International

അഫ്ഗാനുമായുള്ള സമാധാന കരാറിനെ മാനിക്കണം: താലിബാൻ

“Manju”

കാബൂൾ: അഫ്ഗാനുമായുണ്ടാക്കിയ സമാധാന കരാറിനെ അമേരിക്ക മാനിക്കണമെന്ന ആവശ്യവുമായി താലിബാൻ രംഗത്ത്. ആക്രമണം നടത്തുന്ന ഭീകരർക്കെതിരെ അമേരിക്ക സൈനിക നീക്കം നടത്തിയതാണ് താലിബാനെ സമ്മർദ്ദത്തിലാക്കിയത്. 2020 ഫെബ്രുവരിയിലെ സമാധാന കരാർ ലംഘിച്ച് താലിബാൻ ഭീകരർ ആക്രമണം തുടരുന്നതിനിടെയാണ് അമേരിക്ക അഫ്ഗാൻ സൈന്യത്തിനൊപ്പം ചേർന്ന് പ്രത്യാക്രമണം നടത്തിയത്.

സൈന്യം ദുർബ്ബലമായ മേഖലകൾ പിടിച്ചെടുക്കാനാണ് താലിബാന്റെ ഉദ്ദേശ്യം. ഇത് തടയാനായിരുന്നു അമേരിക്കൻ ആക്രമണം. അമേരിക്കൻ ഡ്രോണുകൾ നടത്തിയ വ്യോമാക്രമണത്തിൽ 35ലേറെ ഭീകരരും മൂന്ന് കമാന്റർമാരും കൊല്ലപ്പെട്ടത് താലിബാന് തിരിച്ചടിയായി.

സമാധാന കരാർ പ്രകാരം അഫ്ഗാൻ ഭരണകൂടം താലിബാൻ ഭീകരരായ 5000 പേരെ തടവിൽ നിന്നും മോചിപ്പിച്ചിരുന്നു. എന്നാൽ ഇനിയും താലിബാനികളെ മോചിപ്പിക്കാനുണ്ടെന്നാണ് ഭീകരർ പറയുന്നത്. സെപ്തംബറിൽ പിന്മാറാനിരിക്കുന്ന അമേരിക്കൻ സൈന്യം ആദ്യം തടവുകാരെ മോചിപ്പിക്കാൻ നടപടി കൈക്കൊള്ളണമെന്നും താലിബാൻ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.താലിബാൻ അധികാരം പിടിക്കാതിരിക്കാൻ അഫ്ഗാനിലെ സാധാരണക്കാരും ഗ്രാമവാസികളും സ്വന്തമായി സൈന്യം രൂപീകരിക്കുന്നുണ്ട് നൂറുകണക്കിന് ചെറുപ്പക്കാരാണ് തങ്ങളുടെ ഗ്രാമങ്ങളുടെ രക്ഷ സ്വയം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടുള്ളത്. ഹെറാത് , പാത്കിയ, ഘോർ, കുന്ദൂസ് പ്രവിശ്യകളിൽ തദ്ദേശീയ ജനതയുടെ പ്രതിരോധം താലിബാനെതിരെ ശക്തമാവുകയാണ്.

ജോബൈഡനും അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനിയും അഫ്ഗാൻ കൗൺസിൽ മേധാവി അബ്ദുള്ള അബ്ദുള്ളയും തമ്മിൽ നടത്തിയ ചർച്ചകളിൽ തുടർനടപടികളുടെ ഭാഗമായി നിരവധി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ മേഖലയിൽ താലിബാൻ ഭീകരത ശക്തിപെടുമെന്ന് സഖ്യസേന നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. അഫ്ഗാനിലുള്ളിടത്തോളം കാലം താലിബാൻ ഭീകരരെ നേരിടുമെന്ന സൂചനയാണ് അമേരിക്ക ഡ്രോൺ ആക്രമണത്തിലൂടെ നൽകിയത്.

Related Articles

Back to top button