IndiaLatest

ഇന്ത്യയുടെ സുനില്‍ ഛേത്രി രണ്ടാമത്

“Manju”

ന്യൂഡല്‍ഹി: സജീവമായി കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ അടിച്ച ഫുട്ബാള്‍ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സുനില്‍ ഛേത്രി രണ്ടാമതെത്തി. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെയാണ് ഛേത്രിക്ക് ഈ നേട്ടം സ്വന്തമാക്കുവാന്‍ സാധിച്ചത്. നിലവില്‍ 74 അന്താരാഷ്ട്ര ഗോളുകള്‍ക്ക് ഉടമയായ ഛേത്രി 72 ഗോളുകള്‍ നേടിയ സാക്ഷാല്‍ ലയണല്‍ മെസിയെയും 73 ഗോളുകള്‍ നേടിയ യുഎഇയുടെ അലി മബ്ഖത്തിനെയുമാണ് മറിക്കടന്നത്. 103 ഗോളുകളോടെ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ഈ പട്ടികയില്‍ ഛേത്രിയുടെ മുന്നില്‍ ഇനി ഉള്ളത്.

വിരസമായ ആദ്യ പകുതിക്കു ശേഷം 79ാം മിനിറ്റില്‍ മലയാളി ഫുട്ബാള്‍ താരം ആഷിക്ക് കുരുണിയന്‍ നല്‍കിയ ക്രോസ്സില്‍ നിന്നുമാണ് ഛേത്രി മത്സരത്തിലെ തന്റെ ആദ്യ ഗോള്‍ നേടുന്നത്. തുടര്‍ന്ന് രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഛേത്രി തന്റെ രണ്ടാം ഗോളും നേടി. മത്സരം തുടങ്ങുന്നതിനു മുമ്പ് പട്ടികയില്‍ മെസിയോടൊപ്പം 72 ഗോളുകളോടെ മൂന്നാം സ്ഥാനത്തായിരുന്നു ഛേത്രി.

ലോകകപ്പിന്റെയും ഏഷ്യന്‍ കപ്പിന്റെയും സംയുക്ത യോഗ്യതാ നിര്‍ണ്ണയ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഇയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ ജൂണ്‍ 15ന് നേരിടും. നിര്‍ണ്ണായകമായ ഈ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഗ്രൂപ്പിലെ മൂന്നാം സ്ഥാനം ഉറപ്പിക്കുവാന്‍ സാധിക്കുകയുള്ളു. അതല്ലെങ്കില്‍ ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്ക് വേണ്ടി ഇന്ത്യക്ക് ഇനിയും ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതായി വരും.

Related Articles

Back to top button