KeralaLatest

പരിസ്ഥിതി ദിനത്തില്‍ മാതൃകയായി ഗ്രാമപഞ്ചായത്ത് അംഗം

“Manju”

പാലക്കാട്: പരിസ്ഥിതി ദിനത്തില്‍ മാതൃകയായി കേരളശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളുടെ അത്രയും ഫലവൃക്ഷതൈകള്‍ വാര്‍ഡില്‍ വിതരണം ചെയ്താണ് കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ അംഗം പി.രാജീവ് മാതൃകയായത്. വാര്‍ഡിലെ മുന്നൂറിലധികം വീടുകളില്‍ വാര്‍ഡ് വികസന സമിതി അംഗങ്ങളും മെമ്പറും ചേര്‍ന്ന് തൈകള്‍ വിതരണം ചെയ്തു. പ്ലാന്റ് എ ട്രീ ചലഞ്ച്, പ്രൊട്ടെക്റ്റ് ദാറ്റ് പ്ലാന്റ് ചലഞ്ച് എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്താണ് പേരയുടേയും നെല്ലിയുടേയും തൈകള്‍ നല്‍കിയത്. വാര്‍ഡ് മെമ്പര്‍ പി. രാജീവും പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലനും ചേര്‍ന്ന് റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ ശ്രീധരന്‍ മാസ്റ്റര്‍ക്ക് പേരമരത്തൈ നല്‍കിക്കൊണ്ട് തൈ വിതരണത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 431 വോട്ടുകളാണ് രാജീവിന് ലഭിച്ചത്. അത്രയും വോട്ടുകള്‍ നല്‍കി വിജയിപ്പിച്ച നന്ദിസൂചകമായാണ് അതേ എണ്ണം മരങ്ങള്‍ വാര്‍ഡിലേക്ക് നല്‍കുകയും പരിപാലനം ഉറപ്പ് വരുത്തുകയും ചെയ്യുന്നതെന്ന് രാജീവ് പറഞ്ഞു. കല്ലൂര്‍ ബാലന്റെ സഹായത്തോടെയാണ് ഫലവൃക്ഷത്തൈകള്‍ സംഘടിപ്പിച്ചത്. എല്ലാ വീടുകളിലേക്കും നല്‍കിയതിന് പുറമേ പൊതു സ്ഥലങ്ങളിലും മരങ്ങള്‍ വെച്ചു പിടിച്ചു.

Related Articles

Back to top button