KeralaLatest

സിന്തറ്റിക് ലഹരിയില്‍ തലസ്ഥാനവും, കുട്ടികളെ ശ്രദ്ധിക്കുക!

“Manju”

 

തിരുവനന്തപുരം: അളവില്‍ ചെറിയ മാറ്റം വന്നാല്‍പോലും മരണം സംഭവിക്കാവുന്ന സിന്തറ്റിക് ലഹരി തലസ്ഥാനത്തെ പിടിമുറുക്കുമ്ബോള്‍ ഇരകളിലേറെയും വിദ്യാര്‍ത്ഥികള്‍. തിരുവനന്തപുരം ജില്ലാ എക്സൈസ് ഡിവിഷനില്‍ നിന്നുള്ള കണക്കുകളും യുവാക്കള്‍ക്കിടയിലെ സിന്തറ്റിക് ലഹരിമരുന്ന് ഉപയോഗം ശരിവയ്‌ക്കുന്നതാണ്. എക്സൈസ് കഴിഞ്ഞ ആറുമാസത്തിനകം രജിസ്റ്റര്‍ ചെയ്ത 300 ഓളം എന്‍.ഡി.പി.എസ് കേസുകളില്‍ 167 കേസുകളും സിന്തറ്റിക് ലഹരി കേസുകളാണ്. ഒരു വര്‍ഷത്തിനിടെയാണ് സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമായത്. മുമ്പ് സിനിമാതാരങ്ങളും മറ്റും ഉപയോഗിച്ചിരുന്ന എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ ഇപ്പോള്‍ നാട്ടിന്‍പുറങ്ങളിലും വ്യാപകമായി. ഏതാനും ദിവസം മുമ്പ് എല്‍.എസ്.ഡി സ്റ്റാമ്പും എം.ഡി.എം.എയുമായി ആറ് വിദ്യാര്‍ത്ഥികളാണ് റൂറല്‍ പൊലീസിന്റെ പിടിയിലായത്. കഞ്ചാവിനെക്കാള്‍ കൊണ്ടുനടക്കാനും ഉപയോഗിക്കാനും എളുപ്പമായതിനാലാണ് സിന്തറ്റിക് ലഹരികള്‍ കൗമാരക്കാരെ ആകര്‍ഷിക്കുന്നത്.

ദുര്‍ഗന്ധമില്ലാത്തതും കൂടുതല്‍ സമയം ലഹരി ലഭിക്കുന്നതും എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പും പോലുള്ള കൃത്രിമ ലഹരി വസ്തുക്കളുടെ ഡിമാന്റും കൂട്ടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് വിപണനം. ഗൂഗിള്‍ പേ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ തെളിവ് സഹിതം പിടികൂടലും ദുഷ്‌കരമാണ്.

അന്താരാഷ്ട്ര വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള വീര്യമേറിയ മയക്കുമരുന്നാണ് മാക്‌സ് ജെല്ലി എക്സ്റ്റസിഎന്നറിയപ്പെടുന്ന എം.ഡി.എം.. ഈ ഇനത്തില്‍പ്പെട്ട 10 ഗ്രാം മയക്കുമരുന്ന് പോലും കൈവശം വയ്‌ക്കുന്നത് 20 വര്‍ഷം വരെ കഠിന തടവ് കിട്ടാവുന്ന കുറ്റമാണ്. ഏറ്റവും വിഷമുള്ള മാക്സ് ജെല്ലി ഫിഷിന്റെ പ്രതീകാത്മകമായാണ് മാക്‌സ് ജെല്ലി എക്സ്റ്റസിഎന്നറിയപ്പെടുന്നത്. വെറും ഒരു മൈക്രോ ഗ്രാം ഉപയോഗിച്ചാല്‍ 48 മണിക്കൂര്‍ ഉന്മാദാവസ്ഥയാണ്. അളവും ഉപയോഗക്രമവും പാളിയാല്‍ മരണവും സംഭവിക്കാം. ഗോവ, ബംഗളൂരു, ചെന്നൈ കേന്ദ്രീകരിച്ചാണ് ഇവ കേരളത്തിലെത്തുന്നത്. ചെറിയ തുകയ്ക്ക് വലിയ അളവില്‍ ലഹരിമരുന്ന് വാങ്ങി ഇവിടെ എത്തിച്ച്‌ വന്‍വിലയ്‌ക്ക് വില്‍ക്കുന്നതാണ് രീതി. പെണ്‍കുട്ടികളടക്കം ഇത്തരം ലഹരി മാഫിയ സംഘത്തിലെ കാരിയര്‍മാരാകുന്നുണ്ട്. ഇവയുടെ ചെറിയ അളവിലുള്ള ഉപയോഗം ഹൃദ്രോഗം, ഓര്‍മ്മക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകല്‍, കാഴ്‌ചക്കുറവ് എന്നിവയുണ്ടാക്കും.

സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍‌ദ്ധിച്ചുവെന്നത് സത്യമാണ്. മാരക ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും കണ്ടെത്താന്‍ പൊലീസും എക്സൈസും പരിശോധനകള്‍ ശക്തമാക്കി. ഉപയോഗം കൂടുമ്ബോള്‍ കേസുകളും കൂടുന്നു. അദ്ധ്യയന വര്‍ഷം തുടങ്ങാനിരിക്കെ ജില്ലയില്‍ ശക്തമായ പരിശോധനയ്‌ക്കുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണ്

ഷീന്‍ തറയില്‍,​ അസി. കമ്മിഷണ‌ര്‍,​ ന‌ാര്‍ക്കോട്ടിക്‌സ് സെല്‍,​ തിരുവനന്തപുരം

 

 

Related Articles

Back to top button