IndiaKeralaLatest

ലക്ഷദ്വീപിൽ പട്ടേലിന്റെ പരിഷ്ക്കാരങ്ങൾ പ്രതിഷേധത്തിൽ

“Manju”

കവരത്തി: ലക്ഷദ്വീപിലും പുറത്തും വന്‍ പ്രതിഷേധം നടക്കുന്നതിനിടയില്‍ അഡ്മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചതിന് ലക്ഷദ്വീപ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ബിത്ര, അഗത്തി ദ്വീപുകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് ഹായ് എന്ന സന്ദേശം മാത്രമാണ് ഇവര്‍ അയച്ചത്. അഗതി ദ്വീപില്‍ നിന്ന് മൂന്ന് കുട്ടികളെയും ബിത്ര ദീപില്‍ നിന്നും ഇലക്‌ട്രിസിറ്റി ജീവനക്കാരനായ ഒരു മുതിര്‍ന്നയാളെയുമാണ് കവരത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ്. അധികാരമേറ്റ് അഞ്ചുമാസം പിന്നിടുമ്ബോള്‍ അഡ്‍മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ ദ്വീപ് ജനതയുടെ സ്വസ്ഥതയും സമാധാനവും തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നാണ് ആരോപണം.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ദിനേശ്വര്‍ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെ കഴിഞ്ഞ ഡിസംബറിലാണ് ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രി പ്രഫുല്‍പട്ടേല്‍ നിയമിക്കപ്പെട്ടത്. പ്രഫുല്‍ പട്ടേല്‍ സംഘപരിവാര്‍ അജണ്ഡകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് ആരോപണം. ലക്ഷദ്വീപിലെ വിഷയങ്ങളില്‍ കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ അനേകരാണ് പ്രതികരിച്ചത്.
രാഷ്‌ട്രീയലക്ഷ്യങ്ങള്‍ക്കായി ലക്ഷ്വദ്വീപ്‌ ജനതയുടെ താത്‌പര്യങ്ങളെ ബലികഴിക്കുന്ന അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍.കെ.പട്ടേലിനെ അടിയന്തിരമായി തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട്‌ എം.പിമാരായ എ.എം. ആരിഫും കെ.പി.സി.സി. വര്‍ക്കിങ്‌ പ്രസിഡന്റ്‌ കൂടിയായ കൊടിക്കുന്നില്‍ സുരേഷും രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്‌ കത്തയച്ചു. ഈ മാസം 30 ന് ലക്ഷദ്വീപില്‍ എത്തുന്ന പ്രഫുല്‍പട്ടേലിനെതിരേ വന്‍ പ്രതിഷേധം നടക്കുമെന്ന് സൂചനയുണ്ട്. ഫേസ്ബുക്കിലുടെ പ്രചരണം നടത്തിയ മാധ്യമത്തെ കേന്ദ്ര ഉത്തരവിനെ തുടര്‍ന്ന് നേരത്തേ ബ്‌ളോക്ക് ചെയ്തിരുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ലക്ഷദ്വീപില്‍ നടക്കുന്നത്. പ്രത്യേക നിയമ നിര്‍മ്മാണത്തിന് ശ്രമം നടത്തുന്നതായിട്ടാണ് ആരോപണം. അധികാരത്തില്‍ എത്തും മുമ്ബ് സീറോ കോവിഡ് ആയിരുന്നു. പബ്‌ളിക് ക്വാറന്റീന്‍ സംവിധാനം ഇദ്ദേഹം എടുത്തുമാറ്റിയതോടെ ഇവിടെ കോവിഡ് കേസുകള്‍ കൂടിയിട്ടുണ്ടെന്നും ക്രൈം റെക്കോഡ്സില്‍ കുറവ് കേസുകള്‍ ഉണ്ടായിരുന്ന ലക്ഷദ്വീപില്‍ ആരോടും ആലോചിക്കാതെ ഗുണ്ടാആക്‌ട് നടപ്പിലാക്കിയെന്നും ഡയറിഫാം പൂട്ടിച്ചെന്നും പുതിയ മദ്യനയം നടപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ വകുപ്പുകളിന്‍മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം നടത്തിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ബീഫ് നിരോധനം, അംഗന്‍വാടി കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്നും മാംസാഹാരം ഒഴിവാക്കിയത്. ഇതിന് പുറമേ ഗോവധ നിരോധനം നടപ്പാക്കാനുള്ള നീക്കം എന്നിവയും പ്രതിഷേധത്തിന് കാരണമായി. നേരത്തേ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്തിരുന്ന പദവി പ്രഫുല്‍ പട്ടേല്‍ ഏറ്റെടുത്തതോടെ ദ്വീപ് ജീവിതത്തിന്റെ താളം തെറ്റിയെന്നാണ് ആക്ഷേപം.
എന്‍ആര്‍സി, സിഎഎ നിയമങ്ങള്‍ക്കെതിരേ ബോര്‍ഡ് ഉയര്‍ത്തിയവരെ അറസ്റ്റ് ചെയ്തതോടെയാണ് ലക്ഷദ്വീപില്‍ പ്രതിഷേധം തുടങ്ങിയത്. ലക്ഷദ്വീപ് ഡവലപ്മെന്റ് റഗുലേഷന്‍ നിയമത്തിന്റെ പേരില്‍ വീടുകള്‍ പൊളിച്ചു കളഞ്ഞതും പ്രതിഷേധമായി മാറി. ടൂറിസം മേഖലയില്‍ 196 ജീവനക്കാരെയും സ്പോര്‍ട്സ് മേഖലയില്‍ 193 പേരെയും പിരിച്ചുവിട്ടു. പ്രധാന പദവികള്‍ വഹിക്കുന്ന ലക്ഷദ്വീപ് ഉദ്യോഗസ്ഥരെ തരം താഴ്ത്തി, താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി അനേകം ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

Related Articles

Back to top button