IndiaKeralaLatest

വയോധികയെ ബന്ധുക്കള്‍; ഉപേക്ഷിച്ചു, പൊലീസ് താങ്ങായി

“Manju”

നാദാപുരം: 84കാരിയായ വയോധികയെ സ്വകാര്യ വ്യക്തിയുടെ പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ തള്ളി ബന്ധുക്കള്‍ സ്ഥലം വിട്ടു. പുതിയാപ്പ പാറയുള്ള പറമ്പത്ത് മാണിക്കത്തിനെയാണ് (84) ബന്ധുക്കള്‍ ഉപേക്ഷിച്ചത്. 15 വര്‍ഷം മുമ്പ് ഭര്‍ത്താവ് ചന്ദ്രന്‍ മരിച്ചിരുന്നു. പിന്നിട് വടകര പുതിയാപ്പിലെ ഭര്‍തൃ സഹോദരെന്‍റ വീട്ടിലായിരുന്നു മാണിക്യം താമസിച്ചിരുന്നത്.
സ്വന്തമായി 10 സെന്‍റ് സ്ഥലം ഇവര്‍ക്കുണ്ടായിരുന്നു. ഈ സ്ഥലം വിറ്റ് ബന്ധുക്കള്‍ 15 ലക്ഷത്തോളം രൂപ ബാങ്കില്‍ നിക്ഷേപിച്ചു. സഹോദരന്റെ മകളുടെ വിവാഹത്തിന് മാണിക്യത്തില്‍നിന്ന് പണം വാങ്ങുകയും രണ്ടു മാസംകൊണ്ട് തിരിച്ചുനല്‍കാമെന്ന് പറയുകയും ഉണ്ടായി. എന്നാല്‍, പണം നല്‍കാതെ അനുജന്റെ ഭാര്യ ആദിയൂരിലെ സ്വകാര്യ വ്യക്തിയുടെ വീട് വാടകക്കെടുത്ത് അവിടെ താമസിപ്പിക്കുകയായിരുന്നു.
പ്രായാധിക്യത്താല്‍ വിഷമത അനുഭവിക്കുന്ന സ്ത്രീയെ കണ്ടതോടെ നാട്ടുകാര്‍ എടച്ചേരി പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് ഇടപെട്ട് രണ്ട് മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ സമീപത്തെ കടയില്‍നിന്ന് നല്‍കാനും ഇതിനുള്ള പണം വയോധികയുടെ ബന്ധുക്കള്‍ എത്തിച്ചുനല്‍കുമെന്നും അറിയിച്ചു.
എന്നാല്‍, രണ്ടുമാസം കഴിഞ്ഞും ബന്ധുക്കള്‍ തിരിഞ്ഞ് നോക്കാതായതോടെ കടക്കാരും നാട്ടുകാരും വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ബന്ധുക്കളെ വിളിച്ച്‌ വരുത്തി പുതിയാപ്പയിലെ വീട്ടിലേക്ക് മാണിക്യത്തെ അയച്ചു. വെള്ളിയാഴ്ച രാത്രി ബന്ധുക്കള്‍ വീണ്ടും ആദിയൂരിലെ വീട്ടില്‍ വൃദ്ധയെ തള്ളി കടന്നു കളയുകയായിരുന്നു.
ശനിയാഴ്ച രാവിലെ മഴയില്‍ ചോര്‍ന്നൊലിക്കുന്ന പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ അവശയായി വൃദ്ധയെ കണ്ടതോടെ നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു.
എടച്ചേരി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ ജനമൈത്രി പൊലീസും സ്ഥലത്തെത്തി വാര്‍ഡ് മെംബര്‍ സീമ, അയല്‍വാസിയായ നരേന്ദ്രന്‍, തണല്‍ അഗതി മന്ദിരത്തിലെ ജീവനക്കാരന്‍ രാജന്‍ എന്നിവരുടെ സഹായത്തോടെ കോവിഡ് പരിശോധന നടത്തി തണല്‍ അഗതിമന്ദിരത്തിലേക്ക് മാറ്റി.
ക്ഷീണിതയായ മാണിക്യത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ മൊഴിയെടുത്ത് ബന്ധുക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് സി.ഐ പറഞ്ഞു.

Related Articles

Back to top button