പ്രളയദുരിത ബാധിതര്‍ക്ക് സഹായമായി ഒന്നര കോടി രൂപ നല്കി പ്രഭാസ്
സിന്ധുമോൾ. ആർ
പ്രളയ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കായി ഒന്നര കോടി രൂപ സംഭാവന ചെയ്ത് തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ്. തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം ഒന്നര കോടി നല്‍കിയത്. നേരത്തെ മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍ ചിരഞ്ജീവി എന്നിവരും വന്‍ തുക സംഭാവന നല്‍കിയിരുന്നു.
നിര്‍മാതാവ് ബിഎ രാജു ആണ് പ്രഭാസ് പ്രളയ ദുരിതബാധിതര്‍ക്കായി ഒന്നര കോടി രൂപ സംഭാവന നല്‍കിയതായി അറിയിച്ചത്. തങ്ങളുടെ പ്രിയ താരം വന്‍ സഹായം പ്രഖ്യാപിച്ചത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇത് ആദ്യമായിട്ടല്ല ദുരിതകാലത്ത് സഹായം നല്കി പ്രഭാസ് ഞെട്ടിക്കുന്നത്. കോവിഡ് മഹാമാരിയെ ചെറുക്കാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം 1 കോടി രൂപ സംഭാവന ചെയ്തിരുന്നു.
ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ നിരവധി പേര് മരിക്കുകയും പലര്‍ക്കും വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. 37,000 കുടുംബങ്ങളെയാണ് പ്രളയം ദുരിതത്തിലാക്കിയത്. ദുരന്ത നിവാരണ സേനയും പൊലീസും ഉള്‍പ്പടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്. ഇതിനോടകം നിരവധി സൂപ്പര്‍താരങ്ങള്‍ തെലുങ്കാനയ്ക്ക് സഹായവുമായി എത്തിയിട്ടുണ്ട്. മഹേഷ് ബാബുവും ചിരഞ്ജീവിയും ഒരു കോടി രൂപ വീതവും ജൂനിയര്‍ എന്‍ടിആറും നാഗാര്‍ജുനയും 50 ലക്ഷം വീതവും സഹായനിധിയിലേക്ക് കൈമാറി