India

ഡൽഹി സ്‌ഫോടനം:നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ

“Manju”

ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ. ഡൽഹി പോലീസിലെ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരാണ് സ്‌ഫോടനത്തിൽ പങ്കുള്ള ഇവരെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികളെ ഡൽഹി ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. ജമ്മുകശ്മീർ സ്വദേശികളായ വിദ്യാർത്ഥികളാണ് പിടിയിലായത്.

ഡൽഹിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. ഇവർക്കെതിരെ പ്രത്യേകം എഫ്‌ഐആർ രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി. ജനുവരി 29നാണ് ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടന സമയം ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഇസ്രായേൽ എംബസിയ്ക്ക് 150 മീറ്റർ അകലെയായിട്ടായിരുന്നു സ്‌ഫോടനം ഉണ്ടായത്. തീവ്രത കുറഞ്ഞ സ്‌ഫോടനമായതിനാൽ ആളപായം ഉണ്ടാകുകയോ ആർക്കും പരിക്കേൽക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഉയർന്ന സുരക്ഷാ മേഖലയിലാണ് സ്‌ഫോടനം നടന്നത്. ഇസ്രായേൽ എംബസിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സ്‌ഫോടനമാണ് നടന്നതെന്നാണ് അധികൃതരുടെ നിഗമനം.

Related Articles

Back to top button