InternationalLatest

എലി ശല്യം രൂക്ഷം! ഇന്ത്യയില്‍ നിന്ന് വിഷം വാങ്ങാനൊരുങ്ങി ഓസ്ട്രേലിയ

“Manju”

സിഡ്‌നി: രാജ്യത്ത് എലികളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് എലി വിഷം വാങ്ങാന്‍ ഒരുങ്ങി ഓസ്ട്രേലിയ. എലികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ബ്രോമാഡിയോലോണ്‍ എന്ന വിഷം 5000 ലിറ്റര്‍ ഇന്ത്യയില്‍ നിന്ന് വാങ്ങാനാണ് ഓസ്‌ട്രേലിയയുടെ നീക്കം. ഈ വിഷം ഓസ്ട്രേലിയയില്‍ നിരോധിച്ചതിനാലാണ് ഇന്ത്യയില്‍ നിന്ന് ഇവ വരുത്താന്‍ ഓസ്ട്രേലിയ ശ്രമിക്കുന്നത്. അതേസമയം ബ്രോമാഡിയോലോണ്‍ ഉപയോഗിക്കുന്നതിന് ഓസ്‌ട്രേലിയയുടെ ഫെഡറല്‍ റെഗുലേറ്റര്‍ ഇനിയും അനുമതി നല്‍കിയിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന എലി ശല്യം ഇതിനു മുമ്പ് ഒരിക്കലും ഉണ്ടായിട്ടുള്ളതല്ലെന്ന് ഓസ്‌ട്രേലിയന്‍ അധികൃതര്‍ പറയുന്നു. ഈ മാസം കര്‍ഷകര്‍ സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ന്യൂ സൗത്ത് വെയില്‍സിന്റെ കാര്‍ഷിക മന്ത്രി ആദം മാര്‍ഷല്‍ പറഞ്ഞു. വിളകള്‍ക്കു മാത്രമല്ല, തങ്ങളുടെ വീടുകള്‍ക്കും എലികള്‍ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണെന്ന് ന്യൂ സൗത്ത് വെയില്‍സിലെ ഗ്രാമീണ-നഗര മേഖലകളിലെ കര്‍ഷകര്‍ പറയുന്നു.

നൂറുകണക്കിന് എലികള്‍ വീടുകളുടെയും ഷെഡ്ഡുകളുടെയും മച്ചില്‍ നടക്കുന്നത് എല്ലാ രാത്രികളിലും കേള്‍ക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ചിലര്‍ വിഷം നല്‍കിയും മറ്റു ചിലര്‍ വെള്ളത്തില്‍ മുക്കിക്കൊന്നുമാണ് എലി ശല്യം ഒഴിവാക്കാനുള്ള ശ്രമം നടത്തുന്നത്. എലികളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി സിങ്ക് സള്‍ഫൈഡിന്റെ ഉത്പാദനം ഇരട്ടിയാക്കാന്‍ അധികൃതര്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ കിഴക്കന്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളിലെ ആശുപത്രികളും ഹോട്ടലുകളിലും എലിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വലിയ തോതില്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു.

മേല്‍ക്കൂരയില്‍ നിന്നും മറ്റും എലികള്‍ കൂട്ടമായി താഴേക്ക് വീഴുന്നതിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. 50 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയ്ക്കു പിന്നാലെ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയയില്‍ കനത്ത മഴയും പെയ്തിരുന്നു. ഇതോടെ രാജ്യത്ത് ധാന്യങ്ങള്‍ വലിയ തോതില്‍ കൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്തു. ഇത് എലികള്‍ക്ക് സമൃദ്ധമായി ഭക്ഷണം ലഭിക്കുന്നതിന് കാരണമായി. ഹ്രസ്വമായ പ്രജനന കാലവും ഭക്ഷ്യധാന്യങ്ങള്‍ ധാരാളമായി ലഭിച്ചതുമാകാം കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എലികള്‍ പെറ്റുപെരുകാന്‍ കാരണമായതെന്നാണ് വിദഗ്ധരുടെ അനുമാനം.

Related Articles

Back to top button