Latest

തെരുവ് നായ്‌ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ

“Manju”

കൊച്ചി: തൃക്കാക്കരയിൽ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ നഗരസഭയ്‌ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഹൈക്കോടതി കർശനമായി നിർദ്ദേശിച്ചു.

തെരുവ് നായകളെ കൊന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും. അമിക്കസ്‌ക്യൂറിയുടെ സാന്നിധ്യത്തിൽ പ്രതികളുടെ മൊഴിയെടുക്കണം. സംഭവത്തിൽ പൊതുമുതൽ നശിപ്പിക്കൽ വകുപ്പ് ചുമത്താനാകുമോയെന്ന് പരിശോധിക്കാൻ സർക്കാരിനോടും ഹൈക്കോടതി നിർദേശം നൽകി. അതേസമയം സംഭവത്തിൽ പങ്കില്ലെന്ന് തൃക്കാക്കര നഗരസഭ കോടയിൽ അറിയിച്ചു.

തൃക്കാക്കരയിലെ ഈച്ചമുക്ക് പ്രദേശത്ത് ഇന്നലെ രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. കെഎൽ 40 രജിസ്‌ട്രേഷൻ വാഹനത്തിലെത്തിയ മൂന്നംഗ സംഘം കമ്പികൊണ്ട് നായയുടെ കഴുത്തിൽ കുരുക്കിട്ട ശേഷം വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രദേശത്തെ വീട്ടിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ നഗരസഭയുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് മൂന്നംഗ സംഘം നൽകിയ വിശദീകരണം. എന്നാൽ ഇത്തരത്തിൽ ആരേയും നിയോഗിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ പ്രതികരണം. സംഭവത്തിൽ മൃഗസ്‌നേഹികളുടെ സംഘടനയായ എസ്പിസിഎ നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കേസെടുത്തിരുന്നു. മൂന്നംഗ സംഘത്തിന്റെ കയ്യിൽ നിന്ന് സിറിഞ്ചുകളും വിഷവും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

വളരെ പ്രാകൃതമായി കുരുക്കിട്ട് പിടികൂടുന്ന നായയ്‌ക്ക് ഉഗ്രവിഷമാണ് ഇവർ കുത്തിവെച്ചത്. സൂചി കുത്തിവെച്ച് ഊരിയെടുക്കും മുൻപ് നായ കുഴഞ്ഞുവീണ് ചാവും. കൊലപ്പെടുത്തിയ നായകളെ തൃക്കാക്കര നഗരസഭയോട് ചേർന്നുള്ള പുരയിടത്തിൽ കുഴിച്ചിട്ടതായി ഇവർ സമ്മതിച്ചിട്ടുണ്ട്. ഇവയെ പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തണമെന്ന് മൃഗസംരക്ഷകർ ആവശ്യപ്പെട്ടു. തുടർന്ന് പോസ്റ്റുമോർട്ടത്തിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Related Articles

Back to top button