IndiaKeralaLatest

വികെ ശ്രീകണ്ഠന്‍ എംപി പാലക്കാട് ഡിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും രാജിവെച്ചു

“Manju”

പാലക്കാട്: പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ പാലക്കാട് ജില്ല കോണ്‍ഗ്രസ് കമ്മറ്റി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. രാജിക്കത്ത് സോണിയ ഗാന്ധിക്കും കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കൈമാറി. തെരഞ്ഞെടുപ്പ് സമയത്ത് വിമത ശബ്ദമുയര്‍ത്തിയ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥ് പുതിയ ഡിസിസി പ്രസിഡണ്ടാകുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് കാലത്ത് സീറ്റ് നിഷേധിക്കപ്പെട്ട എവി ഗോപിനാഥ് തന്നെ ഡിസിസി പ്രസിഡണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമവായ ചര്‍ച്ചകള്‍ക്കെത്തിയ ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കളുമായും അന്ന് തന്നെ എവി ഗോപിനാഥ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എവി ഗോപിനാഥിന് സ്ഥാനം നല്‍കുന്നതിന് വേണ്ടിയാണ് വികെ ശ്രീകണ്ഠന്‍ സ്ഥാനമൊഴിഞ്ഞിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സംസ്ഥാനത്താകെ കെപിസിസിയിലും ഡി.സി.സിയിലും പ്രാദേശിക ഘടകങ്ങളിലും അഴിച്ചുപണിക്ക് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ കൂടി ഭാഗമായിട്ടാണ് ഇപ്പോള്‍ വികെ ശ്രീകണ്ഠന്‍ സ്ഥാനമൊഴിഞ്ഞിരിക്കുന്നത്. രാജി സാങ്കേതികത്വം മാത്രമാണെന്നും പാലക്കാട്ടെ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ തന്നെയുണ്ടാകുമെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു.
എംപി എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്നും അതിനാലാണ് രാജിയെന്നുമാണ് വികെ ശ്രീകണ്ഠന്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം.

Related Articles

Back to top button