ശ്രീജ എസ്
കൊച്ചി : കൊറോണയെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ പ്രധാന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. തിരുവനന്തപുരം, എറണാകുളം ജംങ്ഷന്, കൗണ്ടറുകള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തിക്കുന്നത്. മറ്റിടങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കുന്നതാണ്.
അതേസമയം കൊറോണ വ്യാപനവും ലോക്ക് ഡൌണും തുടര്‍ന്നുള്ള ട്രെയിന്‍ റദ്ദാക്കലുകളും കാരണം യാത്രക്കാരില്‍ നിന്നുള്ള വരുമാനത്തില്‍ 2020 – 2021 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റെയില്‍വേയ്ക്ക് 35,000 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രത്യേക ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. റെയില്‍വേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഈ ട്രെയിനുകളില്‍ നാലിലൊന്ന് മാത്രമേ 100% യാത്രാ നിരക്ക് ഉള്ളൂ. എന്നാല്‍ നിലവിലെ നഷ്ടം ചരക്കു ഗതാഗതത്തില്‍ നിന്നുള്ള വരുമാനം കൊണ്ടു നികത്താന്‍ ശ്രമിക്കുകയാണു റെയില്‍വേ. ചരക്കു നീക്കം കഴിഞ്ഞ വര്‍ഷത്തേതിനു ഏകദേശം തുല്യമായി നടക്കുന്നുണ്ട്.
പാസഞ്ചര്‍ വിഭാഗം നിലവില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. 230 ട്രെയിനുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ഈ ട്രെയിനുകളിലും പൂര്‍ണ്ണമായും യാത്രക്കാര്‍ ഉള്‍ക്കൊള്ളുന്നില്ല. 75% പേര് മാത്രമാണ് യാത്ര ചെയ്യുന്നത്.