KeralaLatest

ക്ഷീരകര്‍ഷകര്‍ക്ക്‌ ആശ്വാസം; അധിക പാല്‍ സര്‍ക്കാരെടുക്കും

“Manju”

കല്‍പ്പറ്റ: മില്‍മ സംഭരിക്കാത്തതിനാല്‍ സംഘങ്ങളില്‍ അധികം വരുന്ന പാല്‍ ഏറ്റെടുത്ത് പഞ്ചായത്തുകള്‍ മുഖേന വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ്. പാല്‍ സംഭരിച്ച്‌ ദുരിതാശ്വാസ ക്യാമ്പുകളിലും അതിഥി തൊഴിലാളികള്‍ക്കും വിതരണം ചെയ്യാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനാവശ്യമായ പണം വിനിയോഗിക്കും.

ആദിവാസി കോളനികള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളിലും പാല്‍ വിതരണം ചെയ്യാനും പദ്ധതിയുണ്ട്. കലക്ടര്‍മാര്‍ ചെയര്‍ന്മാരായ ദുരന്തനിവാരണ സമിതികള്‍ക്കാണ് പാല്‍ വില്‍പ്പനയുടെ ചുമതല. ക്ഷീര കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് സര്‍ക്കാര്‍ തീരുമാനം. ലോക് ഡൗണില്‍ പാല്‍ വില്‍പ്പന ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഉച്ചക്ക് ശേഷമുള്ള പാല്‍ ഏറ്റെടുക്കില്ലെന്ന് മില്‍മ തീരുമാനിച്ചത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായി. ഇതോടെ 80 ശതമാനം പാല്‍ സംഭരിക്കാന്‍ മില്‍മ നടപടിയെടുത്തിരുന്നു.

പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിതോടെയാണ് പാല്‍ സംഭരിച്ച്‌ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉടന്‍ ഉത്തരവിട്ടത്. ലോക് ഡൗണ്‍ സാഹചര്യത്തില്‍ വില്‍പ്പന കുറഞ്ഞതോടെ 4.5 ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം മില്‍മക്ക് ബാക്കി വന്നത്. കഴിഞ്ഞ വര്‍ഷം ലോക് ഡൗണ്‍ കാലത്തും ഇതേ പ്രതിസന്ധിയുണ്ടായിരുന്നു. അയല്‍ സംസ്ഥാനങ്ങളിലേക്കയച്ച്‌ പാല്‍പ്പൊടിയാക്കിയാണ് അന്ന് മില്‍മ കര്‍ഷകരെ സഹായിച്ചത്.

Related Articles

Back to top button