IndiaInternational

ആർട്ടിക്കിൾ 370 പുനസ്ഥാപിച്ചാൽ മാത്രം ഇന്ത്യയുമായി ചർച്ച : ഇമ്രാൻ ഖാൻ

“Manju”

ഇസ്ലാമാബാദ് : ജമ്മുകശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പുനസ്ഥാപിച്ചാൽ മാത്രമേ ഇന്ത്യയുമായി ചർച്ച നടത്തൂവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . ജനങ്ങളുമായി തത്സമയ ചോദ്യോത്തര വേളയിലാണ് ഇന്ത്യയുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനെ കുറിച്ച് ഇമ്രാൻ ഖാൻ പരാമർശിച്ചത് .

2019 ഓഗസ്റ്റ് 5 ന് മുൻപുള്ള ജമ്മു കശ്മീരിന്റെ സ്ഥിതി പുനസ്ഥാപിച്ചാൽ മാത്രമേ പാകിസ്താൻ ഇന്ത്യയുമായി ചർച്ച നടത്തൂ . കശ്മീരിലെ നില പുനസ്ഥാപിക്കാതെ പാകിസ്താൻ ഇന്ത്യയുമായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കുകയാണെങ്കിൽ ഇത് കശ്മീരികളോട് പുറംതിരിഞ്ഞ് കാട്ടുന്നതിനു സമാനമായിരിക്കും. ഓഗസ്റ്റ് 5 ന് ഇന്ത്യ കൈക്കൊണ്ട നടപടികൾ പിൻവലിച്ചാൽ തീർച്ചയായും ഇന്ത്യയുമായി ചർച്ച നടത്താമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

അതേ സമയം ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും സ്വന്തം പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാജ്യത്തിന് കഴിവുണ്ടെന്നും ഇന്ത്യ തിരിച്ചടിച്ചു . ഭീകരതയും ശത്രുതയും അക്രമവും ഇല്ലാത്ത അന്തരീക്ഷത്തിലുള്ള ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി . ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം പാകിസ്താനാണെന്നും ഇന്ത്യ അറിയിച്ചു.

പാക് തീവ്രവാദ ഗ്രൂപ്പുകൾ 2016 ൽ പഠാൻ‌കോട്ട് വ്യോമസേനാ താവളത്തിന് നേരെ നടത്തിയ ഭീകരാക്രമണത്തെത്തുടർന്നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായത് . 2019 ഫെബ്രുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി 2019 ഫെബ്രുവരി 26 ന് ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ പാകിസ്താനിൽ മിന്നലാക്രമണവും നടത്തി

ജമ്മു കശ്മീരിലെ പ്രത്യേക അധികാരങ്ങൾ പിൻവലിക്കുകയും കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതായി ഇന്ത്യ പ്രഖ്യാപിച്ചതിനെയും പാകിസ്താൻ എതിർത്തിരുന്നു .

Related Articles

Back to top button