KeralaLatest

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു

“Manju”

തിരുവനന്തപുരം: കൊവിഡിനെ വരുതിയിലാക്കാന്‍ കേരളം അടച്ചിട്ടിട്ട് നാളെ ഒരു മാസം തികയാനിരിക്കെ, കഴിഞ്ഞ മൂന്നു ദിവസം തുടര്‍ച്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) 15 ശതമാനത്തില്‍ താഴെ നിയന്ത്രിക്കാനായതിന്റെ ആശ്വാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍. ഈ തോതില്‍ വ്യാപന നിരക്ക് ക്രമമായി കുറയ്ക്കാനായാല്‍ മൂന്നോ നാലോ ദിവസത്തിനിടെ ഇത് 10 ശതമാനത്തില്‍ താഴെ എത്തിക്കാമെന്നും, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ.

ലോക്ക് ഡൗണ്‍ ആരംഭിച്ച കഴിഞ്ഞ മാസം എട്ടിന് 28.25 ആയിരുന്നു ടി.പി.ആര്‍. 12 ന് അത് വീണ്ടുമുയര്‍ന്ന് 29.72 ആയി. അതീവഗുരുതരമായ ആ സാഹചര്യത്തില്‍ നിന്ന് ടി.പി.ആര്‍ 15 ശതമാനത്തിനു താഴേയ്ക്ക് എത്തിക്കാനായത് ആളുകള്‍ വീട്ടിലിക്കാന്‍ തുടങ്ങിയതിന്റെ അനുകൂല ഫലമായി ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 14.82 ആയിരുന്നു ടി.പി.ആര്‍. ഞായര്‍ 14.89. ഇന്നലെ അത് 14.27 ആയി.

സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന പ്രതിദിന കണക്കുകള്‍ ആശങ്ക തോന്നിക്കുന്നതാണെങ്കിലും, അടുത്ത ദിവസങ്ങളില്‍ രോഗബാധിതരായവരോ മരണമടഞ്ഞവരോ അല്ല ഇതെന്നതാണ് ആശ്വാസം. മരണം സംഭവിച്ച്‌ ദിവസങ്ങള്‍ക്കു ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന കേസുകള്‍ കൂടി ഈ കണക്കില്‍ ഉള്‍പ്പെടുന്നതിനാല്‍ നിലവിലെ കൊവിഡ് സ്ഥിതിയും മരണസംഖ്യയും തമ്മില്‍ ബന്ധമില്ലെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ അതിവേഗം കുറവു വരുത്താന്‍ ലക്ഷ്യമിട്ടാണ് നേരത്തേ അനുവദിച്ച ചില ഇളവുകള്‍ പിന്‍വലിച്ച്‌ കഴിഞ്ഞ ശനി മുതല്‍ അഞ്ചു ദിവസത്തേക്ക് നിയന്ത്രണം കടുപ്പിച്ചത്. പോസിറ്റിവിറ്റി 10 ശതമാനത്തില്‍ താഴെയെത്തിയാല്‍ ലോക്ക് ഡൗണില്‍ കാര്യമായ ഇളവുകള്‍ നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാടെങ്കിലും, പരിധി വിട്ടുള്ള ഇളവുകള്‍ ഉടന്‍ അനുവദിക്കരുതെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം കൂടി കണക്കിലെടുക്കും. വ്യാപനം അതിവേഗം നിയന്ത്രിക്കേണ്ടതുണ്ടെങ്കിലും, സാധാരണ ജനങ്ങളുടെ ജീവിതത്തിനും വരുമാനത്തിനും പൂട്ടിടുന്ന ലോക്ക് ഡൗണ്‍ അനന്തമായി നീട്ടാനാവില്ല.

അടുത്ത നാലു ദിവസത്തിനിടെ ടി.പി.ആര്‍ 10നു താഴെ എത്തിക്കാനായില്ലെങ്കിലേ അടച്ചിടല്‍ വീണ്ടും നീട്ടേണ്ടുന്ന സാഹചര്യം ആലോചിക്കൂ. മൂന്നാം തരംഗത്തിന്റെ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ അതു കൂടി കണക്കിലെടുത്ത് നിയന്ത്രിത സ്വഭാവത്തിലുള്ള ഇളവുകളായിരിക്കും അനുവദിക്കുക.

Related Articles

Back to top button