India

കാർഷിക നിയമം: ഹരിയാന രാജ്ഭവൻ മാർച്ചിൽ സംഘർഷം

“Manju”

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന സമരക്കാർ ഹരിയാന രാജ് ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പഞ്ച്ഗുല – ചണ്ഡീഗഡ് അതിർത്തിയിൽ വെച്ചാണ് സംഘർഷം ഉണ്ടായത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ സമരക്കാർ തകർത്തു. തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകുന്നതിനാണ് സമരക്കാർ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പഞ്ച്ഗുലയിൽ നിന്ന് പതിനൊന്ന് കിലോമീറ്റർ മാർച്ച് നടത്തിയാണ് പ്രതിഷേധക്കാർ രാജ്ഭവനിലേക്ക് എത്തിയത്. സമരത്തിന്റെ ഏഴാം മാസം തികയുന്നതിന്റെ ഭാഗമായാണ് പ്രതിഷേധക്കാർ രാജ്യവ്യാപകമായി ഇന്ന് രാജ് ഭവനുകൾ ഉപരോധിക്കുന്നത്.

അതിനിടെ ഇന്നത്തെ പ്രതിഷേധത്തെ പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐ അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഡൽഹി പോലീസിന്റേയും വിമാനത്താവളങ്ങളുടേയും മെട്രോയുടേയും സുരക്ഷാ ചുമതലയുളള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനും ഇതുസംബന്ധിച്ച് ഇന്റലിജൻസ് കത്തയച്ചു. സുരക്ഷാ സേനകളെ പ്രകോപിപ്പിച്ചുകൊണ്ട് കർഷക സമരത്തെ അട്ടിമറിക്കാൻ പാകിസ്താൻ ആസ്ഥാനമാക്കിയുളള ഐഎസ്‌ഐ ശ്രമം നടത്തും എന്നാണ് കത്തിൽ ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കിയിരിക്കുന്നത്.

രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മൂന്ന് മെട്രോ സ്‌റ്റേഷനുകൾ അടച്ചിടാൻ ഡിഎംആർസി തീരുമാനിച്ചിട്ടുണ്ട്. വിശ്വവിദ്യാലയ, സിവിൽ ലൈൻസ്, വിധാൻ സഭ മെട്രോ സ്‌റ്റേഷനുകളാണ് താൽക്കാലികമായി അടച്ചിടുന്നത്. നാളെ ഉച്ചയ്ക്ക് 2 മണി വരെ ഈ മെട്രോ സ്‌റ്റേഷനുകൾ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു.

Related Articles

Back to top button