IndiaLatest

ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ കറന്‍സിയായി രൂപ കുതിക്കുന്നു

“Manju”

ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ കറന്‍സിയായി രൂപ കുതിക്കുന്നു. ശക്തമായ തിരിച്ചുവരവാണ് ഇന്ത്യന്‍ രൂപയ്ക്ക് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായതാണ് രൂപയെ സ്വാധീനിച്ചത് എന്ന് ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് മാസത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 1.5ശതമാനമാണ് ഉയര്‍ന്നത്.

മഹാമാരിയെ രാജ്യം കീഴടക്കുന്നതിന്റെ ലക്ഷണങ്ങളാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്. പ്രാദേശികമായി ലോക്ഡൗണുകള്‍ പ്രഖ്യാപിച്ച്‌ കോവിഡിനെതിരെ ഫലപ്രദമായി പോരാടിയെന്നാണ് വിലയിരുത്തല്‍. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞതോടെ ഏപ്രിലില്‍ രൂപയുടെ മൂല്യം ഒന്‍പതുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചിരുന്നു.

കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം ബാധിതരുടെ എണ്ണം 2.22 ലക്ഷമായി കുറയുകയും ചെയ്തിരുന്നു. അതേസമയം, സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറുന്ന സമയത്ത് രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വര്‍ധന കയറ്റുമതിയെ ബാധിക്കുമെന്നതിനാല്‍ റിസര്‍വ് ബാങ്ക് ജാഗ്രതപുലര്‍ത്തിയേക്കാം. അതുകൊണ്ടുതന്നെ രൂപയുടെമേല്‍ ആര്‍ബിഐയുടെ നിയന്ത്രണമുണ്ടാകാനും സാധ്യതയുണ്ട്.

ആര്‍ബിഐയുടെ ഇടപെടല്‍ ഇല്ലെങ്കില്‍ അടുത്ത പാദത്തില്‍ ഡോളറിനെതിരെയുള്ള മൂല്യം 73ല്‍നിന്ന് 72.50 രൂപയാകുമെന്നാണ് ബാര്‍ക്ലെയ്‌സിന്റെ വിലയിരുത്തല്‍. വരാനിരിക്കുന്ന ഐപിഒകളും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സ്റ്റാര്‍ട്ടപ്പായ സൊമാറ്റോയുടെ 1.1 ബില്യണ്‍ ഡോളര്‍ ഓഹരി വില്പനയുംമറ്റുംവരാനിരിക്കുന്നതേയുള്ളൂ.

Related Articles

Back to top button