IndiaInternationalLatest

പാക് ചാരസംഘടനയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി, ‍പച്ചക്കറിക്കടക്കാരന്‍ പിടിയില്‍

“Manju”

ദില്ലി: പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ഇന്ത്യന്‍ സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ആള്‍ പിടിയില്‍. പൊക്രാനിലെ സൈനിക കേന്ദ്രത്തില്‍ പച്ചക്കറി വിതരണം ചെയ്ത് കൊണ്ടിരുന്ന ഹബീബുള്‍ റഹ്മാന്‍ എന്നയാളെ ആണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചില നിര്‍ണായക രേഖകള്‍ അടക്കം ഇയാള്‍ പാക് ചാരസംഘടനയ്ക്ക് പണത്തിന് വേണ്ടി കൈമാറിയിട്ടുണ്ട് എന്നാണ് സൂചന.
രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയാണ് 34കാരനായ ഹബീബ് ഖാന്‍ എന്ന ഹബീബുള്‍ റഹ്മാന്‍. ചൊവ്വാഴ്ചയാണ് ദില്ലി പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം ഇയാളെ പൊക്രാനില്‍ നിന്നും അറസ്റ്റ് ചെയ്തത്. രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നുളള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.
ഒഫീഷ്യല്‍ സീക്രട്‌സ് ആക്‌ട് പ്രകാരമുളള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തതായി ദില്ലി പോലീസ് ക്രൈം ബ്രാഞ്ച് അറിയിച്ചു. ഇയാളുടെ പക്കല്‍ നിന്നും സൈനിക കേന്ദ്രത്തിന്റെ മാപ്പും മറ്റ് ചില പ്രധാന രേഖകളും പിടിച്ചെടുത്തതായാണ് പോലീസ് പറയുന്നത്. ഈ രേഖകള്‍ ആഗ്രയില്‍ ഉളള സൈനിക ഉദ്യോഗസ്ഥനായ പരംജിത്ത് കൗര്‍ എന്നയാള്‍ നല്‍കിയതാണ് എന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നതെന്നും പോലീസ് പറയുന്നു. ഈ രേഖകള്‍ കമല്‍ എന്നയാള്‍ക്ക് കൈമാറാനിരിക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇയാള്‍ പൊക്രാനിലെ സൈനിക കേന്ദ്രത്തില്‍ പച്ചക്കറികള്‍ വിതരണം ചെയ്ത് വരികയായിരുന്നു. പണം വാങ്ങി നേരത്തെയും ഇയാള്‍ പാക് ചാരസംഘടനയ്ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നതായി അന്വേഷണ സംഘം പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്ന് വരികയാണ്.

Related Articles

Back to top button