KeralaLatest

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം

“Manju”

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും. മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തിൽ ആദ്യ ദിവസം തന്നെ പ്രതിപക്ഷത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയരും. മന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയും എൻസിപിയും തളളിയ സാഹചര്യത്തിൽ അടിയന്തര പ്രമേയം ഉള്‍പ്പടെ കൊണ്ടുവന്ന് പ്രശ്നം സഭയിൽ സജീവമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
പാർട്ടിയുടെ ആഭ്യന്തര പ്രശ്നമാണെന്ന മറുപടി നൽകി പ്രതിരോധിക്കാനാകും മന്ത്രി ശശീന്ദ്രന്റെ ശ്രമം. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭക്കു മുന്നിൽ വിവിധ പ്രതിപക്ഷ സംഘടനകളുടെ സമരവും ഇന്നുണ്ടാകും. ബജറ്റിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പ് തിരിച്ച് ചർച്ച ചെയ്ത് പാസാക്കാനാണ് നിയമസഭ സമ്മേളനം ചേരുന്നത്.
സഭക്ക് പുറത്തും ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകുമെന്ന് ഉറപ്പാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപുമായി ബന്ധപ്പെട്ട വിവാദം സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ തലവേദനയുണ്ടാക്കും. മരം മുറി വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കേണ്ടി വരും.
കോവിഡ് പ്രതിരോധത്തിലും മരണങ്ങളുടെ കണക്കെടുപ്പിലുമൊക്കെ സര്‍ക്കാരിനെതിരെ അശാസ്ത്രീയതയും വീഴ്ചയും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. സഭയിലും അതു ചര്‍ച്ചയാകും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും ഈ സമ്മേളനവും.

Related Articles

Back to top button