Uncategorized

റാം ചന്ദ്ര പൗഡൽ നേപ്പാൾ പ്രസിഡന്റ്

“Manju”

കാഠ്മണ്ഡു: നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി റാം ചന്ദ്ര പൗഡലിനെ തിരഞ്ഞെടുത്തു. പൗഡലിന് 33,802ഉം എതിരാളി സുഭാഷ്ചന്ദ്ര നെംബ്‌വാംഗിന് 15,518 ഇലക്ട്രൽ വോട്ടുകളാണ് ലഭിച്ചതെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. നിലവിലെ പ്രസിഡന്റായ ബിദ്യാ ദേവി ഭണ്ഡാരി സ്ഥാനമൊഴിയുന്നതോടെ പൗഡൽ 12ന് ചുമതലയേൽക്കും.

നേപ്പാളി കോൺഗ്രസിലെ മുതിർന്ന നേതാവായ 78കാരനായ പൗഡൽ പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി മെമ്പർ, വൈസ് പ്രസിഡന്റ്, ആക്ടിംഗ് പ്രസിഡന്റ് തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.പാർലമെന്റിലെ പ്രതിനിധി സഭാ സ്പീക്കർ, ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി പദവികളും വഹിച്ചിട്ടുണ്ട്.നേപ്പാളി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം സാഹിത്യ രംഗത്തും സജീവമാണ്. നിരവധി സാഹിത്യ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഏതാനും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആകെ 881 ഫെഡറൽ പാർലമെന്റ്, പ്രവിശ്യാ അസംബ്ലി അംഗങ്ങളിൽ 831 പേർ ( 313 പാർലമെന്റ് അംഗങ്ങൾ, 518 പ്രവിശ്യാ അസംബ്ലി അംഗങ്ങൾ ) ഇന്നലെ പാർലമെന്റിൽ നടന്ന വോട്ടിംഗിൽ പങ്കെടുത്തതായി ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. ഇതിൽ 214 പാർലമെന്റ് അംഗങ്ങളും 352 പ്രവിശ്യാ അസംബ്ലി അംഗങ്ങളും പൗഡലിന് പിന്തുണ നൽകി.

പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡയുടെ സി.പി.എൻ – മാവോയിസ്റ്റ് സെന്ററടക്കം എട്ട് പാർട്ടികളാണ് പൗഡലിനെ പിന്തുണച്ചത്. മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സി.പി.എൻ – യു.എം.എൽ പാർട്ടിയുടെ നോമിനിയായിരുന്നു സുഭാഷ്ചന്ദ്ര നെംബ്‌വാംഗ്. പാർലമെന്റിൽ 14 സീറ്റുകളുള്ള ആർ.പി.പി ( രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി )​ വോട്ടിംഗിൽ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായ റാം ചന്ദ്ര പൗഡലിന് പ്രചണ്ഡ പിന്തുണ പ്രഖ്യാപിച്ചതോടെ ശർമ്മ ഒലിയുടെ സി.പി.എൻ – യു.എം.എൽ പാർട്ടി കഴിഞ്ഞ മാസം അവസാനം സഖ്യ സർക്കാരിന് നൽകിയ പിന്തുണ പിൻവലിച്ചിരുന്നു.

Related Articles

Back to top button