്കൾ. കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാര്‍മികതയുണ്ടെങ്കില്‍ രാജിവയ്ക്കണം. തുടർച്ചയായി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

ധാര്‍മികത അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ മന്ത്രി കെ.ടി. ജലീലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരോപണങ്ങളുടെ സഹയാത്രികനാണ് മന്ത്രി കെ.ടി.ജലീല്‍. ഇവിടെ നടക്കുന്ന എല്ലാ അഴിമതിയുടേയും കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയാണ്. കെ.ടി. ജലീല്‍ ചെറിയ മത്സ്യം മാത്രമാണെന്നും മുഖ്യമന്ത്രിയാണ് വലിയ സ്രാവെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വർണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റ് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തിട്ടും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാത്തത് സംശയാസ്പദമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ലൈഫ് പദ്ധതിയിലും മറ്റ് സാമ്പത്തികക്രമക്കേടുകളിലും ജലീൽ മുഖ്യമന്ത്രിയെ സഹായിച്ചിട്ടുണ്ടോയെന്ന സംശയം ന്യായമാണെന്ന് അദ്ദേഹം പറഞ്ഞു. ജലീൽ എന്തുകൊണ്ടാണ് രഹസ്യമായി ചോദ്യം ചെയ്യലിന് വിധേയനായതെന്നും വസ്തുതാപരമായ മറുപടി നൽകാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. ഇങ്ങനെ പ്രതിക്കൂട്ടിലായിട്ടും മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നത് സർക്കാരിലെ മറ്റുപലർക്കും ജലീലുമായി ബന്ധമുള്ളത് കൊണ്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. ജലീൽ രാജിവെക്കും വരെ സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം നടത്തുമെന്നും അറിയിച്ചു.

രാജ്യദ്രോഹ കുറ്റം ചുമത്താവുന്ന സ്വർണക്കടത്തു കേസിൽ കേന്ദ്ര അന്വേഷണ ഏജൻസി ചോദ്യം ചെയ്തിട്ടും മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിക്കുന്ന നിലപാട് എടുക്കുന്നത് സ്തുതിപാഠനത്തിൽ മയങ്ങിപ്പോയതു കൊണ്ടാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജൻസി ചോദ്യം ചെയ്തപ്പോൾ അയാളെ സസ്പെൻഡ് ചെയ്തുവെന്ന വാദമായിരുന്നു സിപിഎം ഉന്നയിച്ചിരുന്നത്. അതേ തെറ്റു ചെയ്ത് കേന്ദ്ര അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിന് വിധേയമായിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടിന് ഒരു ന്യായീകരണവും ഇല്ല.

മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ഔദ്യോഗിക വാഹനമൊഴിവാക്കി മുഖം മറച്ചാണ് മോഷണ കേസിൽ പിടിക്കപ്പെട്ട പ്രതിയെ പോലെ മന്ത്രി അന്വേഷണ ഏജൻസിയുടെ മുന്നിൽ ഹാജരായത്. ഇതു മലയാളികൾക്ക് അപമാനമാണ്. മയക്കുമരുന്ന് കേസിലും സ്വർണക്കടത്ത് കേസിലും ആരോപണ വിധേയനായ മകന്റെ കാര്യമോർത്താണ് സിപിഎം സംസ്ഥാന സെക്രട്ടറി മൗനം പാലിക്കുന്നത്. എന്നാൽ സിപിഐ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും ഫിറോസ് പറഞ്ഞു.

എന്നാല്‍ കേസിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ആരേയും വിളിച്ചുവരുത്താം എന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ മനോരമന്യൂസിനോട് പറഞ്ഞത്. ചോദ്യം ചെയ്തു എന്നുപറഞ്ഞാല്‍ കുറ്റം ആരോപിക്കപ്പെട്ടുവെന്നല്ല. സര്‍ക്കാരിന് അപഖ്യാതിയുണ്ടായിട്ടില്ലെന്ന് എ.വിജയരാഘവന്‍ അവകാശപ്പെട്ടു.

Related Articles

Back to top button