Latest

മഹാമാരിക്ക് മരുന്ന്

“Manju”

ഏതാനും ദിവസങ്ങള്‍ മുന്‍പ് കൊവിഡിനുള്ള പരിഹാരമെന്തെന്നു പ്രതീക്ഷയോടെ കാത്തിരുന്നവരെ ത്രസിപ്പിച്ചുകൊണ്ട് ഒരു വാര്‍ത്ത പുറത്തുവരികയുണ്ടായി. ഭാരതത്തിന്റെ പ്രതിരോധഗവേഷണങ്ങള്‍ ഏകോപിപ്പിക്കുന്ന ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ അഥവാ ഡിആര്‍ഡിഒ എന്ന് വിളിക്കപ്പെടുന്ന നമ്മുടെ പ്രതിരോധ ഗവേഷണ കേന്ദ്രത്തില്‍നിന്ന് ഒരു കൊവിഡ് മരുന്ന് തയ്യാറായിരിക്കുന്നു-2-ഡിജി.

ഭാരതജനത വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന 2-ഡിജി അഥവാ 2-ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് എന്താണ് എന്നുള്ളതറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ടാകും. ആ ആകാംക്ഷ തെറ്റല്ല.

2 ഡിജി തന്മാത്രയുടെ വരവ്
2- ഡിഓക്‌സി-ഡി- ഗ്ലൂക്കോസ് എന്നത് എത്രയോ വര്‍ഷങ്ങള്‍ക്കുമുന്നേ കണ്ടുപിടിക്കപ്പെട്ട ഒരു തന്മാത്രയാണ്. ഈ തന്മാത്ര ഗ്ലൂക്കോസ് തന്മാത്രയോട് ഏറെ സാമ്യമുള്ളതും ഗ്ലൂക്കോസില്‍ നിന്ന് ഉണ്ടാക്കിയെടുക്കുന്നതുമാണ്. 1922-ല്‍ ജര്‍മനിയില്‍ മാക്‌സ് ബെര്‍ഗ്മാന്റെ നേതൃത്വത്തിലാണ് ആദ്യമായി 2-ഡിജി തന്മാത്ര സംശ്ലേഷണം ചെയ്‌തെടുത്തതായി അറിയപ്പെടുന്നത്. ഗ്ലൂക്കോസില്‍ നിന്ന് ഉണ്ടാക്കിയെടുക്കുന്ന ‘ഡി-ഗ്ലൂക്കാല്‍’ തന്മാത്രയുടെ അമ്ലദ്രവീകരണം വഴി വളരെ കുറഞ്ഞ അളവില്‍ 2-ഡിജി ഉണ്ടാക്കപ്പെടുന്നു. ഇതിനുശേഷവും പല തരത്തിലുള്ള പ്രക്രിയകളിലൂടെ 2-ഡിജി തയ്യാറാക്കപ്പെട്ടു. ഇവയില്‍ മിക്കതിലും ഉണ്ടാക്കിയെടുക്കാവുന്ന 2-ഡിജിയുടെ അളവ് തീരെ കുറവുതന്നെ ആയിരുന്നു. 2-ഡിജി ഉണ്ടാക്കുകയും അതിന്റെ പേറ്റന്റ് കൈവശം വച്ച്‌ ലോകമെങ്ങും വിതരണം ചെയ്യുകയും ചെയ്തിരുന്ന സിഗ്മ കമ്ബനി ആശ്രയിച്ചത് 1952 ല്‍ ക്രാമര്‍ എന്ന ശാസ്ത്രജ്ഞനും കൂട്ടരും 2-ഡിജി തയ്യാറാക്കിയ പ്രക്രിയയെയാണ്. ആ പ്രക്രിയ പതിനൊന്നു ശതമാനമാണ് ഉല്‍പ്പാദനക്ഷമത കാണിച്ചത്. ആദ്യകാലങ്ങളില്‍ ഭാരതത്തിലും പരീക്ഷണങ്ങള്‍ക്കായി 2-ഡിജി വാങ്ങിയിരുന്നതും സിഗ്മ കമ്ബനിയില്‍നിന്നു തന്നെ ആയിരുന്നു. ഇന്നും ലോകത്തെമ്ബാടും ശാസ്ത്രപരീക്ഷണങ്ങള്‍ക്കായുള്ള അതീവശുദ്ധിയുള്ള കെമിക്കലുകള്‍ മിക്കതും വിതരണം ചെയ്യുന്നതും സിഗ്മ തന്നെയാണ്.

സിഗ്മയുടെ 2-ഡിജി തന്മാത്ര വാങ്ങുമ്ബോള്‍ അതിന്റെ വില വളരെ ഉയര്‍ന്നതായിരുന്നു. ഒരു ഗ്രാമിനുപോലും ലക്ഷക്കണക്കിന് രൂപാ അത് വാങ്ങാന്‍ ചെലവാകുമായിരുന്നു. മാത്രവുമല്ല, അവര്‍ ആശ്രയിച്ചിരുന്ന ക്രാമര്‍ പ്രക്രിയ പത്തു വിവിധഘട്ടങ്ങള്‍ വേണ്ടിവരുന്നതും, അതില്‍ ചില ഘട്ടങ്ങളില്‍ വിഷാംശമുള്ള ചില രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടിവരുമായിരുന്നു എന്നതിനാല്‍ ആരോഗ്യത്തിനുഹാനികരമായേക്കാവുന്നതുമായിരുന്നു.

ക്യാന്‍സറില്‍നിന്ന് കൊറോണയിലേക്ക്
ഡിആര്‍ഡിഒയുടെ ഭാഗമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സ് (ഇന്‍മാസ്) ആണ് 2-ഡിഓക്‌സി-ഡി- ഗ്ലൂക്കോസ് ഇന്ത്യയില്‍ മരുന്നായി ഉപയോഗിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 1970-കളില്‍ത്തന്നെ ഇന്‍മാസ് തലവനായിരുന്ന ഡോ. വിനയ് ജെയിനിന്റെ കീഴില്‍ ഈ ഗവേഷണം ആരംഭിക്കപ്പെട്ടിരുന്നു. ഡോ. വിനയ് ജെയിനിന്റെ കീഴില്‍ ഗവേഷണം ചെയ്തിരുന്ന ഡോ. രാകേഷ് കുമാര്‍ ശര്‍മ്മ ഇതിന്റെ പിന്നീടുള്ള നേട്ടങ്ങളില്‍ പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1989 ലും 2001 ലും ഈ ഗവേഷണസംഘം ഇതില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2-ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് തന്മാത്രയെ ക്യാന്‍സര്‍ ചികിത്സക്കായുള്ള ഒരു മരുന്നായി ഉപയോഗപ്പെടുത്തുന്ന കാര്യമാണ് ആദ്യം ശാസ്ത്രലോകം ചിന്തിച്ചത്. ക്യാന്‍സര്‍ ഗവേഷണങ്ങള്‍ ശക്തിപ്രാപിച്ച എഴുപതുകള്‍ തൊട്ട് 2000 വരെയുള്ള കാലഘട്ടങ്ങളില്‍ 2-ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് തന്മാത്രയില്‍ ഏറെ ഗവേഷണങ്ങള്‍ നടന്നതും അതിനാലാണ്. ക്യാന്‍സറിന് ഏതു കാരണത്താല്‍ 2-ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് ഉപയുക്തമാക്കാമോ, അതേ കാരണത്താല്‍ത്തന്നെ അതിന്റെ വൈറസിനെതിരെയും പ്രയോഗിക്കാം. ക്യാന്‍സര്‍ കോശങ്ങള്‍ക്ക് വളരാനും പ്രവര്‍ത്തിക്കാനും ഏറെ ഊര്‍ജ്ജം ആവശ്യമാണ്. അതിനാ

ല്‍ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ഗ്ലൂക്കോസ് ക്യാന്‍സര്‍ കോശങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ക്യാന്‍സര്‍ കോശങ്ങള്‍ക്ക് ഗ്ലൂക്കോസ് ലഭിക്കുന്നത് കുറഞ്ഞാല്‍ അത് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെയും വ്യാപനത്തെയും ബാധിക്കുന്നു. 2-ഡിജി ഒരു ആന്റി മെറ്റാബോളൈറ്റ് തന്മാത്രയാണ്. എന്നുവച്ചാല്‍, എന്താണോ ഗ്ലൂക്കോസ് കൊണ്ടുള്ള ആവശ്യം അതിന്റെ നേരെ വിപരീതമാണ് 2-ഡിജി യുടെ പ്രവര്‍ത്തനം.

കൊറോണ വൈറസിനെ എങ്ങനെ തടയുന്നു
ഘടനാപരമായി ഗ്ലൂക്കോസും 2-ഡിജിയും ഏറെക്കുറെ സമാനമാണെന്ന് സൂചിപ്പിച്ചല്ലോ. ഗ്ലൂക്കോസ് തന്മാത്രയുടെ രണ്ടാമത്തെ കാര്‍ബണ്‍ ആറ്റത്തിലെ ഹൈഡ്രോക്‌സില്‍ ഗ്രൂപ്പിലെ ഓക്‌സിജന്‍ മാറ്റുകയും, അവിടെ ഹൈഡ്രജന്‍ മാത്രമായി നിലനില്‍ക്കുകയും ചെയ്യുമ്ബോഴാണ് 2- ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് ഉണ്ടാകുന്നത്. ഈ ഒരൊറ്റ വ്യത്യാസം മാത്രമേ ഉള്ളൂവെങ്കിലും അത് ഗ്ലൂക്കോസില്‍ നിന്ന് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന ഗ്ലൈക്കോലൈസിസ് എന്ന പ്രക്രിയയെ പൂര്‍ണ്ണമായി തടസ്സപ്പെടുത്തും. ഗ്ലൂക്കോസ് തന്മാത്രയെ ഹെക്സോകൈനേസ് എന്ന എന്‍സൈം ഉപയോഗിച്ച്‌ ഗ്ലൂക്കോസ്-6-ഫോസ്‌ഫേറ്റ് ആക്കുന്നതാണ് ഗ്ലൈക്കോലൈസിസ് പ്രക്രിയയുടെ ആദ്യഘട്ടം. ഗ്ലൂക്കോസിന് പകരം ഹെക്‌സോകൈനേസ് എന്‍സൈമുമായി പ്രതിപ്രവര്‍ത്തിക്കുന്നത് 2-ഡിജി ആണെങ്കില്‍, ഗ്ലൂക്കോസ് -6-ഫോസ്‌ഫേറ്റ് ഉണ്ടാകുന്ന ഒന്നാംഘട്ടം തന്നെ തടസ്സപ്പെടും. ഇതോടെ ഊര്‍ജ്ജത്തിന്റെ തന്മാത്രകളായ എറ്റിപി (അഡിനോസിന്‍ ട്രൈഫോസ്‌ഫേറ്റ്) ഉണ്ടാകാതെ പോകുന്നു. ക്യാന്‍സര്‍ കോശങ്ങള്‍ക്ക് വളര്‍ച്ചയ്ക്ക് എ റ്റി പി പ്രധാനമാണ്. അതേപോലെതന്നെയാണ് വൈറസുകളുടെ വളര്‍ച്ചയ്ക്കും.

വൈറസുകള്‍ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ക്കുള്ളില്‍ കടന്നുകയറി, കോശങ്ങളുടെ പ്രവര്‍ത്തനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. ഇങ്ങനെ കോശങ്ങളെ നിയന്ത്രിക്കുന്ന വൈറസ് ജനിതകം അതില്‍നിന്നും പുതിയ വൈറസുകളുടെ കോപ്പികള്‍ സൃഷ്ടിക്കാനായി കോശങ്ങള്‍ക്കുള്ളിലെ അമിനോ ആസിഡുകള്‍ ഉള്‍പ്പെടെയുള്ള തന്മാത്രകളെയും, കോശം ഉല്‍പ്പാദിപ്പിക്കുന്ന എറ്റിപിയേയും ഉപയോഗപ്പെടുത്തുന്നു. അങ്ങനെ വരുമ്ബോള്‍, വൈറസുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ എ റ്റി പി കോശങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുന്നില്ല എങ്കില്‍, അത് വൈറസുകളുടെ നിര്‍മിതിയെയും, അവയുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെയും പ്രതികൂലമായി ബാധിക്കുകയും, രോഗബാധയുടെ തീക്ഷ്ണത കുറയാന്‍ അത് സഹായിക്കുകയും ചെയ്യുന്നു. കൊറോണാവൈറസിനെതിരെ ഈ തത്വമാണ് 2-ഡിജി പ്രയോഗിക്കുന്നതിലൂടെ ഉപയുക്തമാക്കുന്നത്.

മനുഷ്യരിലെ പരീക്ഷണങ്ങള്‍
1970-കളില്‍ 2-ഡിജിയില്‍ ഗവേഷണം ആരംഭിക്കുമ്ബോള്‍ അന്ന് ക്യാന്‍സര്‍ മെഡിസിന്‍ എന്നുള്ള തരത്തിലാണ് ശാസ്ത്രജ്ഞര്‍ ഇതിനെ കണ്ടിരുന്നത്. ഈ മരുന്നിന്റെ മനുഷ്യരിലെ ഉപയോഗം പഠിക്കുന്നതിനായി ക്ലിനിക്കല്‍ ട്രയലുകള്‍ ആരംഭിക്കാന്‍ ഐസിഎംആറിന്റെ അനുമതി ആവശ്യമായപ്പോള്‍ ഇന്‍മാസിലെ ശാസ്ത്രജ്ഞര്‍ക്ക് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടിവന്നു. ഒന്നാമത്, അന്ന് ലഭ്യമായിരുന്ന 2-ഡിജിയുടെ നിര്‍മാണപ്രക്രിയയില്‍ ടോക്‌സിക് രാസവസ്തുക്കള്‍ ഉപയോഗിച്ചിരിക്കുന്നു. അവയുടെ അംശം അവര്‍ വാങ്ങുന്ന 2-ഡിജി സാമ്ബിളില്‍ ഉണ്ടെങ്കില്‍ അത് ആരോഗ്യത്തിനു ഹാനികരമായേക്കാം. രണ്ടാമത്, ഏതാനും ഗ്രാം 2-ഡിജി പോലും വിദേശത്തുനിന്നും വാങ്ങുബോള്‍ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണ് സൃഷ്ടിക്കുന്നത്. മനുഷ്യപരീക്ഷണത്തിലേക്ക് പോകുമ്ബോള്‍ പലപ്പോഴും ഇത് കിലോക്കണക്കിന് പോലും ആവശ്യമായി വന്നേക്കാം. ഈ അവസരത്തിലാണ് ഡിആര്‍ഡിഒ-ഇന്‍മാസ് ഈ തന്മാത്ര വ്യത്യസ്തമായ നിര്‍മാണപ്രക്രിയയിലൂടെ എങ്ങനെ സ്വന്തമായി തയ്യാറാക്കാമെന്ന് ചിന്തിക്കുന്നത്. ഇതിനായി ഡോ. വിനയ് ജയിന്‍ ഡിആര്‍ഡിഒയിലെ പ്രഗത്ഭ ശാസ്ത്രജ്ഞരില്‍ ഒരാളായ ഡോ.വൈദ്യനാഥ സ്വാമിക്ക് 2-ഡിജിക്ക് പുതിയ തരത്തില്‍ നിര്‍മിക്കാനുള്ള ചുമതല ഏല്‍പ്പിച്ചു. ഡോ. വൈദ്യനാഥസ്വാമി, ഇന്‍മാസിലെ കെമിക്കല്‍ എന്‍ജിനീയറായ ബിദന്‍ ചന്ദ്ര ബാഗ്, മഹാബീര്‍ പ്രസാദ് കൗശിക്ക്, എം. സായി എന്നിവരുടെ സഹായത്തോടെ 2-ഡിജി നിര്‍മാണത്തിനായി തനതായ ഒരു പ്രക്രിയ രൂപപ്പെടുത്തി. അപ്പോഴേക്കും ഡോ. വൈദ്യനാഥസ്വാമി അവിടത്തെ ചുമതലയില്‍ നിന്നും മാറുകയും, ഡോ. കൃഷ്ണമൂര്‍ത്തി ശേഖര്‍ വരികയും ചെയ്തു. ഇവര്‍ ചേര്‍ന്ന് സിഗ്മ കമ്ബനി ഉപയോഗിച്ചിരുന്ന പത്തു ഘട്ടങ്ങളുള്ള പ്രക്രിയയില്‍നിന്നും വ്യത്യസ്തമായി അഞ്ചു ഘട്ടങ്ങള്‍ മാത്രമുള്ള ഒരു നിര്‍മാണപ്രക്രിയ വികസിപ്പിക്കുകയും, അതില്‍ ടോക്‌സിസിറ്റിക്ക് കാരണമാകുന്ന രാസഘടകങ്ങള്‍ ഉപയോഗിക്കുന്നത് തീര്‍ത്തും ഒഴിവാക്കുകയും ചെയ്തു.

കുറഞ്ഞ ചെലവില്‍ നടക്കുന്ന ഉല്‍പ്പാദന പ്രക്രിയ
ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ട 2-ഡിജിയുടെ ഉത്പാദനക്ഷമത ഈ പുതിയ പ്രക്രിയയില്‍ കൂടുതലായിരുന്നു. ക്രാമര്‍ പ്രക്രിയയില്‍ 11% ആയിരുന്നു ഉല്‍പ്പാദനക്ഷമതയെങ്കില്‍ ബിദന്‍ ചന്ദ്ര ബാഗ് വികസിപ്പിച്ച നവീനരീതിയില്‍ അത് ഇരുപത് ശതമാനത്തോളമായി വര്‍ദ്ധിച്ചു. അതൊരു വലിയ വിജയമായിരുന്നു. കുറഞ്ഞ ചെലവില്‍ കൂടിയ അളവില്‍ ധാരാളം 2-ഡിജി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഒരു പ്രക്രിയ അങ്ങനെ സംജാതമായി. 2004-ല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഈ പ്രക്രിയ ഡോ. ബിദന്‍ ചന്ദ്രബാഗ്, ഡോ. മഹാബീര്‍ പ്രസാദ് കൗശിക്ക്, ഡോ. എം. സായി, ഡോ. ആര്‍. വിജയരാഘവന്‍, ഡോ. കൃഷ്ണമൂര്‍ത്തി ശേഖര്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് ഡിആര്‍ഡിഒയുടെ ഉടമസ്ഥതയില്‍ പേറ്റന്റ് ചെയ്യപ്പെട്ടു. ഓര്‍ക്കണം, ഉല്‍പ്പന്നമല്ല, പ്രക്രിയയാണ് പേറ്റന്റ് ചെയ്യപ്പെടുന്നത്. ഈ പേറ്റന്റ് ആപ്ലിക്കേഷന്‍ 2009 ആയപ്പോഴേക്കും പബ്ലിഷ് ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. പേറ്റന്റ് ആവശ്യങ്ങള്‍ക്കും ഐസിഎംആര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും എന്ന നിലയില്‍ 2-ഡിജിയുടെ തന്നെ ടോക്‌സിസിറ്റി പഠനവിധേയമാക്കേണ്ടിയിരുന്നു. ഇത് ഡോ. ആര്‍. വിജയരാഘവനാണ് പൂര്‍ത്തീകരിച്ചത്. ഡോ. വിജയരാഘവന്‍ തയ്യാറാക്കിയ ആ പഠനറിപ്പോര്‍ട്ട് ക്യാന്‍സര്‍ ആവശ്യങ്ങള്‍ക്ക് മാത്രമല്ല, പിന്നീട് കൊവിഡ് ചികിത്സയില്‍ 2-ഡിജി ഉപയുക്തമാക്കാമോ എന്നുള്ള ചോദ്യം ഉയര്‍ന്നപ്പോഴും അക്കാര്യത്തില്‍ ഐസിഎംആറിന്റെ അനുമതി ലഭ്യമാക്കുന്നതില്‍ സഹായകമായി.

ഇത്തരത്തില്‍ 2-ഡിജി ഉല്‍പ്പാദനത്തിനായി വികസിപ്പിച്ച പ്രക്രിയ ഉപയോഗിച്ച്‌ 2-ഡിജി നിര്‍മിക്കാനുള്ള അനുമതി അക്കാലത്തുതന്നെ ഹൈദരാബാദ് ആസ്ഥാനമായ ഡോ. റെഡ്ഡീസ് ലബോറട്ടറി ഡിആര്‍ഡിഒയില്‍നിന്നും വാങ്ങിയെടുത്തു. അന്നത്തെ നിയമമനുസരിച്ച്‌ 25 ലക്ഷം രൂപ ഡിആര്‍ഡിഒയില്‍ അടച്ച്‌ ഒരു കമ്ബനിക്ക് ഇത്തരത്തില്‍ ഡിആര്‍ഡിഒയുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനുള്ള അവകാശം സ്വന്തമാക്കാം. എന്നാല്‍, ഒരു കാര്യമുണ്ട്. അത് വാങ്ങുന്നവരുടെ മാത്രം അവകാശമെന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നയമനുസരിച്ച്‌ കൊടുക്കപ്പെടുന്നില്ല. ഇന്ത്യയിലെ ഏതു സ്വകാര്യസ്ഥാപനത്തിനും ഇത്തരത്തില്‍ ആ നിര്‍മ്മാണാവകാശം വാങ്ങാനാകും. അതായത്, ഡോ. റെഡ്ഡീസ് ലാബിനു മാത്രമായി 2-ഡിജി ഉണ്ടാകാനുള്ള അവകാശമല്ല കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. മറ്റൊരു കമ്ബനി വന്നാല്‍ അവര്‍ക്കും ഇത് വാങ്ങി ഉല്‍പ്പാദനം ആരംഭിക്കാനാകും. അതേപോലെ, ആദ്യം വാങ്ങുന്ന കമ്ബനി ഈ ഉത്പന്നം നിര്‍മിക്കാതെ നിഷ്‌ക്രിയമായിരുന്നാലും ഈ നയം മൂലം മറ്റൊരു സ്ഥാപനത്തിന് രംഗത്തുവരാനും ഉല്‍പ്പന്നം നിര്‍മിക്കാനുമാകും.

കൊവിഡ് രോഗികളില്‍ പരീക്ഷണാനുമതി
ഡിആര്‍ഡിഒയില്‍ 2-ഡിജിയുടെ ഗവേഷണങ്ങള്‍ ത്വരിത ഗതിയില്‍ നടന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന ശാസ്ത്രജ്ഞര്‍ പലരും റിട്ടയര്‍ ചെയ്യുകയും, അവരൊക്കെ വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ അക്കാദമികമായ ജോലികളില്‍ പ്രവേശിക്കുകയും ചെയ്തു. ഇതില്‍, 2001-ല്‍ ത്തന്നെ 2-ഡിജിയില്‍ ഒരു ഗവേഷണപ്രബന്ധം തയ്യാറാക്കിയ ഡോ. രാകേഷ് കുമാര്‍ ശര്‍മ്മയും ടോക്‌സിസിറ്റി പഠനങ്ങള്‍ പൂര്‍ത്തിയാക്കിയ ഡോ. ആര്‍. വിജയരാഘവനും പിന്നീട് ചെന്നൈയില്‍ സവിതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് ടെക്‌നിക്കല്‍ സയന്‍സസ് എന്ന കല്‍പ്പിത സര്‍വ്വകലാശാലയില്‍ ഉയര്‍ന്ന അക്കാദമിക പോസ്റ്റുകളില്‍ പ്രവേശിച്ചിരുന്നു. ഡോ. ശര്‍മ്മ അവിടെ വൈസ് ചാന്‍സലറും ഡോ. വിജയരാഘവന്‍ അവിടത്തെ റിസര്‍ച്ച്‌ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറുമായി മാറി. കഴിഞ്ഞ വര്‍ഷം കൊവിഡ് ആദ്യതരംഗ സമയത്താണ് തങ്ങള്‍ പണ്ട് പഠനവിധേയമാക്കിയ തന്മാത്രകളില്‍ നിന്നും ഒരു മരുന്ന് കൊവിഡിനായി തയ്യാറാക്കാന്‍ സാധിക്കുമോ എന്നുള്ള ചിന്ത ഉണ്ടായതും, അവര്‍ നടത്തിയ വിശകലനത്തിലൂടെ 2-ഡിജിയെ സാധ്യതയുള്ള ഒരു തന്മാത്രയായി വിലയിരുത്തിയതും. അതോടെ, ഐസിഎംആറിന്റെ അനുമതിയില്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍, 2-ഡിജി ഉപയോഗിച്ച്‌ കൊവിഡ് വൈറസിനെതിരെയുള്ള പഠനങ്ങള്‍ സെല്‍ ലൈനുകളില്‍ നടത്തപ്പെട്ടു. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യൂലര്‍ ബയോളജിയുടെ സഹകരണവും ഈ പഠനങ്ങളില്‍ ലഭിച്ചു.

എലികള്‍, സെല്‍ ലൈനുകള്‍ എന്നിവയിലും, മനുഷ്യനില്‍ ഫേസ് ഒന്ന്, രണ്ട്, മൂന്ന് പഠനങ്ങള്‍ റെഡ്ഡീസ് ലാബറട്ടറിയുടെ സഹകരണത്തോടെ നേരത്തെതന്നെ ക്യാന്‍സറിനെതിരായ മരുന്നെന്ന നിലയിലും പൂര്‍ത്തിയാക്കിയിരുന്നു എന്നുള്ളത് ഇക്കാര്യത്തില്‍ മുന്നോട്ടുനീങ്ങാന്‍ സഹായകമാകുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഐ സിഎംആറിന്റെ അനുമതി കൊവിഡ് രോഗികളില്‍ പഠനങ്ങള്‍ക്കായി ലഭിച്ചപ്പോള്‍ ഡോ. റെഡ്ഡീസ് ലബോറട്ടറി തയ്യാറാക്കിയ 2-ഡിജി സാഷേകള്‍ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ എത്തിക്കുകയും, രോഗികളില്‍ പഠനം നടക്കുകയും ചെയ്തു. ഇത്തരത്തില്‍ തന്മാത്രാതലത്തിലും സെല്‍ ലൈനുകളില്‍ കള്‍ച്ചര്‍ ചെയ്ത വൈറസിനെതിരെയും മനുഷ്യരില്‍ മരുന്നായി നല്‍കിയും നടത്തിയ പഠനങ്ങളിലെ വിജയമാണ് ഇപ്പോള്‍ 2-ഡിജിക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കാന്‍ സഹായകമായിരിക്കുന്നത്.

പ്രതിരോധ മരുന്നല്ല മരുന്നു തന്നെ
2-ഡിജിയുടെ പഠനം ഇനിയും പൂര്‍ണതോതില്‍ നടക്കാനുണ്ട്. പക്ഷേ, ആദ്യഘട്ട സൂചനകള്‍ പ്രതീക്ഷ ഉയര്‍ത്തുന്നവയാണ്. 2-ഡിജി ഒരു തരത്തിലും വിഷാംശമുള്ളതോ (ടോക്‌സിക്) പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നതോ അല്ല. ഇതൊരു പ്രതിരോധമരുന്നല്ല, മറിച്ച്‌, രോഗിയില്‍ പ്രയോഗിക്കാനുള്ളതാണ്. ഗ്ലൂക്കോസില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന പ്രക്രിയയെ താല്‍ക്കാലികമായി തടസ്സപ്പെടുത്തുക മാത്രമാണ് 2-ഡിജി ചെയ്യുന്നത്. ഒന്നോ രണ്ടോ നേരം ഉപവാസമെടുക്കുന്ന ക്ഷീണമേ അതുകൊണ്ടുണ്ടാകാനുള്ളൂ. പക്ഷേ, വൈറസിന്റെ എണ്ണം കോശങ്ങളില്‍ വര്‍ദ്ധിക്കുന്നത് തടുക്കാന്‍ 2-ഡിജിക്കാകും. കൊവിഡ് രോഗത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വസ്തുതയാണത്. നമ്മുടെ രോഗപ്രതിരോധശേഷിക്കും താങ്ങാനാകാത്ത വിധത്തില്‍ വൈറസുകളുടെ എണ്ണം ശരീരകോശങ്ങളില്‍ വര്‍ദ്ധിക്കുമ്ബോഴാണ് അത് മാരകമാകുന്നത്. വൈറസിന്റെ എണ്ണം കുറയ്ക്കാനോ എണ്ണം വര്‍ദ്ധിക്കുന്നത് തടയാനോ ഒരു മരുന്നിനാകുമെങ്കില്‍ അത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് വൈറസ്സിനെതിരെ പ്രവര്‍ത്തിക്കാനുള്ള സാവകാശവും നല്‍കും. നിരുപദ്രവമായ 2-ഡിജി ആ അര്‍ത്ഥത്തിലെല്ലാം കൊവിഡിനെതിരെ ഫലപ്രദമാണ്.

Related Articles

Back to top button