International

കോവിഡ്: എയ്ഡ്‌സ് ബാധിതയിൽ കണ്ടെത്തിയത് 32 വ്യതിയാനങ്ങൾ

“Manju”

കേപ് ടൗൺ : കൊറോണ വൈറസ് ലോകമെമ്പാടും പടർന്നുപിടിക്കുകയും ജനിതക വ്യതിയാനങ്ങൾ സംഭവിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പല രാജ്യങ്ങളിലായാണ് വിവിധ തരത്തിലുള്ള വൈറസ് വ്യതിയാനങ്ങൾ സംഭവിച്ചത്. എന്നാൽ സൗത്ത് ആഫ്രിക്കയിൽ സംഭവിച്ച വ്യതിയാനം ശാസ്ത്ര ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയിലെ എച്ച്‌ഐവി ബാധിതയായ യുവതിയിൽ കൊറോണ വൈറസ് 216 ദിവസം നിലനിന്നതായി കണ്ടെത്തി. ഈ ദിവസങ്ങളിൽ മുപ്പത്തിയാറുകാരിയായ യുവതിയിൽ കൊറോണ വൈറസിന്റെ മുപ്പതിലധകം വ്യതിയാനങ്ങൾ സംഭവിച്ചു. മെഡിക്കൽ ജേർണലായ മെഡ്‌റെക്‌സിവിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ക്വാസുലു നതാൽ സ്വദേശിയായ യുവതിയിലാണ് ഇത് കണ്ടെത്തിയത്. 2006 ലാണ് യുവതിയ്ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്. തുടർന്ന് യുവതിയുടെ പ്രതിരോധശേഷി കാലക്രമേണ കുറഞ്ഞുവന്നു. എന്നാൽ 2020 സെപ്റ്റംബറിൽ യുവതിയ്ക്ക് കൊറോണ ബാധിച്ചു. തുടർന്ന് ഇവരിൽ 13 കൊറോണ വകഭേദങ്ങളും 19 ജനിതക വ്യതിയാനങ്ങളും സംഭവിച്ചതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വൈറസ് വകഭേദങ്ങളായ E484K (ആൽഫ വകഭെദത്തിൽ പെടുന്നത്) N510Y (ബീറ്റ വകഭേദത്തിൽ പെടുന്നത്) എന്നിവയും ഇവയിൽ ഉൾപ്പെടുന്നു.

യുവതിയിൽ നിന്നും മറ്റുളളവരിലേയ്ക്ക് വൈറസ് പടർന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് ഗവേഷകർ പറയുന്നു. എന്നാൽ സൗത്ത് ആഫ്രിക്കയിലെ ക്വാസുലു നതാൽ പോലുള്ള പ്രദേശത്ത് പുതിയ വകഭേദങ്ങൾ കണ്ടെത്തിയത് യാദൃശ്ചികമല്ല. ഇവിടെ പ്രായപൂർത്തിയായ നാല് പേരിൽ ഒരാൾ എച്ച്‌ഐവി പോസിറ്റീവായിരിക്കും. എച്ച്‌ഐവി ബാധിതർക്ക് കൊറോണ വൈറസ് പിടിപെടാനും അത് മൂലം ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുമുള്ള സാധ്യതയ്ക്ക് തെളിവുകൾ കുറവാണ്. എന്നാൽ എച്ച്‌ഐവി ബാധിതർക്ക് കൊറോണ വകഭേദങ്ങളുടെ ഫാക്ടറി ആയിത്തീരാനാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

പ്രതിരോധ ശേഷി കുറവുള്ള വ്യക്തികളുടെ ശരീരത്തിൽ കൊറോണ വൈറസിന് ഏറെ കാലം തുടരാനാകും എന്ന് ക്വാസുലു നതാൽ സർവ്വകലാശാലയിലെ ജനിസിസ്റ്റും റിപ്പോർട്ട് തയ്യാറാക്കിയ വിദഗ്ധനും കൂടിയായ ട്യൂലിയോ ഡി ഒലിവൈറ പറയുന്നു. എച്ച്‌ഐവി ബാധിതയായ യുവതിയിൽ ആദ്യകാലഘട്ടത്തിൽ കൊറോണയുടെ നേരിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിൽ കൂടുതൽ എച്ച്‌ഐവി ബാധിതരെ കണ്ടെത്താനുള്ള പരിശോധന ഊർജ്ജിതപ്പെടുത്താൻ വിദഗ്ധർ ആവശ്യപ്പെടുന്നു. ഇതിലൂടെ എച്ച്ഐവി പടരാനുള്ള സാധ്യതയും രോഗം മൂലമുണ്ടാകുന്ന മരണനിരക്കും കുറയ്ക്കാൻ സാധിക്കും. കൊറോണ വൈറസ് വകഭേദങ്ങൾ ഉണ്ടാകുന്നതും ഇതിലൂടെ കുറയ്ക്കാൻ സാധിക്കുമെന്നാണ് കണ്ടെത്തൽ.

Related Articles

Back to top button