IndiaKeralaLatest

സ്മാര്‍ട്ട് കിച്ചണ്‍: മാര്‍ഗരേഖ സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു

“Manju”

തിരുവനന്തപുരം: സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയും ശിപാര്‍ശയും സമര്‍പ്പിക്കാന്‍ മന്ത്രിസഭാ നിര്‍ദേശ പ്രകാരം വനിത- ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചു. ധന അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ അഡീഷണല്‍ ചീഫ് സെക്രട്ടറി, വനിതശിശുക്ഷേമ സെക്രട്ടറി എന്നിവരാണ് സമിതിയില്‍.

ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കേണ്ട സഹായം, ഗാര്‍ഹിക ജോലിയുടെ ഭാരവും കാഠിന്യവും ലഘൂകരിക്കാന്‍ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി നടപ്പാക്കല്‍ എന്നിവ സംബന്ധിച്ച മാര്‍ഗരേഖയും ശിപാര്‍ശകളും സമര്‍പ്പിക്കാനാണ് മൂന്നംഗ സമിതി രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
റിപ്പോര്‍ട്ട് ജൂലൈ 10നകം സമര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കി. ഗാര്‍ഹിക അധ്വാനത്തിലേര്‍പ്പെടുന്നത് ഭൂരിപക്ഷവും സ്ത്രീകളാണ്. വീട്ടിലെ ജോലിക്കൊപ്പം പുറമേയുള്ള മറ്റു ജോലികളിലും ഇവര്‍ ഏര്‍പ്പെടുന്നുണ്ട്.
സ്ത്രീകളുടെ വീട്ടിലെ അധ്വാനം നമ്മുടെ സമ്ബദ്ഘടനയുടെ ആകെ മൂല്യം കണക്കാക്കുന്ന മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ ഉള്‍പ്പെടുന്നുമില്ല. ഗാര്‍ഹിക അധ്വാനത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുക, അവരുടെ വീട്ടുജോലിഭാരം ലഘൂകരിക്കുക എന്നിവയാണ് സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ഗാര്‍ഹിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതുള്‍പ്പെടെ ഈ പദ്ധതിയുടെ ഭാഗമായിരിക്കും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button