KeralaLatestPalakkad

മഞ്ജുവിന്റെ സ്വപ്‌നങ്ങള്‍ക്ക് ഇനി വിനുരാജിന്റെ കൂട്ട്

“Manju”

പാലക്കാട്: പൊക്കമില്ലായ്മാണ് എന്റെ പൊക്കമെന്ന് കുഞ്ഞുണ്ണിമാഷ് പറഞ്ഞത് പോലെ തന്റെ ശാരീരിക പരിമിതികളെ അതിജീവിച്ച്‌ മഞ്ജു നേടിയ നേട്ടങ്ങള്‍ക്ക് മാനംമുട്ടെ ഉയരമുണ്ട്. ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ വെമ്ബുന്ന മഞ്ജുവിന് കരുത്തായി ഇനിമുതല്‍ വിനുരാജും.പാരാലിംപിക്‌സ് ദേശീയ മെഡല്‍ ജേതാവും ചലച്ചിത്രതാരവുമായ മുണ്ടൂര്‍ നൊച്ചുള്ളി പുത്തന്‍പുരയ്ക്കല്‍ രാഘവന്റെ മകള്‍ മഞ്ജുവാണു 5 വര്‍ഷത്തെ പ്രണയത്തിനും പ്രതിസന്ധികള്‍ക്കും ഒടുവില്‍ കൊടുന്തിരപ്പുള്ളി അത്താലൂര്‍ സ്വദേശി വിനുരാജിനെ വിവാഹം കഴിച്ചത്.
കല്ലേക്കാട് മൊബൈല്‍ ഷോപ്പ് നടത്തുന്ന വിനുരാജിനെ മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ പോയപ്പോഴാണു കണ്ടുമുട്ടിയത്. 5 വര്‍ഷത്തെ പ്രണയത്തിനു മുന്നില്‍ തടസ്സങ്ങളെല്ലാം മാറി ഇന്നലെ യാക്കര വിശ്വേശ്വര ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മുപ്പത്തിമൂന്നുകാരി മഞ്ജുവിനു മുപ്പത്താറുകാരന്‍ വിനുരാജ് താലി ചാര്‍ത്തിയതോടെ എല്ലാം ശുഭം.
ഷോട്പുട്, ബാഡ്മിന്റന്‍, ലോങ്ജംപ് മത്സരങ്ങളില്‍ കേരളത്തിനായി 3 സ്വര്‍ണവും രാജ്യത്തിനായി വെള്ളിയും നേടിയ താരം കൂടിയാണ് മഞ്ജു.ഒട്ടേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2018ല്‍ പുറത്തിറങ്ങിയ സൂരജ് എസ്. കുറുപ്പ് സംവിധാനം ചെയ്ത ‘മൂന്നര’ എന്ന സിനിമയിലെ നായികാ വേഷം സിനിമാ ജീവിതത്തില്‍ വഴിത്തിരിവായി. തുടര്‍ന്നു തമിഴ്, മലയാളം ഭാഷകളിലായി പത്തോളം സിനിമകളിലും ആല്‍ബങ്ങളിലും അഭിനയിച്ചു.
മോഹിനിയാട്ടം, ഭരതനാട്യം നര്‍ത്തകി കൂടിയായ മഞ്ജു ഒട്ടേറെ സ്റ്റേജ് ഷോകളിലും പങ്കെടുത്തു. ഹിസ്റ്ററിയില്‍ ബിരുദവും കംപ്യൂട്ടര്‍ കോഴ്‌സില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട് മഞ്ജു.

Related Articles

Back to top button