IndiaLatest

കൊവിഡ് നിയന്ത്രണങ്ങള്‍: ചൈനയില്‍ ജനം തെരുവില്‍

“Manju”

ബീജിംഗ്: കടുത്ത കൊവിഡ് നയങ്ങള്‍ക്കിരെ ചൈനയില്‍ ജനകീയ പ്രതിഷേധങ്ങള്‍ കടുക്കുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്ന് കാട്ടി തലസ്ഥാനമായ ബീജിംഗ്, ഷാങ്ങ്‌ഹായി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇന്നലെ ആയിരക്കണിന് ആളുകള്‍ പ്രതിഷേധം നടത്തി.

അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത പൊലീസ് വലയത്തിനുള്ളിലാണ് പ്രതിഷേധങ്ങള്‍ നടന്നത്. ചിലരെ പൊലീസ് അടിച്ചെന്നും പെപ്പര്‍ സ്പ്രേ പ്രയോഗിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പ്രതിഷേധക്കാരില്‍ ചിലര്‍ പ്രസിഡന്റ് ഷീ ജിന്‍പിംഗ് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. അടച്ചുപൂട്ടലുകളും നീണ്ട ക്വാറന്റൈനും വ്യാപക പരിശോധനകളും ജനജീവിതത്തെയും സമ്ബദ്‌വ്യവസ്ഥയേയും ബാധിച്ചതോടെയാണ് പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. അതേസമയം കൊവിഡ് കേസുകള്‍ ചൈനയില്‍ ഉയരുകയാണ്.

കഴിഞ്ഞ ദിവസം ഉറുംചി നഗരത്തില്‍ ഒരു ജനവാസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതാണ് എരിതീയില്‍ എണ്ണ പോലെ പ്രതിഷേധങ്ങള്‍ ആളിപ്പടരാന്‍ കാരണം. ലോക്ക്ഡൗണ്‍ രക്ഷാപ്രവര്‍ത്തനത്തെ വൈകിപ്പിച്ചെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. രാജ്യത്തെ യൂണിവേഴ്സിറ്റികളില്‍ വിദ്യാര്‍ത്ഥികള്‍ ശനിയാഴ്ച രാത്രി മുഴുവന്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ഷാങ്ങ്‌ഹായിയില്‍ ആളുകള്‍ ശൂന്യമായ കടലാസ് കഷണങ്ങളും വെള്ളപ്പൂക്കളുമായി നിശബ്ദ ജാഥ നടത്തി. ചൈനയിലെ സെന്‍സര്‍ഷിപ്പിനെതിരെയുള്ള പ്രതീകമായാണ് പ്രതിഷേധക്കാര്‍ ശൂന്യമായ കടലാസുകളേന്തിയത്. പ്രക്ഷോഭങ്ങളുടെ വീഡിയോകളും പോസ്റ്റുകളും ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി സെന്‍സര്‍ ചെയ്യുന്നുണ്ട്.

പ്രതിഷേധത്തിന്റെ കാരണങ്ങള്‍

  • ലോകം കൊവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് ഏറെക്കുറേ പുറത്തുകടന്നിട്ടും ചൈനയില്‍ ഇപ്പോഴും സീറോ കൊവിഡ് നയം തുടരുന്നു
  • അപ്രതീക്ഷിത ലോക്ക്‌ഡൗണുകളും ദൈര്‍ഘ്യമേറിയ ക്വാറന്റൈന്‍ കാലയളവും
  • ലോക്ക്ഡൗണ്‍ / നിയന്ത്രണ പശ്ചാത്തലത്തില്‍ എമര്‍ജന്‍സി സര്‍വീസുകള്‍ സേവനം വൈകിപ്പിച്ചതിലൂടെ മരണങ്ങള്‍ സംഭവിച്ചു
  • കഴിഞ്ഞ വ്യാഴാഴ്ച ഷിന്‍ജിയാംഗിലെ ഉറുംചി നഗരത്തില്‍ ഒരു ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. കെട്ടിടം ഭാഗിക ലോക്ക്ഡൗണിലായിരുന്നതിനാല്‍ താമസക്കാര്‍ക്ക് കൃത്യസമയത്ത് പുറത്തുകടക്കാനായില്ലെന്നാണ് ആരോപണം
  • അടച്ചിടീലുകള്‍ സമ്ബദ്‌വ്യവസ്ഥയെ ബാധിച്ചു. ഫാക്ടറി ഉത്പാദന വളര്‍ച്ച സാവധാനത്തില്‍. ചില്ലറ വില്പനയിലും ഇടിവ്

നാലാം ദിനവും 30,000ത്തിന് മുകളില്‍ : ചൈനയില്‍ കൊവിഡ് കേസുകള്‍ തുടര്‍ച്ചയായ നാലാം ദിനവും 30,000ത്തിന് മുകളില്‍. ശനിയാഴ്ച രാജ്യത്ത് 39,791 കേസുകള്‍ സ്ഥിരീകരിച്ചതായും ഇതില്‍ 36,082 പേര്‍ക്ക് രോഗലക്ഷണങ്ങളില്ലെന്നും നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ ഇന്നലെ അറിയിച്ചു. പുതുതായി ഒരു മരണം സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,233 ആയി.

Related Articles

Back to top button