IndiaLatest

ആരോഗ്യം’ തിരിച്ചുപിടിക്കാന്‍ 6 ലക്ഷം കോടിയുടെ ആശ്വാസപാക്കേജ്‌

“Manju”

ന്യൂഡല്‍ഹി: രണ്ടാം കോവിഡ്‌ തരംഗത്തിന്റെ പ്രഹരശേഷിയില്‍ വീണുടഞ്ഞ സമ്പദ്‌വ്യവസ്‌ഥയെ കരകയറ്റാന്‍ ആരോഗ്യ, വിനോദസഞ്ചാര മേഖലകള്‍ക്ക്‌ പ്രത്യേക ഊന്നല്‍ നല്‍കി 6.28 ലക്ഷം കോടി രൂപയുടെ എട്ട്‌ പുതിയ ആശ്വാസപദ്ധതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. വ്യവസായികള്‍ക്കും വ്യക്‌തികള്‍ക്കുമുള്ള വമ്ബന്‍ പാക്കേജുകളാണ്‌ പ്രഖ്യാപനത്തില്‍.
കോവിഡിനെത്തുടര്‍ന്നു കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ പാക്കേജിന്റെ തുടര്‍ച്ചയായി കോവിഡ്‌ ബാധിത മേഖലകള്‍ക്ക്‌ 1.1 ലക്ഷം കോടി രൂപ വായ്‌പാഗ്യാരണ്ടിയിലും 1.5 ലക്ഷം കോടി രൂപ എമര്‍ജന്‍സി ക്രെഡിറ്റ്‌ ലൈന്‍ ഗ്യാരണ്ടി പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്‌.
പൊതുജനാരോഗ്യമേഖലയ്‌ക്ക്‌ 23,000 കോടി രൂപയുടെ പദ്ധതിയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. കോവിഡില്‍ തകര്‍ന്ന വിനോദസഞ്ചാര മേഖലയ്‌ക്കു കൈത്താങ്ങേകാന്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക്‌ 10 ലക്ഷം രൂപവരെ വായ്‌പയും ടൂറിസ്‌റ്റ്‌ ഗൈഡുമാര്‍ക്ക്‌ ഒരു ലക്ഷം രൂപ വീതം വായ്‌പയും വാഗ്‌ദാനം ചെയ്യുന്നു. വിനോദസഞ്ചാര നടപടികള്‍ തുടങ്ങുമ്ബോള്‍ ആദ്യ അഞ്ചുലക്ഷം വിനോദസഞ്ചാരികള്‍ക്ക്‌ സൗജന്യടൂറിസ്‌റ്റ്‌ വിസ നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്‌.
പ്രധാന പ്രഖ്യാപനങ്ങള്‍ : 1.1 ലക്ഷം രൂപയുടെ വായ്‌പാ ഗ്യാരണ്ടി പദ്ധതി: ആരോഗ്യമേഖലയ്‌ക്ക്‌ 50000 കോടി രൂപയും മറ്റുമേഖലകള്‍ക്ക്‌ 60000 കോടി രൂപയും. സേവനമെത്താത്ത മേഖലകളില്‍ മെഡിക്കല്‍ അടിസ്‌ഥാനസൗകര്യമുയര്‍ത്തുന്നതിനാവും ആരോഗ്യമേഖലയ്‌ക്കുള്ള വായ്‌പ. പലിശനിരക്ക്‌ 7.95 ശതമാനത്തില്‍ നിജപ്പെടുത്തിയിട്ടുണ്ട്‌. മറ്റുമേഖലകളില്‍ 8.25 ശതമാനമായിരിക്കും വാര്‍ഷിക പലിശ.
പുതിയ വായ്‌പാഗ്യാരണ്ടി പദ്ധതി: ഇടത്തരം, ചെറുകിട, സൂക്ഷ്‌മ വ്യവസായങ്ങള്‍ക്ക്‌ പിന്തുണ നല്‍കാന്‍. 25 ലക്ഷം ചെറുകിട വായ്‌പക്കാര്‍ക്ക്‌ സൂക്ഷ്‌മ ധനകാര്യസ്‌ഥാപനങ്ങള്‍(എം.എഫ്‌.ഐ.) വഴി ഈടില്ലാതെ വായ്‌പ ലഭ്യമാക്കും. വ്യക്‌തികള്‍ക്ക്‌ നല്‍കാവുന്ന പരാമവധി വായ്‌പ 1.25 ലക്ഷം രൂപ ആര്‍.ബി.ഐ. നിര്‍ദേശിച്ചിട്ടുള്ള പലിശനിരക്കായ രണ്ടുശതമാനത്തില്‍ താഴെ ഈടാക്കി നല്‍കും.
കൂടുതല്‍ തൊഴില്‍ സൃഷ്‌ടിക്കുന്നതിന്‌ കഴിഞ്ഞ ഒക്‌ടോബറില്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത്‌ റോസ്‌ഗാര്‍ പദ്ധതി 2022 മാര്‍ച്ച്‌ 31 വരെ നീട്ടി. പുതിയ തൊഴില്‍ നല്‍കുമ്ബോള്‍ 15,000 രൂപയില്‍ താഴെ ശമ്ബളമുള്ളവരുടെ പി.എഫ്‌. വിഹിതം കേന്ദ്രസര്‍ക്കാര്‍ അടയ്‌ക്കുന്ന പദ്ധതിയാണിത്‌. ജൂണ്‍ 30ന്‌ അവസാനിക്കേണ്ടിയിരുന്ന പദ്ധതി 80000 സ്‌ഥാപനങ്ങളിലെ 21.4 ലക്ഷം തൊഴിലാളികള്‍ക്ക്‌ ഗുണകരമായി എന്ന്‌ ധനമന്ത്രി പറഞ്ഞു.
ശിശുരോഗപരിപാലനത്തിന്‌ ഊന്നല്‍ നല്‍കി ഇടക്കാല അടിയന്തര തയാറെടുപ്പിന്‌ 23,220 കോടി അനുവദിച്ചു. ബജറ്റില്‍ നീക്കിവച്ച 15000 കോടിക്കു പുറമേയാണിത്‌.  എല്ലാ ഗ്രാമത്തിലും ബ്രോഡ്‌ബാന്‍ഡ്‌ എത്തിക്കുന്നതിനായി 19,401 കോടി രൂപ അധികമായി അനുവദിച്ചു.
പരിഷ്‌കരണ അടിസ്‌ഥാനത്തിലുള്ള നവീകരിച്ച വൈദ്യുതി വിതരണ പദ്ധതിക്ക്‌ 3.03 കോടി രൂപ അനുവദിച്ചു. ഇതില്‍ കേന്ദ്രത്തിന്റെ വിഹിതം 97,631 കോടിയായിരിക്കും.  വന്‍കിട ഇലക്‌ട്രോണിക്‌സ്‌ ഉല്‍പന്ന നിര്‍മാണത്തിനുള്ള ഇന്‍സെന്റീവ്‌ പദ്ധതി ഒരുവര്‍ഷം കൂടി നീക്കി. 2020-21ല്‍ ആരംഭിച്ച്‌ അഞ്ചുവര്‍ഷം കൊണ്ടുപൂര്‍ത്തിയാകേണ്ട പദ്ധതി 2025-26 വരെയാണ്‌ നീട്ടിയത്‌. അഞ്ചുവര്‍ഷം കൊണ്ടു പൂര്‍ത്തിയാകേണ്ട 33,000 കോടി രൂപയുടെ പദ്ധതികളുടെ ബാധ്യത ഏറ്റെടുക്കുന്നതിനായി നാഷണല്‍ എക്‌സ്‌പോര്‍ട്ട്‌ ഇന്‍ഷുറന്‍സ്‌ അക്കൗണ്ടിന്‌ അധികസഞ്ചിത നിധി അനുവദിച്ചു.

Related Articles

Back to top button