KeralaLatest

കേരളത്തിന് അനുയോജ്യമായ ജലഗതാഗതം കൂടുതല്‍ ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

“Manju”

കണ്ണൂര്‍: വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ ജലാശയങ്ങളാല്‍ സമൃദ്ധമായ കേരളത്തിന് ഏറ്റവും അനുയോജ്യമാണ് ജലഗതാഗതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴീക്കല്‍ തുറമുഖത്തുനിന്നുള്ള ചരക്കു കപ്പല്‍ സര്‍വീസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സാധ്യത തിരിച്ചറിഞ്ഞു കൊണ്ട് ദേശീയ ജലപാതകളുടെ വികസനത്തിനും ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ പ്രചാരണത്തിനും ആവശ്യമായ നിരവധി പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. കൊച്ചി വാട്ടര്‍ മെട്രോയും രാജ്യത്തു തന്നെ ആദ്യത്തെ സൗരോര്‍ജ ഫെറി ബോട്ടും ഇതിന്റെ ഭാഗമായാണ് ആരംഭിച്ചത്. അവയില്‍ ഏറ്റവും പ്രധാനമാണ് അഴീക്കലില്‍ നിന്നുള്ള തീരദേശ ചരക്കുകപ്പല്‍ സര്‍വീസെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ രണ്ടു തവണ അഴീക്കലില്‍ നിന്ന് ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളെ ബന്ധിപ്പിച്ച്‌ കപ്പല്‍ സര്‍വീസ് നടത്തും. താമസിയാതെ കൊല്ലം തുറമുഖത്തെ കൂടി ഇതിന്റെ ഭാഗമാക്കും. ചരക്കു നീക്കത്തിന് ഏറ്റവും അനുയോജ്യമാണ് ജലഗതാഗതം. റോഡിലെ തിരക്കും അപകടങ്ങളും കുറയ്ക്കാമെന്നതിലുപരി ഒരു കപ്പലില്‍ തന്നെ ഒട്ടേറെ കണ്ടെയിനറുകള്‍ ഒന്നിച്ചു കൊണ്ടുവരാമെന്നതിനാല്‍ വലിയ തോതില്‍ ചെലവും കുറയ്ക്കാനാവും.

അഴീക്കലില്‍ നിന്ന് അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിന് വഴിയൊരുങ്ങുന്നുവെന്നത് വലിയ നേട്ടമാണെന്നും തുറമുഖം ഇതോടെ നല്ല രീതിയില്‍ പ്രവര്‍ത്തന സജ്ജമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വ്യവസായങ്ങളെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ ഇത് സഹായകമാവും. വ്യവസായങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്തെ തുറമുഖങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും. അവയെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ വ്യാപാരികളും വ്യവസായികളും മുന്നോട്ടുവരണം. അഴീക്കലിലെ ചരക്കുകപ്പല്‍ സര്‍വീസില്‍ ഇറക്കുമതിയിലൂടെയും കയറ്റുമതിയിലൂടെയും മറ്റും പങ്കാളികളായ വ്യവസായികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആളുകളെയും മുഖ്യ മന്ത്രി അഭിനന്ദിച്ചു.

Related Articles

Back to top button