IndiaLatest

ഗോവ അപകടം: മക്കള്‍ മരിച്ചതറിയാതെ അച്ഛനും അമ്മയും

മക്കള്‍ മരിച്ചതറിയാതെ പൊടിയനും തങ്കച്ചിയും

“Manju”

ആറാട്ടുപുഴ: ഓമനിച്ചുവളര്‍ത്തിയ രണ്ട്​ മക്കളും മരിച്ച സങ്കടവാര്‍ത്ത മാതാപിതാക്കളോട് പറയാന്‍ ബന്ധുക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ ധൈര്യം വന്നില്ല.
കഴിഞ്ഞ ദിവസം രാത്രി ഗോവയില്‍ വാഹനാപകടത്തില്‍ മരിച്ച മൂന്ന് യുവാക്കളില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ പൊടിയന്‍-തങ്കച്ചി ദമ്പതികളുടെ മക്കളായ വിഷ്ണു (27), കണ്ണന്‍ (24) എന്നിവരുടെ വിയോഗ വാര്‍ത്ത രാത്രി വൈകിയും മാതാപിതാക്കളെ അറിയിച്ചിട്ടില്ല.
മത്സ്യത്തൊഴിലാളിയായ പൊടിയ​ന്റെ പ്രതീക്ഷയായിരുന്നു വിഷ്ണുവും കണ്ണനും. മക്കള്‍ പഠിച്ചുവലുതാകുന്നത് കണ്ട് പൊടിയനും തങ്കച്ചിയും ഏറെ സന്തോഷിച്ചു. പ്രതിസന്ധികള്‍ക്കിടയില്‍ ഏറെ കഷ്ടപ്പെട്ട് പഠിച്ച്‌ 19ാം വയസ്സില്‍ വിഷ്ണു നേവിയില്‍ ജോലി നേടി. വീടിനടുത്തുതന്നെ 18 സെന്‍റ് സ്ഥലവും അതില്‍ വീടും നിര്‍മിച്ചുവരുകയാണ്​. നാട്ടില്‍തന്നെയുള്ള നല്ലാണിക്കല്‍ സ്വദേശിനിയുമായി വിഷ്ണുവി‍െന്‍റ വിവാഹം മാര്‍ച്ച്‌ 23ന് നടത്താനും നിശ്ചയിച്ചിരുന്നു. ഒരുമാസം മുമ്ബ് അവധിക്ക് നാട്ടിലെത്തിയ വിഷ്ണു വീട് നിര്‍മാണം പെട്ടെന്ന് തീര്‍ക്കാനുള്ള പരിശ്രമത്തിലായിരുന്നു. വിവാഹത്തോടെ പുതിയ വീട്ടിലേക്ക് മാറാനുള്ള തയാറെടുപ്പിലായിരുന്നു.
ബിരുദത്തിനുശേഷം പൊലീസ് ടെസ്റ്റ് എഴുതാനുള്ള പരിശ്രമത്തിലായിരുന്നു കണ്ണന്‍. വിഷ്ണുവിനോടൊപ്പം നിഴലായി സഹോദരന്‍ കണ്ണനും ഉണ്ടായിരുന്നു. വിഷ്ണു അവധിക്ക് നാട്ടില്‍വന്നാല്‍ ഇവര്‍ ഒരുമിച്ച്‌ മാത്രമേ എവിടെയും പോകുക. നല്ല സ്വഭാവത്തിന് ഉടമകളായിരുന്നു ഇവരെന്ന് നാട്ടുകാര്‍ പറഞ്ഞു. അവസാന യാത്രയിലും അവര്‍ ഒരുമിച്ചു. ചൊവ്വാഴ്ചയാണ് ഇവര്‍ ഗോവയിലേക്ക് തിരിച്ചത്. യാത്രക്കൊരുങ്ങി നില്‍ക്കുന്ന മക്കള്‍ക്ക്​ ചോറുവാരിക്കൊടുത്താണ് തങ്കച്ചി യാത്രയാക്കിയത്.
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ദേശീയപാത 66 ബിയില്‍ സുവാരി ഗേറ്റിനു സമീപം ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിഷ്ണു, കണ്ണന്‍, വലിയഴീക്കല്‍ അയ്യത്ത് തെക്കതില്‍ ചന്ദ്രദാസ് -മിനി ദമ്ബതികളുടെ മകന്‍ നിതിന്‍ ദാസ്​ (25) എന്നിവരാണ്​ മരിച്ചത്​. ഇവരുടെ സുഹൃത്തുക്കളായ വലിയഴീക്കല്‍ തെക്കടത്ത് അഖില്‍ (24) പുത്തന്‍പറമ്ബില്‍ വിനോദ് കുമാര്‍ (24) എന്നിവരെ ഗുരുതര പരിക്കുകളോടെ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button