IndiaKeralaLatest

വളത്തിന്റെ സബ്‌സീഡി 140 ശതമാനമാക്കി കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമം എടുത്തുമാറ്റണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ കര്‍ഷക സമരം തുടരുമ്പോള്‍ കര്‍ഷകര്‍ക്ക് തുണയുമായി കേന്ദ്രം. വളത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സബ്‌സീഡി 140 ശതമാനം കൂട്ടി. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ വളത്തിന് വില കൂടിയിട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്ക് നേരത്തേ വാങ്ങിയ അതേ വിലയ്ക്ക് തന്നെ തുടര്‍ന്നും വളം കിട്ടും. ചരിത്രപരമായ തീരുമാനമെന്നാണ് കേന്ദ്രത്തിന്റെ തന്നെ വിലയിരുത്തല്‍.
കര്‍ഷകര്‍ക്ക് സബ്‌സീഡി നല്‍കുന്നതിനായി സര്‍ക്കാര്‍ 14,775 കോടി രൂപ കൂടുതലായി നല്‍കും. ഇതോടെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുവദിച്ച മൊത്തം തുക 95,000 കോടിയായിട്ടാകും ഉയരുക. കര്‍ഷകര്‍ക്കായി കോടികള്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ തീരുമാനത്തോടെ കര്‍ഷകര്‍ക്ക് ഓരോ വളംചാക്കിലും 1200 രൂപ വീതം സബ്‌സീഡി കിട്ടും. നേരത്തേ സബ്‌സീഡി തുക 500 ആയിരുന്നു. ഡി അമോണിയം ഫോസ്‌ഫേറ്റ് നിലവില്‍ ആഗോളമായി ലഭിക്കുന്നത് 2400 രൂപയ്ക്കാണ്. സബ്‌സീഡി കേന്ദ്രം നല്‍കുന്നതോടെ നേരത്തേ വാങ്ങിയ 1200 രൂപയ്ക്ക് തന്നെ കര്‍ഷകര്‍ക്ക് ഒരുചാക്ക് വളം വാങ്ങാനാകും.
ചരിത്രപരമായ തീരുമാനം എന്നാണ് കേന്ദ്രം നടപടിയെ വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിഎപി കിട്ടിയത് ബാഗിന് 1700 രൂപയ്ക്കായിരുന്നു. അന്നും കേന്ദ്രം 500 രൂപ സബ്‌സീഡി നല്‍കിയതിനാല്‍ അപ്പോഴും കര്‍ഷകര്‍ക്ക് വളം 1200 രൂപയ്ക്ക് തന്നെ കിട്ടി. അടുത്തിടെ അമോണിയയ്ക്കും ഫോസ്‌ഫെറിക് ആസിഡിനും അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതോടെ ഡി അമോണിയം ഫോസ്‌ഫേറ്റ് വില 60 – 70 ശതമാനമാണ് കൂടിയത്. ഇതോടെ വളത്തിനും അന്താരാഷ്ട്ര വേദിയില്‍ വില വലിയ രീതിയില്‍ കൂടുകയും ചാക്കിന് 2,400 ആകുകയും ചെയ്തു. 500 രൂപ കേന്ദ്രം സബ്‌സീഡി നല്‍കിയിട്ടും 1900 രൂപയ്ക്കാണ് കച്ചവടക്കാര്‍ വില്‍പ്പന നടത്തിയത്. ഇതോടെയാണ് 1200 രൂപ സബ്‌സീഡി നല്‍കാന്‍ കേന്ദ്രം തീരുമാനം എടുത്തത്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വളത്തിന് വില ഉയരുമ്പോള്‍ സബ്‌സീഡി നല്‍കാന്‍ തീരുമാനം എടുത്തത്. ഫോസ്ഫറിക് ആസിഡ്, അമോണിയ തുടങ്ങി വളം നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ വില അന്താരാഷ്ട്ര വേദിയില്‍ ഉയരുന്നത് കൊണ്ടാണ് വളത്തിന് വില കൂടുന്നതെന്ന് യോഗം വിലയിരുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില എത്ര ഉയര്‍ന്നാലും കര്‍ഷകര്‍ക്ക് പഴയ വിലയില്‍ തന്നെ വളം കിട്ടുമെന്ന് പ്രധാനമന്ത്രി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
പിഎം കിസാന്‍ പദ്ധതിക്ക് കീഴില്‍ അക്ഷയ ത്രിതീയയില്‍ 20,667 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ എടുത്ത തീരുമാനത്തിന് പിന്നാലെ വരുന്ന മറ്റൊരു പ്രധാന തീരുമാനമാണ് ഇത്. കര്‍ഷകസമരത്തോട് കേന്ദ്രം സ്വീകരിച്ചിരിക്കുന്ന സമീപനത്തെ കോണ്‍ഗ്രസ്‌നേതാവ് രാഹുല്‍ഗാന്ധി വിമര്‍ശിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഏഴു മാസമായി ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് രാഹുല്‍ ബുധനാഴ്ച രാവിലെ ട്വീറ്റ് ചെയ്തിരുന്നു.

Related Articles

Back to top button