India

2023-24 അദ്ധ്യയന വർഷത്തിൽ കൂടുതൽ മെഡിക്കൽ ബിരുദ കോഴ്‌സുകൾ ആരംഭിക്കും

“Manju”

ന്യൂഡൽഹി: കേന്ദ്ര ഫണ്ടുകൾ വിനിയോഗിച്ച് പുതിയ മെഡിക്കൽ കോളേജുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പതിനാലു സംസ്ഥാനങ്ങളിലെ നിലവിലുള്ള ജനറൽ, റെഫറൽ ആശുപത്രികളോട് ചേർന്നാണ് പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നത്. വിവിധ ബിരുദ കോഴ്‌സുകൾ തുടങ്ങാനുള്ള അനുമതിയും കേന്ദ്രം നൽകി. 2022-23 സാമ്പത്തിക വർഷത്തിൽ മെഡിക്കൽ വിദ്യാഭ്യാസത്തിനും മാനവ വിഭവ ശേഷി വികസന പദ്ധതികൾക്കുമായി 7,500 കോടി രൂപ അനുവദിച്ചതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ വ്യക്തമാക്കി.

14 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ആരോഗ്യ സെക്രട്ടറിമാരും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാരുമായി നടന്ന വീഡിയോ കോൺഫറൻസിലാണ് രാജേഷ് ഭൂഷൻ ഇക്കാര്യം വ്യക്തമാക്കിയത്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, ഹിമാചൽപ്രദേശ്, ഹരിയാന, ഝാർഖണ്ഡ്,ജമ്മു കശ്മീർ, മഹാരാഷ്‌ട്ര,മധ്യപ്രദേശ്, മേഘാലയ, മിസോറം, നാഗാലാൻഡ്, ഒഡീഷ, പഞ്ചാബ് എന്നി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് അവലോകന യോഗത്തിൽ പങ്കെടുത്തത്.

ഉയർന്ന രീതിയിൽ ഊർജ്ജസംരക്ഷണം ഉറപ്പു നൽകുന്ന പദ്ധതികൾ ആവിഷ്‌കരിക്കുന്നത് ഗുണം ചെയ്യുമെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.ഭാവിയിൽ വരാനിരിക്കുന്ന പദ്ധതികൾ പ്രദേശികമായി ലഭ്യമാകുന്ന ഉറവിടങ്ങളും ഹരിത സാങ്കേതിക വിദ്യയിലും അധിഷ്ഠിതമായിരിക്കണം. അനുഭവ സമ്പന്നരായ കമ്പനികളെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുക്കണമെന്നും കൂട്ടിച്ചേർത്തു.

2014 മുതൽ മൂന്നു ഘട്ടങ്ങളിലായി 157 മെഡിക്കൽ കോളേജുകളുടെ നിർമ്മാണങ്ങൾക്കാണ് അനുമതി നൽകിയത്. 2024 മാർച്ച് 31 നു പദ്ധതികളുടെ കാലാവധി അവസാനിക്കുന്നതിനാൽ സമയബന്ധിതമായി പൂർത്തീകരിക്കാനും നിർദേശം നൽകി. 2023-24 അദ്ധ്യയന വർഷത്തിൽ ബിരുദ കോഴ്‌സുകൾ ആരംഭിക്കുമെന്നും അറിയിച്ചു.

Related Articles

Back to top button