LatestThiruvananthapuram

“വിശുദ്ധ ചാവറയച്ചന്‍” സിനിമയ്ക്കുവേണ്ടി സ്വാമി സ്നേഹാത്മജ്ഞാന തപസ്വി പാടിയ ഗാനം ഹിറ്റ്

“Manju”

തിരുവനന്തപുരം: വിശുദ്ധ ചാവറയച്ചന്‍ സിനിമയ്ക്കുവേണ്ടി ശാന്തിഗിരി ആശ്രമത്തിലെ സന്യാസി പാടിയ ഗാനം ഹിറ്റ്. ‘കര്‍മ്മസാഗരം- വിശുദ്ധ ചാവറയച്ചന്‍’ എന്ന പേരില്‍ സിനിമയൊരുങ്ങുന്നതും അതിനുവേണ്ടി സന്യാസി പാടിയതുമൊക്കെ നേരത്തെതന്നെ ചര്‍ച്ചയായെങ്കിലും സ്വരസാന്നിദ്ധ്യം ശ്രദ്ധേയമായത് ഗാനം പുറത്തിറക്കിയതോടെയാണ്. പാട്ട് പുറത്തിറങ്ങിയതോടെ ഗാനത്തിന്റെ മധുരിമ തിരിച്ചറിയുകയും ദിവസങ്ങള്‍കൊണ്ടുതന്നെ പാട്ട് ഹിറ്റാകുകയും ചെയ്തു.

“ഇരുളലകള്‍ പുലരിക്കായ് കാതോര്‍ത്തു നിന്നു, ഹിമകളില്‍ അഗ്നി പുഷ്പം വിടരാന്‍….” എന്ന ഗാനമാണ് ശാന്തിഗിരി ആശ്രമത്തിന്റെ മധുര, ചെന്നൈ മേഖലയുടെ ചുമതലക്കാരനായ സ്വാമി സ്നേഹാത്മജ്ഞാന തപസ്വി പാടിയത്.

മെഹ്ബൂബ് സല്‍മാന്‍, ഹാഷിം, പൂജിതാമേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ‘വിശുദ്ധ ചാവറയച്ചന്‍’ സിനിമ പൂര്‍ത്തിയായെങ്കിലും, കൊവിഡിന്റെ പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോവുകയാണ്. അജി.കെ.ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കഥയും തിരക്കഥയുമെഴുതിയ അനില്‍ ചേര്‍ത്തലതന്നെ എഴുതിയ അഞ്ച് ഗാനങ്ങളാണുള്ളത്. ഇതില്‍ ചാവറ അച്ചന്റെ ജനനം മുതലുള്ള ഭാഗം കാണിക്കുന്ന ശ്രദ്ധേയമായ പാട്ടിനാണ് സ്വാമി സ്നേഹാത്മജ്ഞാന തപസ്വിയുടെ സ്വരമാധുര്യം പകര്‍ന്നത്. ഗിരീഷ് നാരായണന്റെതാണ് സംഗീതം.

പൂര്‍വാശ്രമത്തിലെ സ്നേഹ ഗായകന്‍
ഗാനമേളകള്‍ക്കും നാടകങ്ങള്‍ക്കുമൊക്കെ പാടിനടന്ന ഒരു കാലമുണ്ടായിരുന്നു ആ ചെറുപ്പക്കാരന്. ചേര്‍ത്തലയിലെ അറിയപ്പെടുന്ന ഗായകനായിരുന്നു അദ്ദേഹം. കൊച്ചിന്‍ കലാകേന്ദ്രമെന്ന നാടക ട്രൂപ്പിലെ പ്രധാന ഗായകനും, സി.പി.എം ഗായക സംഘത്തിലെ അംഗവുമായിരുന്നു. 1995ല്‍ ബ്രഹ്മചാരിയായി. 1999ല്‍ സന്യാസിയായി. അതോടെ സ്നേഹാത്മജ്ഞാന തപസ്വിയെന്ന പേര് സ്വീകരിച്ചു. സംഗീത പരിപാടികളില്‍ നിന്നൊക്കെ അകലം പാലിച്ചു. ഉത്സവ പറമ്പുകളില്‍ ഉടപ്പടെ നിറഞ്ഞുനിന്നിരുന്ന യുവഗായകനെ ക്രമേണ നാടുമറന്നു. എന്നാല്‍,​ ശാന്തിഗിരിയുടെ വിശ്വാസ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ആത്മീയ കാര്യങ്ങള്‍ക്കുമായി ഇടപെടുന്നതിനിടയിലും സ്വാമി സംഗീതം ഉപേക്ഷിച്ചില്ല. ആല്‍ബങ്ങള്‍ക്കായി അമ്പതില്‍പ്പരം പാട്ടുകള്‍ പാടിയിട്ടുള്ള സ്വാമിക്ക് യേശുവിനെയും നബിയെയും അയ്യപ്പനെയും സ്തുതിച്ചുള്ള പാട്ടുകള്‍ പാടിയും ഹിറ്റാക്കിയ ചരിത്രവുമുണ്ട്. ക്രിസ്മസ് നാളുകളില്‍ കോട്ടയം തിരുനക്കര മൈതാനത്തെ മതസൗഹാര്‍ദ്ദ സമ്മേളനങ്ങളില്‍ മിക്ക വര്‍ഷങ്ങളിലും പാടാറുണ്ടായിരുന്നു. ഒട്ടേറെ വിദേശ രാജ്യങ്ങളില്‍ സത്സംഗ് അവതരിപ്പിച്ചു. എന്നാല്‍,​ ആദ്യമായാണ് പിന്നണി ഗായകനാകുന്നത്.

Related Articles

Back to top button