KeralaLatest

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് കൂട്ടസ്ഥലംമാറ്റം

“Manju”

കൊല്ലം: കൊവിഡിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്കൂളുകളിലെ അദ്ധ്യാപകരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ഇന്നലെയാണ് ദേവസ്വം ബോര്‍ഡിന് കീഴിലുളള സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് അപ്രതീക്ഷിതമായ സ്ഥലം മാറ്റ ഉത്തരവുണ്ടായത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്കൂളുകളില്‍ അധികവും മദ്ധ്യകേരളത്തിലാണ്. ഓണ്‍ലൈന്‍ ക്ളാസുകളുടെയും സ്കൂളിലെ വിവിധ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുള്‍പ്പെടെയുള്ള പ്രോജക്ടുകളുടെയും ചുമതലകള്‍ വഹിച്ചിരുന്ന അദ്ധ്യാപകരെയാണ് അദ്ധ്യന വര്‍ഷം ആരംഭിച്ചശേഷം ആലപ്പുഴ,​ കോട്ടയം ,​ പത്തനംതിട്ട ജില്ലകളിലുള്ള വിദൂര സ്കൂളുകളിലേക്ക് മാറ്റിയത്. ദേവസ്വം ബോര്‍ഡ് സ്കൂളുകളില്‍ മിക്കയിടത്തും പ്യൂണ്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പ്യൂണ്‍മാരുടെ ജോലികളും ശമ്പള ബില്‍ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള അത്യാവശ്യം ക്ളറിക്കല്‍ ജോലികളും അദ്ധ്യാപകര്‍ തന്നെയാണ് നിര്‍വ്വഹിച്ചിരുന്നത്.

ദേവസ്വം സ്കൂളുകളിലെ അദ്ധ്യാപകരില്‍ അഞ്ചോ ആറോ പേര്‍ മാത്രമാണ് ഈ അക്കാഡമിക് ഇയറില്‍ സ്ഥലം മാറ്റത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നത്. അപേക്ഷ നല്‍കിയവര്‍ക്കും സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്കും പുറമേ മറ്റ് അദ്ധ്യാപകരെ കൂടി സ്ഥലം മാറ്റിയ നടപടി അദ്ധ്യാപക സംഘടനയുടെയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ഒരു സ്കൂളിലെ പ്രഥമാദ്ധ്യാപികയുടെ സ്വാര്‍ത്ഥ താല്‍പ്പര്യമാണ് ഉന്നത ദേവസ്വം ജീവനക്കാരുടെ അറിവോടെയുള്ള കൂട്ടസ്ഥലംമാറ്റത്തിന് പിന്നിലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

കൊവിഡ് വ്യാപനവും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും കാരണം ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അകാരണമായി അദ്ധ്യാപകരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടിയുണ്ടായിരിക്കുന്നത്. അപ്രതീക്ഷിതമായ സ്ഥലം മാറ്റനടപടികള്‍ അദ്ധ്യാപകരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സ്ഥലം മാറ്റത്തിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ – ദേവസ്വം മന്ത്രിമാര്‍ക്കും ബോര്‍ഡിനും പരാതി നല്‍കാനാണ് അദ്ധ്യാപക സംഘടനകളുടെ തീരുമാനം.

Related Articles

Back to top button