IndiaKeralaLatestThiruvananthapuram

ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ഗതാഗതം നിയന്ത്രിക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരമായി കൊച്ചി

“Manju”

സിന്ധുമോൾ. ആർ

കൊച്ചി : ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ഗതാഗതം നിയന്ത്രിക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരമായി കൊച്ചി ഇന്ന് മാറും. കേരളത്തിലെ ആദ്യത്തെ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം കൊച്ചിയില്‍ ഇന്ന് മുതല്‍ പ്രാവര്‍ത്തികമാകും. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനാകും. സംവിധാനത്തിന്റെ നിയന്ത്രണ കേന്ദ്രം റവന്യൂ ടവറിലാണ്. നിയമലംഘകരെ കൈയോടെ പിടികൂടാന്‍ കഴിയുന്നതും കാല്‍നട യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതുമാണ് പുതിയ സംവിധാനം. സ്മാര്‍ട്ട് മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് ടെക്‌നോളജി ബെയ്‌സ്ഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐടിഎംഎസ്) എന്ന പേരിലുള്ള സംവിധാനം കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നത്.

കാല്‍നടക്കാര്‍ക്ക് റോഡ് കുറുകെ കടക്കാന്‍ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കണ്‍ സിഗ്‌നല്‍, നിരീക്ഷണ ക്യാമറകള്‍, ചുവപ്പ് ലൈറ്റ് ലംഘനം നടത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം, നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗതപ്രശ്‌നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍, നിയന്ത്രണ കേന്ദ്രം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി കെല്‍ട്രോണ്‍ സജ്ജമാക്കിയത്.

റഡാര്‍ സംവിധാനം ഉപയോഗിച്ച്‌ വാഹനത്തിരക്ക് അനുസരിച്ച്‌ സ്വയംപ്രവര്‍ത്തിക്കുന്ന സിഗ്‌നല്‍ സംവിധാനം, റോഡ് കുറുകെ കടക്കാനായി കാല്‍നടയാത്രക്കാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കന്‍ സിഗ്‌നലുകള്‍, ഗതാഗത നിയമലംഘനം പിടികൂടാനുള്ള സംവിധാനം, രാത്രിയിലും മോശം കാലാവസ്ഥയിലും ചിത്രങ്ങള്‍ പകര്‍ത്താനാകുന്ന ക്യാമറകള്‍ തുടങ്ങിയവ ഐടിഎംഎസിന്റെ ഭാഗമാണ്. അഞ്ചു വര്‍ഷത്തെ പരിപാലനവും ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവുമുള്‍പ്പെടെ 26 കോടി രൂപയ്ക്കാണ് പദ്ധതി കെല്‍ട്രോണ്‍ നടപ്പാക്കിയത്.

Related Articles

Back to top button