KeralaLatest

മഴക്കാലപൂര്‍വ്വ ശുചീകരണം ജനകീയ പരിപാടിയായി നടപ്പിലാക്കണം

“Manju”

കോഴിക്കോട്: മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ നിര്‍ദേശിച്ച രീതിയില്‍ ജനകീയ ശുചീകരണ പരിപാടിയായി നടത്തണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. കോവിഡ് പ്രതിരോധ – മഴക്കാല രോഗപ്രതിരോധ – മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത തദ്ദേശ സ്വയം ഭരണ സ്ഥപന അധ്യക്ഷരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഓരോ വാര്‍ഡിലും അഞ്ച് പേര്‍ വീതമുള്ള സംഘങ്ങള്‍ വ്യത്യസ്ത പോയിന്റുകളില്‍ കോവിഡ് മാനദണ്ഡം പാലിച്ച്‌ ശുചീകരണ പ്രവൃത്തി ഏറ്റെടുക്കണം. കോവിഡ് സാഹചര്യത്തിലും പകര്‍ച്ചവ്യാധി പ്രതിരോധം ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. എല്ലാ വകുപ്പുകളെയും ഏകോപിച്ച്‌ പകര്‍ച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് തദ്ദേശ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. വാര്‍ഡിനെ 30-50 വീടുകള്‍ വീതം വരുന്ന ക്ലസ്റ്ററുകളായി തിരിച്ച്‌ ഓരോ ക്ലസ്റ്ററിലെയും മുഴുവന്‍ വീടുകളും അതിനുള്ളില്‍ വരുന്ന സ്ഥാപനങ്ങളും മാലിന്യമുക്തമാക്കാനും കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കിയെന്ന് ഉറപ്പാക്കാനും ക്ലസ്റ്ററുകള്‍ ശ്രദ്ധിക്കണം.

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ റെസിഡന്റ്‌സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ ഏകോപിപ്പിച്ചായിരിക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. വീടും പരിസരവും വൃത്തിയാക്കുകയും വെള്ളം കെട്ടിക്കിടന്ന് കൊതുക്‌ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുകയും ചെയ്യും. ഈച്ച, എലി എന്നിവ പെരുകാനുള്ള സാഹചര്യവും ഒഴിവാക്കണം. ശുചീകരിച്ച ശേഷം അവിടെ വീണ്ടും മാലിന്യം തള്ളുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി ചെടികള്‍ വച്ചുപിടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സൗന്ദര്യവത്കരണ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ശുചീകരിച്ച ശേഷം ഹരിത കര്‍മസേനയുടെ സഹായത്തോടെ ശരിയായ രീതിയില്‍ മാലിന്യം തരം തിരിച്ച്‌ സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളും തദ്ദേശ സ്ഥാപനതലത്തില്‍ ഒരുക്കണം.

കാലവര്‍ഷക്കെടുതികള്‍ക്ക് ഇരയാവുന്നവരെ മാറ്റിത്താമസിപ്പിക്കുമ്പോള്‍ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും പ്രത്യേക പുനരധിവാസ സംവിധാനങ്ങള്‍ തദ്ദേശ സ്ഥാപന തലത്തില്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു പറഞ്ഞു. കാലവര്‍ഷത്തിനു മുന്നോടിയായി പുഴകളിലും തോടുകളിലും ജലത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും മറ്റും നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തര നടപടി സ്വീകരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി സംസ്‌ഥാന തലത്തില്‍ ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തുന്ന മഴക്കാല പൂര്‍വ ജനകീയ ശുചീകരണത്തിന്റെ ഭാഗമായാണ് പരിപാടി നടത്തുന്നത്.

പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ ടി.ജെ.പദ്ധതി വിശദീകരിച്ചു. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button