Kerala

വലിയ സ്വപ്നങ്ങൾ നടപ്പാക്കാനുണ്ട് ; വികസനങ്ങളെ കൂടുതൽ ഉയരങ്ങളിലെത്തിക്കും:  പിണറായി

“Manju”

തിരുവനന്തപുരം : ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചു മുന്നോട്ടു പോകാൻ സാധിച്ച 5 വർഷങ്ങളാണ് കടന്നു പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . പരസ്യ വാചകം പുറത്ത് വിട്ടതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ അവകാശവാദം .

പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചു എന്നത് വലിയ ചാരിതാർത്ഥ്യമാണ് നൽകുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ അതിജീവനും ക്ഷേമവും ഉറപ്പു വരുത്തിക്കൊണ്ട് സർക്കാർ ഒപ്പമുണ്ടാകുമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ ഭരണകാലമായിരുന്നു ഇത്.

നമ്മൾ ഒരുമിച്ച് തുടങ്ങിയ വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടേയും മുന്നേറ്റങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തേണ്ടതുണ്ട്. അതിനായി, ജനങ്ങൾക്കൊപ്പം ജനങ്ങൾക്കു വേണ്ടി സ്വയം അർപ്പിക്കുമെന്ന ഉറപ്പാണ് ഈ ഘട്ടത്തിൽ നൽകാനുള്ളത്. ചെയ്യുമെന്നുറപ്പുള്ള കാര്യങ്ങൾ പറയാനും, പറഞ്ഞാൽ അതു ചെയ്യുവാനുമുള്ള ദൃഢനിശ്ചയത്തോടു കൂടി ഇടതുപക്ഷം ഇനിയും മുന്നോട്ടു പോകും.

തോളോട് തോൾ ചേർന്ന് നമ്മുടെ നാടിനായി നമുക്ക് പ്രവർത്തിക്കാം. വലിയ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാനുണ്ട്. അതിനായി പ്രയത്നിക്കാം. പാലിക്കുന്ന വാക്ക് – അതാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകുന്ന ഉറപ്പ് – ഇത്തരത്തിലാണ് പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉറപ്പാണ് എൽഡിഎഫ് എന്ന പരസ്യവാചകമാണ് പുറത്തിറക്കിയിരിക്കുന്നത് . ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടെയായിരിക്കും പരസ്യ ബോർഡ്.

Related Articles

Back to top button