Uncategorized

ജാഗ്രത പാലിച്ചില്ലെങ്കിൽ മൂന്നാം തരംഗം എട്ട് ആഴ്ചയ്ക്കുള്ളിൽ

“Manju”

ന്യൂഡൽഹി: കൊറോണ രണ്ടാം തരംഗത്തിൽ രാജ്യത്ത് രോഗവ്യാപന തീവ്രത കുറഞ്ഞതിന് പിന്നാലെ മൂന്നാം തരംഗവുമായി ബന്ധപ്പെട്ട മുന്നറിയിപ്പും ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവിദഗ്ധർ. ജനങ്ങൾ ജാഗ്രത കൈവിട്ടാൽ ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ കൊറോണ വൈറസിന്റെ മൂന്നാം തരംഗം രാജ്യത്ത് ഉണ്ടാകുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ മുന്നറിയിപ്പ് നൽകി.

രോഗികളുടെ എണ്ണം ഉയർന്നാൽ കർശന നിരീക്ഷണവും മേഖലകൾ തിരിച്ചുളള ലോക്ഡൗണുകളും ഏർപ്പെടുത്താൻ മടിക്കരുതെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു. ഹോട്ട് സ്‌പോട്ടുകളിൽ ശക്തമായ നിരീക്ഷണം അനിവാര്യമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിലെത്തുന്ന മേഖലകൾ പ്രത്യേകം നിരീക്ഷിക്കണം. ഇവിടങ്ങളിൽ ടിപിആർ വീണ്ടും ഉയരുകയാണെങ്കിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും മേഖല തിരിച്ചുളള ലോക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്യണമെന്ന് രൺദീപ് ഗുലേറിയ വ്യക്തമാക്കി.

ജനസംഖ്യയിൽ നിശ്ചിതശതമാനം പേർക്ക് വാക്‌സിനെടുത്താലും ആളുകൾ കൊറോണ പ്രതിരോധ പെരുമാറ്റം ഉപേക്ഷിക്കാൻ പാടില്ല. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നത് ഇതിൽ പ്രധാനമാണെന്നും ഗുലേറിയ വ്യക്തമാക്കി. വാക്‌സിനേഷന്റെ യഥാർത്ഥ ഗുണം ലഭിക്കുന്നതു വരെ അടുത്ത ഘട്ടം രോഗവ്യാപനത്തെ തടയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിന് വേണ്ടി എല്ലാവരും ജാഗ്രത പാലിക്കേണ്ടതുണ്ട്.

മൂന്നാം തരംഗത്തിൽ പ്രാദേശിക ലോക്ഡൗൺ പ്രഖ്യാപിച്ചാലും രോഗവ്യാപനം തടയാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ കൂടുതൽ മോശമാക്കും. കുട്ടികളിലാകും മൂന്നാം തരംഗം കൂടുതൽ വ്യാപിക്കുകയെന്ന കാര്യത്തിൽ മതിയായ തെളിവുകൾ ഇല്ലെന്നും രൺദീപ് ഗുലേറിയ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ കൊറോണയുടെ മൂന്നാം തരംഗം ഉണ്ടാകാൻ സാദ്ധ്യത ഏറെയാണെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രസർക്കാരും ഇത് പ്രതിരോധിക്കുന്നതിനുളള മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ റോയിട്ടേഴ്‌സ് നടത്തിയ സ്‌നാപ്പ് സർവ്വേയിൽ ഒക്ടോബറോടെ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നു.

Related Articles

Back to top button