IndiaLatest

രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത 16 ശതമാനം പേരിലും ആന്റിബോഡി കണ്ടെത്താനായില്ല; ഐസിഎംആര്‍

“Manju”

ന്യൂഡല്‍ഹി: കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ നിലവിലെ വാക്‌സിനുകള്‍ ഫലപ്രദമാണോയെന്ന സംശയം ഉയരുന്നതിനിടെ, അതു ശരിവയ്ക്കുന്ന വിധത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ പഠന ഫലം. രണ്ടു ഡോസ് വാക്‌സിനും എടുത്ത 16.1 ശതമാനം പേരില്‍ ഡെല്‍റ്റയെ പ്രതിരോധിക്കുന്ന ആന്റിബോഡി കണ്ടെത്താനായില്ലെന്ന് പഠനം പറയുന്നു.

രണ്ട് ഡോസുകളും എടുത്ത് രണ്ടാഴ്ച തികയുമ്പോഴാണ് സാധാരണഗതിയില്‍ ഒരാള്‍ക്ക് കോവിഡിനെതിരെ പരമാവധി പ്രതിരോധ ശേഷി കൈവരിക. എന്നാല്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരെ ഇതു ഫലപ്രദമാണോയെന്ന സംശയം പല കോണുകളില്‍നിന്നു ഉയര്‍ന്നിരുന്നു.

രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ എടുത്തിട്ടും 16.1 ശതമാനം പേരുടെ ശരീരത്തില്‍ കോവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരായ ന്യൂട്രലൈസിങ്ങ് ആന്റിബോഡികള്‍ കണ്ടെത്താനായില്ലെന്ന് ഐസിഎംആര്‍ പഠനം ചൂണ്ടിക്കാണിക്കുന്നു. ആദ്യ ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ മാത്രമെടുത്തവരുടെ സെറം സാംപിളുകളില്‍ 58.1 ശതമാനത്തിലും ന്യൂട്രിലൈസിങ്ങ് ആന്റിബോഡികള്‍ കണ്ടെത്തിയില്ലെന്നും പഠനം പറയുന്നു.

ആന്റിബോഡികള്‍ കണ്ടെത്താന്‍ സാധിക്കാത്തത് അവയുടെ അള വു കുറയായതിനാലാകാം എന്നാണ് വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം. രോഗത്തെ പ്രതിരോധിക്കാന്‍ കഴിയും വിധം ആന്റിബോഡികള്‍ ഒരുപക്ഷേ ശരീരത്തില്‍ കണ്ടേക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം പ്രായമായ പുരുഷന്മാരിലും അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, കിഡ്‌നി, ശ്വാസകോശ രോഗം, കാന്‍സര്‍ തുടങ്ങിയവ ഉള്ളവരിലും ആന്റിബോഡി തോത് പെട്ടെന്ന് കുറയാനുള്ള സാധ്യത വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വകുപ്പ് മുന്‍ അധ്യക്ഷന്‍ ഡോ. ടി. ജേക്കബ് തള്ളിക്കളയുന്നില്ല. ഇവര്‍ക്ക് നിശ്ചിത കാലയളവിന് ശേഷം ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു.

കോവിഡിന്റെ ബി 1 വകഭേദവുമായി താരതമ്യം ചെയ്യുമ്ബോഴാണ് വാക്‌സീന്‍ എടുത്ത ചെറിയൊരു ശതമാനത്തില്‍ ഡെല്‍റ്റ വകഭേദത്തിനെതിരെ ആന്റിബോഡികള്‍ കുറവ് കാണിക്കുന്നത്. ഒരു ഡോസ് വാക്‌സീന്‍ എടുത്തവരില്‍ ബി 1 വകഭേദത്തെ അപേക്ഷിച്ച്‌ ഡെല്‍റ്റയ്‌ക്കെതിരായ ആന്റിബോഡികള്‍ 78 ശതമാനം കുറവാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. രണ്ട് ഡോസും എടുത്തവരില്‍ ഇത് 69 ശതമാനം കുറവാണ്. കോവിഡ് ഉണ്ടായ ശേഷം ഒരു ഡോസ് എടുത്തവരില്‍ ഇത് 66 ശതമാനം കുറവാണ്. കോവിഡ് ഉണ്ടായ ശേഷം രണ്ട് ഡോസ് വാക്‌സീനും എടുത്തവരില്‍ ഇത് 38 ശതമാനം കുറവാണ്. മുന്‍പ് കോവിഡ് ബാധയുണ്ടായിട്ടുള്ളവര്‍ വാക്‌സീന്‍ എടുത്താല്‍ ഉയര്‍ന്ന തോതിലുള്ള ആന്റിബോഡികള്‍ അവരുടെ ശരീരത്തിലുണ്ടാകുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button